ശാസ്ത്ര തെളിവുകൾ പറയുന്നു, ഭൂമിയിലെ ആറാം കൂട്ട വംശനാശം 2100 ൽ, മനുഷ്യനും ഭീഷണി!

ഭൂമി കൂട്ടവംശനാശത്തിന്റെ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുന്നതായി പഠനം. അഞ്ച് കൂട്ടവംശനാശങ്ങളാണ് ഇതുവരെ ഭൂമിയില്‍ നടന്നിരിക്കുന്നത്. മനുഷ്യന്റെ നിലനില്‍പുപോലും അപകടത്തിലാക്കുന്ന ആറാമതൊരു വംശനാശഘട്ടമാണ് വരാനിരിക്കുന്നത്. 2100 ആകുമ്പോഴേക്കും കൂട്ട വംശനാശത്തിന്റെ അപകട സൂചനകള്‍ കൂടുതല്‍ വ്യക്തമാകുമെന്നും കരുതപ്പെടുന്നു. 

ഭൗതിക ശാസ്ത്രജ്ഞനായ ഡാനിയല്‍ റോത്മാനാണ് ഞെട്ടിക്കുന്ന ഈ വിവരം ലോകത്തെ അറിയിച്ചിരിക്കുന്നത്. അരലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുന്‍പുളള ഫോസിലുകളെ സംബന്ധിച്ചുളള പഠനത്തിലായിരുന്നു അദ്ദേഹം. ഇതിനിടയിലാണ് ഒരു കാര്യം ശ്രദ്ധയില്‍പെട്ടത്. മുന്‍വംശനാശ കാലങ്ങളില്‍ കാര്‍ബണ്‍ ഐസോട്ടോപ്പുകളുടെ അളവ് ഭീകരമായി വര്‍ധിച്ചിരുന്നതായും പല ജീവികളും വംശത്തോടെ തന്നെ ഫോസിലുകളായി മാറിയിരുന്നതായും അദ്ദേഹം കണ്ടെത്തി. ഈ കണ്ടെത്തലാണ് ആറാം വംശനാശത്തിന്റെ വക്കിലാണ് ഭൂമിയെന്ന് ചൂണ്ടിക്കാട്ടാന്‍ ഡാനിയേല്‍ റോത്മാനെ പ്രേരിപ്പിച്ചത്. 

ഇപ്പോള്‍ കാര്‍ബണ്‍ ഐസോടോപ്പുകളുടെ അളവ് ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയുണ്ട്. ഇത് താമസിയാതെ മറ്റൊരു കൂട്ടവംശനാശത്തിലേയ്ക്കുളള വഴിയൊരുക്കലാണെന്ന മുന്നറിയിപ്പാണ് റോത്ത്മാന്‍ നല്‍കുന്നത്. ഭൂമിയിലുളള കാര്‍ബണിന്റെ അളവ് കൂടുതലാണ്. അത് പല സ്ഥിതികളിലായി നിലനില്‍ക്കുന്നു എന്നല്ലാതെ അതിന്റെ അളവിന് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നില്ല. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് പ്രധാനമായും ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം കൊണ്ടാണ്. ഇത് മാറ്റി ജൈവഇന്ധനങ്ങള്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ തടയാനാകും. ഇപ്പോഴുളള അവസ്ഥ തുടര്‍ന്നാല്‍ അത് മനുഷ്യന്റെ നിലനില്‍പ്പിനെ ബാധിക്കും. 

ഭൂമിയിലെ ആവാസവ്യവസ്ഥയെ മൊത്തത്തില്‍ മാറ്റി മറിക്കുന്ന പരിസ്ഥിതി എൻജിനീയര്‍മാരായാണ് ഓരോ കൂട്ട വംശനാശത്തിനും കാരണമാകുന്ന ജീവജാലങ്ങളെ കരുതിപ്പോരുന്നത്. ഭൂമിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായക ശേഷിയുള്ള പരിസ്ഥിതി എൻജിനീയര്‍മാരായി കണക്കാക്കപ്പെടുന്നത് മനുഷ്യരെയാണ്. നിലവിലെ ആവാസവ്യവസ്ഥയില്‍ മനുഷ്യര്‍ ചെലുത്തിക്കൊണ്ടിരിക്കുന്ന സ്വാധീനമാണ് ഈ നിരീക്ഷണത്തിന് പിന്നില്‍. 

സയന്‍സ് അഡ്വാന്‍സസ് എന്ന ജേണലിലാണ് റോത്മാന്‍ തന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യനടക്കം പല ജീവിവര്‍ഗ്ഗങ്ങളുടേയും നിലനില്‍പ് അപകടപ്പെടുത്തുന്ന രീതിയിലേയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇങ്ങനെ പോയാല്‍ 2100  ഓടുകൂടി തന്നെ മാറ്റങ്ങള്‍ പ്രകടമാകുമെന്നാണ് അദ്ദേഹം പറയുന്നത്. ദിനോസറുകളുടെ വഴിയേ പോയില്ലെങ്കിലും അടുത്ത 10,000 വര്‍ഷങ്ങള്‍ക്കുളളില്‍ ശക്തമായ പാരിസ്ഥിതിക മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്ന സൂചനയും അദ്ദേഹം നല്‍കുന്നു.