ജൂണ്‍ 30 മുതൽ ഈ ഫോണുകളില്‍ വാട്സാപ്പ് ലഭിക്കില്ല!

ജനപ്രിയ മെസേജിംഗ് സര്‍വീസായ വാട്സാപ്പ് നോക്കിയാ എസ്40, നോക്കിയ എസ്60, ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്ബെറി 10 ഫോണുകളിലെ സേവനം ജൂൺ 30 വരെ ലഭിക്കുകയൊള്ളു. വിന്‍ഡോസ് ഫോൺ 7, ആന്‍ഡ്രോയ്ഡ് 2.2, ഐഒഎസ് 6 എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലെ സേവനം കഴിഞ്ഞ വർഷം ഡിസംബറിൽ തന്നെ നിർത്തിയിരുന്നു. എന്നാൽ ചില നോക്കിയ ഫോണുകളിലെ സേവനം തുടരാൻ വാട്സാപ്പ് തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം മുതലാണ് പഴയ ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റുകളിൽ നിന്ന് വാട്സാപ്പ് പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ ചില ഫോണുകളിലെ സേവനം 2017 ജൂൺ 30 വരെ തുടരുമെന്ന് അറിയിച്ചിരുന്നു. പഴയ ഒഎസിൽ പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റുകളെല്ലാം പുതിയ ഒഎസിലേക്ക് മാറാൻ വാട്സാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 

ആൻഡ്രോയ്ഡ് 2.3.3+, ഐഒഎസ് 7+, വിൻഡോസ് 8+ തുടങ്ങി ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സാപ്പ് ഉപയോഗിക്കാനാകും. ഇതിലും താഴെയുള്ള ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളെല്ലാം എത്രയും വേഗം അപ്‌ഗ്രേഡ് ചെയ്യണമെന്നാണ് ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പ് അറിയിച്ചിരിക്കുന്നത്.

കൂടുതലും സിംബിയനില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയാ ഫോണുകള്‍ക്കും ബ്ലാക്ക്ബെറി ഡിവൈസുകള്‍ക്കുമാകും തീരുമാനം ഏറെ തിരിച്ചടിയാകുക. സോഫ്റ്റ്‌വെയര്‍ അപ്ഡേഷൻ ചെയ്യാനെടുക്കുന്ന കാലതാമസവും വാട്സാപ്പ് പുതുതായി അവതരിപ്പിക്കുന്ന ഫീച്ചറുകള്‍ ഇവയില്‍ ലഭ്യമാക്കാന്‍ കഴിയാത്തതുമാണ് സിംബിയാൻ–ബ്ലാക്ബെറി ഫോണുകൾക്കു തിരിച്ചടിയായിരിക്കുന്നത്. നോക്കിയ സിംബിയന്‍ ഉപഭോക്താക്കളെ സംബന്ധിച്ചടുത്തോളം മാപ്സ്, മ്യൂസിക്, ഇ-മെയില്‍ ആപ്പുകള്‍ പോലെ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് വാട്സാപ്പ്. ഈ ഡിവൈസുകളില്‍ ലഭിക്കുന്ന ഏറ്റവും ചെലവു കുറഞ്ഞ ആശയവിനിമയ മാര്‍ഗവുമാണിത്. 

വാട്സാപ്പിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനവും ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭ്യമാക്കുന്നുണ്ട്. ഇവയുടെ ഉപയോക്താക്കള്‍ക്ക് ജൂൺ 30 ന് ശേഷം വാട്സാപ്പ് ഉപയോഗിക്കണമെങ്കില്‍ വിന്‍ഡോസ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ് എന്നിവയുടെ പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലേക്ക് മാറേണ്ടിവരും.

2009 ല്‍ വാട്സാപ്പ് അവതരിപ്പിക്കുന്ന സമയത്ത് സിംബിയനിലും ബ്ലാക്ബെറിയിലുമാണ് കൂടുതല്‍ പ്രവര്‍ത്തിച്ചിരുന്നത്. അന്ന് വെറും 25 ശതമാനം പേര്‍ മാത്രമാണ് ആന്‍ഡ്രോയ്ഡില്‍ വാട്സാപ്പ് ഉപയോഗിച്ചിരുന്നത്. നിലവില്‍ ആന്‍ഡ്രോയ്ഡിന്റെ പഴയ പതിപ്പുകളായ 2.1 ലും 2.2 ലും വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. വിന്‍ഡോസ് 7.1, ഐഒഎസ് 6 പതിപ്പുകള്‍ ഉപയോഗിക്കുന്നവരും പുതിയ പതിപ്പികുകളിലേക്ക് ഫോണ്‍ അപ്ഗ്രേഡ് ചെയ്യേണ്ടിവരും.