‘അമേരിക്കൻ ആകാശത്ത് ഉത്തരകൊറിയയിൽ നിന്നുള്ള ‘ന്യൂക്ലിയർ യുഎഫ്ഒ’, സംഭവിച്ചതെന്ത്?

ഡിസംബർ 22ന് സന്ധ്യയ്ക്കാണ് അമേരിക്കയുടെ ആകാശത്ത് ഒരു അസാധാരണ കാഴ്ച പ്രത്യക്ഷപ്പെട്ടത്. ‘ഓവൽ’ ആകൃതിയിലുള്ള, ഒരു ഭീമൻ പുകപടലത്തിനു സമാനമായ കാഴ്ച. അതിങ്ങനെ മുകളിലേക്കു കുതിച്ചു പായുകയാണ്. സൂര്യാസ്തമയത്തിലെ ഇരുട്ടിൽ ‘വെളുത്തു’ മുന്നേറുന്ന ആ കാഴ്ച കണ്ട് വാഹനങ്ങളെല്ലാം നിർത്തി ജനം നോക്കി നിന്നു. ഫയർ ഫോഴ്സ് ഓഫിസിലേക്കും ടിവി ചാനലുകളിലേക്കും അന്വേഷണം പാഞ്ഞു. സെലിബ്രിറ്റികൾ വരെ ട്വീറ്റ് ചെയ്തു: ‘ആകാശത്ത് എന്താണ് ഈ അദ്ഭുതക്കാഴ്ച..?’ ഉത്തരകൊറിയയുടെ മിസൈലോ ആണവപരീക്ഷണമോ ആണോ അതെന്ന് അന്വേഷിച്ചുള്ള ട്വീറ്റുകളും നെറ്റ്‌ലോകത്ത് തലങ്ങും വിലങ്ങും പാഞ്ഞു. പറക്കുംതളികയാണോ എന്ന സംശയമായിരുന്നു മറ്റുള്ളവർക്ക്. 

ഏതാനും സമയം കഴിഞ്ഞപ്പോൾ അതിനെല്ലാമുള്ള ഉത്തരം എത്തി. സ്പെയ്സ്എക്സ് കമ്പനി തലവൻ ഇലൻ മസ്കിന്റെ ഒരു ട്വീറ്റ്, അതും ഈ ‘ഓവൽ പറക്കുംതളിക’യുടെ വിഡിയോ സഹിതം– ഉത്തരകൊറിയയിൽ നിന്നുള്ള ന്യൂക്ലിയർ പറക്കുംതളികയാണതെന്നായിരുന്നു ട്വീറ്റ്. അതിനിടെ ഫയർ ഫോഴ്സ് ഓഫിസുകളിൽ നിന്നും ചാനലുകളിൽ നിന്നും യഥാർഥ ഉത്തരവും പുറത്തെത്തി. സംഗതി സ്പെയ്സ്എക്സിന്റെ ഏറ്റവും പുതിയ റോക്കറ്റ് വിക്ഷേപിച്ചതാണ്. അതൊന്നു ‘കളറാക്കാൻ’ വേണ്ടി ഇലൻ മസ്ക് ഒപ്പിച്ച പണിയായിരുന്നു ആകാശത്ത് അദ്ഭുതമായി നിറഞ്ഞത്. എന്തായാലും തെക്കൻ കലിഫോർണിയ മുഴുവനായും മാത്രമല്ല, ഫീനിക്സിൽ നിന്നു വരെ ഈ ‘പറക്കുംതളിക’യെ കാണാൻ സാധിക്കുമായിരുന്നു. ഹോളിവുഡിൽ വിനോദയാത്രയ്ക്കെത്തിയവർ അന്വേഷിച്ചത്, അത് സിനിമയുടെ ഭാഗമായോ മറ്റോ എന്തെങ്കിലും ഷൂട്ടിങ്ങിനു വേണ്ടി തയാറാക്കിയതാണോയെന്നാണ്. 

പുനരുപയോഗിക്കുന്ന റോക്കറ്റാണ് സ്പെയ്സ്എക്സ് ഇത്തവണ ഉപയോഗിച്ചത്. കലിഫോർണിയയ്ക്കു സമീപം വാൻഡെൻബെർഗ് എയർഫോഴ്സ് ബേസിൽ നിന്ന് 10 സാറ്റലൈറ്റുകളുമായിട്ടായിരുന്നു പറക്കൽ. ഫാൽക്കൺ 9 എന്ന ഈ റോക്കറ്റിൽ ഇറിഡിയം കമ്യൂണിക്കേഷൻസിന്റെ സാറ്റലൈറ്റുകളായിരുന്നു. ലോകത്തിലെ ഒന്നാംനിര മൊബൈൽ സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് കമ്പനികളിൽ ഒന്നാണിത്. റോക്കറ്റ് വിക്ഷേപണത്തിനു തൊട്ടുപിന്നാലെയാണ്, പതിവു ‘നേർരേഖാ വാലിനു’ പകരം ഓവർ ആകൃതിയിൽ തിളങ്ങുന്ന പുകയുടെ വാൽ ആകാശത്തു പ്രത്യക്ഷപ്പെട്ടത്.

ഇക്കാര്യം നേരത്തേത്തന്നെ വിക്ഷേപണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ വിശദീകരിച്ചിരുന്നു. ‘ആകാശത്ത് ഒട്ടേറെ പേർക്ക് ദൂരെ നിന്നു വരെ കാണാവുന്ന വിധം റോക്കറ്റ് പുകയുടെ പ്രത്യേക വിന്യാസമുണ്ടാകും. അസ്തമയ സൂര്യന്റെ പ്രകാശത്തിൽ പുക വെട്ടിത്തിളങ്ങുക കൂടിയാകുന്നതോടെ മികച്ച കാഴ്ചാനുഭവമായിരിക്കും അത് സമ്മാനിക്കുക’ എന്നാണ് വെബ്സൈറ്റ് വ്യക്തമാക്കിയത്. 

എന്തായാലും ഒട്ടേറെപ്പേർ ഈ കാഴ്ചയുടെ ഫോട്ടോകളും വിഡിയോയും പകർത്തി. നിമിഷങ്ങൾക്കകം വൈറലാവുകയും ചെയ്തു. ആകാശത്തെ പുകപടലങ്ങൾ ഇല്ലാതായിട്ടും വിഡിയോകളും റോക്കറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും തിളക്കത്തോടെ തന്നെ തുടരുകയാണ്. സ്പെയ്സ്എക്സിന്റെ ഈ വർഷത്തെ പതിനെട്ടാമത്തെയും അവസാനത്തെയും റോക്കറ്റ് വിക്ഷേപണമായിരുന്നു അത്. ഇറിഡിയം കമ്യൂണിക്കേഷൻസിന്റെ 75 അപ്ഡേറ്റഡ് സാറ്റലൈറ്റുകൾ ബഹിരാകാശത്തേക്ക് എത്തിക്കാമെന്ന കരാറുണ്ട് കമ്പനിക്ക്. നാലു വിക്ഷേപണത്തിലായി ഇതുവരെ പല സാറ്റലൈറ്റുകളും മുകളിലെത്തി. ശേഷിച്ചവ 2018 പകുതിയോടെ പൂർത്തിയാക്കാനാകുമെന്നാണ് കമ്പനി ഉറപ്പു നൽകുന്നത്. കൗതുകക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കാമെന്നു ചുരുക്കം.