ആ ഭീകരകാഴ്ച അവർ മുകളിലിരുന്നു കണ്ടു, പിന്നെ ദൈവത്തോടു പ്രാർഥിച്ചു

വ്യാപകനാശം വിതച്ച ‘ഹാർവി’ക്കു പിന്നാലെ കരീബിയൻ മേഖലയിൽനിന്നു യുഎസ് തീരത്തേക്കു നീങ്ങുന്ന ‘ഇർമ’ ചുഴലിക്കാറ്റ് ശനിയാഴ്ച ഫ്ളോറിഡയിൽ എത്തും. ശനിയാഴ്ച രാത്രിയോടെ ഫ്ളോറിഡ സംസ്ഥാനത്തെത്തുന്ന ചുഴലിക്കാറ്റ് വൻ നാശമുണ്ടാക്കുമെന്നാണു മുന്നറിയിപ്പ്. 

അതേസമയം, ഈ ഭീകരകാഴ്ചകളെല്ലാം സ്പേസ് സ്റ്റേഷനിലുള്ളവർ മുകളിലിരുന്ന് കാണുകയും പകർത്തുന്നുണ്ട്. ഇർമയുടെ വഴിയും ശക്തിയും എല്ലാം അവര്‍ സമയത്തിന് നിരീക്ഷിച്ചു റിപ്പോർട്ട് ഭൂമിയിലേക്ക് കൈമാറുന്നു. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നാണ് ഇർമയുടെ ഭീകര ദൃശ്യങ്ങൾ പകർത്തുന്നത്.

കഴിഞ്ഞ ദിവസം സ്പേസ് സ്റ്റേഷൻ ഇതുവഴി കടന്നുപോയപ്പോൾ പകര്‍ത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സ്വന്തം ഭൂമിയിലെ അല്ലെങ്കിൽ സ്വന്തം നാട്ടിലെ ഞെട്ടിക്കുന്ന കാഴ്ചകളാണ് സ്പേസ് സ്റ്റേഷനിലെ താമസക്കാർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണുന്നത്. ഇതിന്റെ ചില ദൃശ്യങ്ങൾ അവർ സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

പ്രകൃതിയിലെ ഈ ദുരന്തങ്ങളെല്ലാം ബഹിരാകാശത്ത് ഇരുന്ന് നോക്കികാണുമ്പോൾ തന്നെ അവര്‍ ദൈവത്തോടു പ്രാർഥിക്കുന്നു, ‘ഭൂമിയിലുള്ളവർക്ക് ഒന്നും വരുത്തരുതേ’ എന്ന്. ഭൂമിയിൽ നിന്ന് ഏകദേശം 250 മൈല്‍ അകലേ നിന്നാണ് ഇർമ ചിത്രങ്ങൾ പകര്‍ത്തിയിരിക്കുന്നത്.