Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘വാർത്തകളിലെ കേട്ടറിവിനേക്കാൾ വലുതാണ് കിം ജോങ് ഉന്നിന്റെ ഉത്തരകൊറിയ എന്ന സത്യം’

kim-jong-un

ഉത്തരകൊറിയയെക്കുറിച്ചുള്ള വാർത്തകളിൽ നിന്നുള്ള കേട്ടുകേള്‍വിയും നേരിട്ടുള്ള അനുഭവവും തമ്മില്‍ വലിയ പൊരുത്തമില്ലെന്നാണ് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്‌കി പറയുന്നത്. വെറുതേയങ്ങ് പറയുന്നതല്ല, ഉത്തരകൊറിയ വരെ പോയി താമസിച്ച് തദ്ദേശീയരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായം പറച്ചില്‍. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ അദ്ദേഹം യുട്യൂബിലും ഫെയ്സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വിഡിയോ സോഷ്യൽമീഡിയയിൽ ഹിറ്റായി എന്നത് മറ്റൊരു പ്രത്യേകത. 

ഉത്തരകൊറിയയെക്കുറിച്ച് കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്നതിനാല്‍ അങ്ങോട്ടേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നെന്ന് ബിന്‍സ്‌കി സമ്മതിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത് പ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയത്. അതുകൊണ്ടുതന്നെ തന്റെ യാത്രയുടെ അനുഭവത്തിന്റെ സത്യസന്ധമായ അവതരണമാണ് നല്‍കുന്നതെന്നാണ് ബിന്‍സ്‌കി പറയുന്നത്. 

ഉത്തരകൊറിയയിലേക്കുള്ള വിനോദ സഞ്ചാരങ്ങളെല്ലാം നേരത്തെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്. നമ്മള്‍ എവിടെയൊക്കെ പോകണം, എന്തെല്ലാം കാണണം, എന്തെല്ലാം വിവരങ്ങള്‍ നമുക്ക് ലഭിക്കും തുടങ്ങി കാര്യങ്ങൾ നേരത്തെ നിശ്ചയിച്ചതിന്‍ പ്രകാരമാണ് നടക്കുക. ഇതിനിടയിലും പ്രദേശവാസികളുമായി സംസാരിക്കാനും ഇടപഴകാനും സാധിച്ചുവെന്നും ഇവരുടെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നെന്നും അദ്ദേഹം പറയുന്നു.

ഉത്തരകൊറിയയിലേക്കുള്ള യാത്ര പദ്ധതിയിട്ടതിന് ശേഷം നിരവധി പേരില്‍ നിന്നും പല ഉപദേശങ്ങളും ലഭിച്ചിരുന്നു. അവിടെ പോയാല്‍ ഇങ്ങനെ പറയേണ്ടി വരും, ഉത്തരകൊറിയന്‍ സര്‍ക്കാരിന് വേണ്ടി സംസാരിക്കേണ്ടി വരും തുടങ്ങിയതു പോലുള്ളവ. എന്നാല്‍ ഇത്തരം പ്രചാരണങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. യാത്രക്ക് ശേഷം ഈ വിഡിയോ തയ്യാറാക്കേണ്ടതെങ്ങനെയെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ അന്വേഷിക്കുകയോ ഇടപെടുകയോ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുകയോ ഉണ്ടായിട്ടില്ല. സിയോളില്‍ ഒന്നര വര്‍ഷത്തോളം കഴിഞ്ഞതിന്റെ ഫലമായി കൊറിയന്‍ ഭാഷ ചെറിയ രീതിയില്‍ പഠിക്കാനായത് യാത്രയില്‍ വലിയ തോതില്‍ ഉപകാരപ്പെട്ടുവെന്നും ബിന്‍സ്‌കി പറയുന്നു. 

2013ല്‍ ഉത്തരകൊറിയന്‍ പ്രൊപ്പഗണ്ടയെക്കുറിച്ച് ഒരു ക്ലാസ് കേട്ടതിന് ശേഷമാണ് അവിടം സന്ദര്‍ശിക്കാനുള്ള ആഗ്രഹം വരുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ പല രീതികളും ഉത്തരകൊറിയയിലുണ്ടെന്നത് വാസ്തവമാണ്. ഉദാഹരണത്തിന് ടിവിക്കോ വാര്‍ത്തകള്‍ക്കോ അവിടെ വലിയ പ്രാധാന്യമില്ല. സഞ്ചാരികളുടെ കാര്യത്തിലാണെങ്കില്‍ ഉത്തരകൊറിയയിൽ എത്തുന്നവര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും എപ്പോഴും. ഇതിനര്‍ഥം നമ്മള്‍ എന്തെങ്കിലും കൂട്ടില്‍ കിടന്ന് ഉത്തരകൊറിയ കാണുന്നുവെന്നല്ല. ത്രിദിന സന്ദര്‍ശനത്തിനിടെ 25കാരനായ ബിന്‍സ്‌കി പ്യോങ് യാങ് മാരത്തണില്‍ പങ്കെടുക്കുക പോലും ചെയ്തു. 

നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചാല്‍ ഉത്തരകൊറിയ മറ്റേതൊരു രാജ്യത്തെയും പോലെയാണെന്ന് ബിന്‍സ്‌കി ഓര്‍മിപ്പിക്കുന്നുണ്ട്. മറ്റൊരു വിചിത്രമായ ഓര്‍മയും ബിന്‍സ്‌കി പങ്കുവെക്കുന്നുണ്ട്. ഉത്തരകൊറിയയെക്കുറിച്ച് ആശങ്കയോടെ ചോദിക്കുമ്പോഴെല്ലാം ദക്ഷിണകൊറിയക്കാരായ വിദ്യാര്‍ഥികള്‍ ചിരിക്കാറാണ് പതിവെന്ന് ബിന്‍സ്‌കി പറയുന്നു. അതൊരു വലിയ തമാശയാണെന്ന രീതിയിലാണത്രേ പുതുതലമുറയിലെ ദക്ഷിണ കൊറിയന്‍ വിദ്യാര്‍ഥികള്‍ പ്രതികരിക്കാറ്. മാത്രമല്ല, ഉത്തരകൊറിയ എന്തെങ്കിലും തരത്തില്‍ ഭീഷണിയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും തോന്നിയിട്ടില്ലെന്നും ബിന്‍സ്‌കി പറയുന്നു.