Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്‌സാപ്പിന്റെ പേരിൽ മൾട്ടികളർ തട്ടിപ്പ്, കണ്ടെത്തുക അത്ര എളുപ്പമല്ല

whatsapp-web-chrome

വാട്‌സാപ്പിന്റെ പേരിൽ തട്ടിപ്പ് ഇല്ലാതിരുന്ന ഒരു കാലം ചരിത്രത്തിലില്ല. യഥാർഥ വാട്‌സാപ്പിനു പുറമേ മോഡിഫൈഡ് വേർഷനുകളും വ്യാജലിങ്കുകൾ വഴിയുള്ള വ്യാജ വാഗ്ദാനങ്ങളുമൊക്കെ വന്നു ആളുകളെ പറ്റിച്ചു പോയിട്ടുണ്ട്. പുതിയ തട്ടിപ്പും അത്തരത്തിലൊന്നാണ്. തട്ടിപ്പാണെന്നു കണ്ടെത്താൻ പ്രയാസമാണെന്നതും തട്ടിപ്പുകാരന്റെ അർപ്പണബോധവുമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. 

വാട്‌സാപ്പിന്റെ പേരിൽ പ്രചരിപ്പിക്കുന്ന ലിങ്കിൽ നിന്നാണ് സംഗതികളുടെ തുടക്കം. ആ ലിങ്ക് സന്ദർശിച്ചാൽ വാട്‌സാപ്പിന്റെ തീം നിറങ്ങൾ മാറ്റാമെന്നാണ് വാഗ്ദാനം. വാനാക്രൈയുടെ ഒക്കെ സമയമായതുകൊണ്ട് ലിങ്ക് പരിശോധിച്ച് whatsapp.com തന്നെയാണെന്നുറപ്പു വരുത്തിയവർക്കും പണി കിട്ടുന്നു എന്നതാണ് സത്യം. സൂക്ഷ്മനിരീക്ഷണം നടത്തിയാലേ മനസ്സിലാവൂ അത് എന്താണെന്ന്. 

ഇംഗ്ലിഷ് അക്ഷരങ്ങൾക്കു പകരം സിറിലിക് അക്ഷരങ്ങൾ ഉപയോഗിച്ചാണ് വാട്‌സാപ്പ് എന്നെഴുതിയിരിക്കുന്നത്. ഒറ്റനോട്ടത്തിൽ രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാവില്ല. ഇംഗ്ലിഷ് ഇതര ഭാഷകളിലും ഡൊമെയ്ൻ റജിസ്‌ട്രേഷൻ നിലവിൽ വന്നതോടെ ഉരുത്തിരിഞ്ഞ തട്ടിപ്പു സാധ്യത അക്രമികൾ സമർഥമായി ഉപയോഗിക്കുന്നെന്നു മാത്രം. അടുത്ത തവണ ഇത്തരത്തിലൊരു മെസ്സേജ് വന്നാൽ ക്ലിക്ക് ചെയ്യും മുൻപ് രണ്ടോ മൂന്നോ വട്ടം പരിശോധിക്കുക.