ചൊവ്വയിൽ അന്യഗ്രഹജീവികൾ ഇല്ലെങ്കിൽ പിന്നെ മിന്നിത്തിളങ്ങുന്ന ഇതെന്താണ്?

ചൊവ്വാഗ്രഹത്തിലേക്ക് നാം എന്നെത്തിച്ചേരുമെന്ന് ഉറപ്പില്ല; പക്ഷേ മനുഷ്യൻ എത്തും മുൻപേ അവന്റെ ഭാവന ചൊവ്വയെ കീഴ്പ്പെടുത്തിക്കഴിഞ്ഞു. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ചൊവ്വയിൽ നിന്നെത്തുന്ന പറക്കുംതളിക, അന്യഗ്രഹജീവിക്കഥകൾ. ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇതുവരെ നാസ അയച്ച പേടകങ്ങളാണ് ഈ കഥകൾക്ക് ആവശ്യമായ ‘തെളിവുകൾ’ എത്തിച്ചു കൊടുക്കുന്നതും. ഇതുവരെ നാല് പേടകങ്ങൾ((ROVERS) നാസ അയച്ചുകഴിഞ്ഞു. അതിൽ ഏറ്റവും അവസാനത്തേതാണ് ക്യൂരിയോസിറ്റി. ഏകദേശം 900 കിലോഗ്രാം ഭാരം വരുന്ന ഈ പേടകത്തിന്മേൽ ഘടിപ്പിച്ചിരിക്കുന്നത് 17 ക്യാമറകൾ. ‘സെൽഫി’യെടുക്കാൻ പോലും സാധിക്കുന്ന തരത്തിലുള്ള ക്യാമറകളും ഉണ്ട്. 

ചൊവ്വാപ്രതലത്തിന്റെ മനോഹര ചിത്രങ്ങളിലേറെയും ക്യൂരിയോസിറ്റി വഴിയാണ് ഭൂമിയിലെത്തിയത്. 2012 ഓഗസ്റ്റ് ആറിന് ചൊവ്വയിലെ ‘ഗെയ്ൽ’ വിള്ളലിനടുത്ത് ലാൻഡ് ചെയ്ത ക്യൂരിയോസിറ്റി ഇതിനോടകം 1700ലേറെ ദിവസങ്ങൾ ചൊവ്വയിൽ പിന്നിട്ടു കഴിഞ്ഞു. ഒട്ടേറെ ചിത്രങ്ങളും അയച്ചു. അതിനിടെ ഇക്കഴിഞ്ഞ മാർച്ചിൽ ഈ പേടകം ഭൂമിയിലേക്ക് അയച്ച ഒരു ഫോട്ടോയാണ് പുതിയ കഥകൾക്കും വാദങ്ങൾക്കും അടിത്തറയിട്ടിരിക്കുന്നത്. പതിവു പോലെ ചൊവ്വാപ്രതലത്തിലെ കാഴ്ചകളാണ് ക്യൂരിയോസിറ്റി അയച്ചിരിക്കുന്നത്. വിശാലമായി കിടക്കുന്നയിടത്ത് വൃത്താകൃതിയിൽ എന്തോ ഒന്ന് മിന്നിത്തിളങ്ങുന്ന ചിത്രം! ഒറ്റനോട്ടത്തിൽ നമ്മൾ സിനിമയിലൊക്കെ കണ്ടിട്ടുള്ള തരം ഒരു പറക്കുംതളിക. പക്ഷേ കൃത്യമായി ‘ഫോക്കസ്ഡ്’ അല്ലാത്തതിനാൽ അതിന്റെ ഏകദേശ വലുപ്പമോ ആകൃതിയോ സ്വഭാവമോ തിരിച്ചറിയാനാകുന്നില്ല. 

നാസയോ ക്യൂരിയോസിറ്റി നിർമാണത്തിൽ നിർണായക പങ്കു വഹിച്ച ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയോ ഇതിനെക്കുറിച്ച് വിശദീകരണവും നൽകുന്നില്ല. സ്വാഭാവികമായും സംഗതി പറക്കുംതളികയാണെന്ന തരത്തിലുള്ള വാദങ്ങൾ ശക്തമായി. കഴിഞ്ഞ ദിവസം ‘റെഡിറ്റ്’ സമൂഹമാധ്യമ സൈറ്റിലാണ് ഈ ചിത്രം എത്തിയത്. ചൊവ്വയിൽ നിന്നുള്ള ഹൈ ക്വാളിറ്റി ചിത്രങ്ങൾ നാസ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. അവ അരിച്ചുപെറുക്കി ‘യുഎഫ്ഒ’ തെളിവുകൾ കണ്ടെത്താൻ പ്രത്യേക സംഘങ്ങളും ഏറെയുണ്ട്. Prosaic Origin എന്നു പേരുള്ള റെഡിറ്റ് യൂസർ പോസ്റ്റ് ചെയ്ത ചിത്രത്തിലെ വസ്തു അന്യഗ്രഹജീവികൾ നിർമിച്ച പറക്കുംതളികയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ ക്യൂരിയോസിറ്റി ലാൻഡ് ചെയ്യുന്നതിനിടെ തെറിച്ചു വീണ ഭാഗമായിരിക്കാം അതെന്നാണ് മറുവാദം. 

അതിനാകട്ടെ സാധ്യതകളും ഏറെയാണ്. പാരച്യൂട്ടിൽ കെട്ടിയിറക്കിയായിരുന്നില്ല ക്യൂരിയോസിറ്റി ചൊവ്വയിലെത്തിച്ചത്. പകരം പാരച്യൂട്ടിൽ നിന്ന് വേർപെട്ട് താഴെയെത്തുന്നതിനു തൊട്ടുമുൻപ് ചെറുറോക്കറ്റുകൾ ജ്വലിപ്പിക്കുന്ന രീതിയായിരുന്നു. പിന്നീട് സുരക്ഷിതമായ ഉയരത്തിലെത്തുമ്പോൾ ഒരു സ്കൈ ക്രെയിൻ ലാൻഡിങ് സിസ്റ്റം വഴി താഴേക്ക് പതിയെ ഏതാനും ‘ചരടുകൾ’ കെട്ടിയിറക്കും. താഴെയെത്തിച്ച് ചരടുകളുമായുള്ള ബന്ധം വിച്ഛേദിച്ച് ക്രെയിൻ തെറിച്ചു പോകുകയും ദൂരെ വീണ് പൊട്ടിത്തകരുകയും ചെയ്യും. അത്തരത്തിൽ വീണ ക്രെയിന്റെ അവശിഷ്ടം ആണ് ക്യൂരിയോസിറ്റിയുടെ ക്യാമറയിൽ പതിഞ്ഞതെന്നാണ് കരുതുന്നത്. 

എന്നാൽ നേരത്തേത്തന്നെ ചൊവ്വയിൽ പഴയകാല നഗരത്തിന്റെ അവശിഷ്ടങ്ങളും മനുഷ്യന്റെ തുടയെല്ലിനു സമാനമായ ഭാഗങ്ങളും വലിയ സ്പൂണും ഭീമൻ തലയോട്ടിയുമെല്ലാം കണ്ടതിന്റെ ‘തെളിവുകൾ’ പലരായി പുറത്തുവിട്ടു. മാത്രവുമല്ല ചൊവ്വാപ്രതലത്തിൽ ഉണങ്ങിപ്പിടിച്ച നിലയിൽ കുമിളുകളും പായലുകളുമെല്ലാം കണ്ടതിന്റെ ഫോട്ടോകളും പുറത്തെത്തി. ഇവയെല്ലാം പക്ഷേ വെറും ‘മിഥ്യാധാരണകളാ’ണെന്നു പറഞ്ഞ് നാസ തന്നെ തള്ളിയതാണ്. പക്ഷേ ഇവയോടൊപ്പം ചേർത്തുവായിക്കുമ്പോൾ തങ്ങളുടെ യുഎഫ്ഒ വാദമാണ് സത്യമാണെന്നാണ് പറക്കുംതളികാപ്രേമികൾ വാദിക്കുന്നത്.

More Science News