ഫെയ്സ്ബുക്ക് ഉപയോഗിക്കാൻ മാസം 500 രൂപ ഫീ? പാവങ്ങൾക്ക് മറ്റൊരു വഴിയും

ഫെയ്‌സ്ബുക്കിനെ നിലനിര്‍ത്താന്‍ പല കാര്യങ്ങള്‍ പരിഗണിക്കുന്നുണ്ട്. ഒന്ന്, സക്കര്‍ബര്‍ഗ് എന്ന സ്വകാര്യ വ്യക്തിയുടെ കീഴില്‍ നിന്ന് കമ്പനിയുടെ നിയന്ത്രണം മാറ്റുക. എന്നാല്‍, താന്‍ കമ്പനി തുടങ്ങി, താനതു നടത്തുന്നു, എല്ലാക്കാര്യത്തിനും താന്‍ ഉത്തരവാദിയാണെന്നു പറഞ്ഞ് ഈ വാദത്തെ സക്കര്‍ബര്‍ഗ് കൊല്ലുകയാണ് ചെയ്യുന്നത്.

രണ്ടാമത് കാശുകൊടുത്ത് ഫെയ്സ്ബുക്ക് ഉപയോഗിക്കുക എന്നതാണ്. ഒരു മാസവരിസംഖ്യ നല്‍കുക. അതിലൂടെ പരസ്യക്കാരെ ഒഴിവാക്കാം. (സക്കര്‍ബര്‍ക്, അടുത്ത കാലത്ത് അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ നടത്തിയ കുറ്റസമ്മതത്തിലും പരസ്യക്കാരെയും ആപ്പുകളെയും കേംബ്രിജ് അനലിറ്റിക്ക പോലെയുള്ള ഗ്രൂപ്പുകളെയും പഴിചാരിക്കളിക്കുകയാണ് ചെയ്തത്. ഫെയ്‌സ്ബുക്കിന്റെ സ്വന്തം ഡേറ്റാ ഖനനത്തെക്കുറിച്ച് കാര്യമായി ഒന്നും പറഞ്ഞില്ല. ഇത് അദ്ദേഹത്തെ ചോദ്യം ചെയ്യാനെത്തിയ സെനറ്റര്‍മാരുടെ സാങ്കേതിവിദ്യാവബോധക്കുറവ് മൂലമാണെന്ന് ആരോപണം ഉണ്ടല്ലോ.)

എന്തായാലും, പരസ്യക്കാരും മറ്റുമാണ് പ്രശ്‌നമെങ്കില്‍ അവരെ ഒഴിവാക്കാന്‍ എന്താണു വഴി എന്ന് ആലോചിക്കുമ്പോഴാണ് മാസവരിസംഖ്യയുടെ സാധ്യത പരിഗണിക്കുന്നത്. സക്കര്‍ബര്‍ഗിന് അതിനോടും താത്പര്യമില്ല. കക്ഷി ചോദിക്കുന്നത് പാവപ്പെട്ടവര്‍ എങ്ങനെ വരിസംഖ്യ നല്‍കുമെന്നാണ്. അവരും ഫെയ്‌സ്ബുക്ക് ഉപയോഗിക്കട്ടെ എന്നും, തങ്ങള്‍ അതിനുള്ള പൈസ പരസ്യക്കാരില്‍നിന്നും കണ്ടെത്തിക്കൊള്ളാം എന്നുമാണ് സക്കര്‍ബര്‍ഗ് വാദിക്കുന്നത്. സക്കര്‍ബർഗ്‌ജീക്ക് പാവങ്ങളോടുള്ള സ്‌നേഹത്തിന്റെ പിന്നാമ്പുറം അന്വേഷിക്കുമ്പോഴാണ് മറ്റു ചില രഹസ്യങ്ങളുടെ ചുരുളഴിയുന്നത്.

അമേരിക്കയിലും കാനഡയിലുമുള്ള ഉപയോക്താക്കളില്‍ നിന്ന് 2107ല്‍ ഫെയ്‌സ്ബുക്ക് പരസ്യത്തിലൂടെ നേടിയത് 19 ബില്ല്യന്‍ ഡോളറാണ്! ഇത് ശരാശരി ഒരു മാസം ഒരു ഉപയോക്താവില്‍ നിന്ന് ഏകദേശം ഏഴു ഡോളറാണത്രെ. (നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അധ്വാനിക്കുമ്പോള്‍ സക്കര്‍ബർഗ്‌ കാശുണ്ടാക്കുന്നതു നോക്കുക. ഇതിനെല്ലാം പുറമെയാണ് നിങ്ങളുടെ ഇന്റര്‍നെറ്റ് ചെയ്തികള്‍ മുഴുവന്‍ നോക്കി വളരെ വിശദമായ രീതിയില്‍ നിങ്ങളെ കുറിച്ചും നിങ്ങളുടെ സ്വഭാവും എല്ലാം പഠിക്കുന്നു എന്ന ആരോപണം. ഒരിക്കലും നശിക്കാത്ത രീതിയില്‍ വ്യക്തികളുടെ പ്രൊഫൈലുകള്‍ തയാറാക്കുന്നുമെന്നാണ് സ്വകാര്യതയ്ക്കു വേണ്ടി വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ആരോപണം. മൂന്നാം ലോക രാജ്യങ്ങളിലെ ഉപയോക്താക്കളില്‍ നിന്ന് ഫെയ്‌സ്ബുക്കിന് മാസം ഏഴു ഡോളര്‍ കിട്ടുന്നുണ്ടാവില്ല.)

മൂന്നാമത് ഓപ്ഷനാണ് വേണ്ടവര്‍ക്ക് കാശു നല്‍കി ഫെയ്‌സ്ബുക്ക് ഉപയോഗിക്കാമെന്നത്. ഏകദേശം 11 മുതല്‍ 14 ഡോളര്‍ വരെയാണ് മാസവരിയായി പരിഗണിക്കുന്ന തുക. (ഇന്ത്യയില്‍ നിന്നും മറ്റും പരസ്യവരുമാനം കുറവായതിനാല്‍ സബ്‌സ്‌ക്രിപ്ഷന്‍ റേറ്റ് കുറയ്ക്കുമെന്നു പ്രതീക്ഷിക്കാം. അല്ലെങ്കില്‍ 11-14 ഡോളര്‍ വച്ചുള്ള തുക തന്നെ നല്‍കേണ്ടവരും.) അല്ലാത്തവര്‍ക്ക് ഫ്രീ മോഡലില്‍ തുടരാം. അവര്‍ക്ക് പരസ്യം കാണേണ്ടിവരും. ഇവരെ ഫെയ്‌സ്ബുക്കും പരസ്യക്കാരും നിര്‍ബാധം ട്രാക്കു ചെയ്യുകയും ചെയ്യും.

ഇതും സക്കര്‍ബര്‍ഗിന് ഇഷ്ടമല്ല. അതിനും കാരണമുണ്ട്. ഇങ്ങനെ വന്നാല്‍, കാശുള്ളവര്‍ പെയ്ഡ് വേര്‍ഷനിലേക്കു മാറും. (അമേരിക്കയിലെയും മറ്റുചില വികസിതരാജ്യങ്ങളിലെയും കാര്യമാണേ.) ഇവരാണ് കൂടുതല്‍ സമയം ഫെയ്‌സ്ബുക്കില്‍ ചിലവഴിക്കുന്നതും, കൂടുതല്‍ പരസ്യങ്ങളില്‍ ക്ലിക്കു ചെയ്യുന്നതും. ഇവര്‍ മാറുന്നത് തനിക്കു നഷ്ടക്കച്ചവടമാണെന്ന സക്കര്‍ബര്‍ഗിന്റെ ചിന്ത, വരുമാനം കണക്കിലെടുത്താല്‍ ശരിയുമാണ്. എന്നാല്‍, ഫെയ്‌സ്ബുക്കിന് മിക്കവാറും ഇത്തരമൊരു മോഡലിലേക്കു മാറേണ്ടിവരാനാണു സാധ്യത. അല്ലാത്ത പക്ഷം, സ്വകാര്യതയെക്കുറിച്ചു വാദിക്കുന്നവര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ഫെയ്‌സ്ബുക്കിന് ഭാവിയില്‍ അതു പ്രശ്‌നമാകാനും സാധ്യതയുമുണ്ട്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാനായെങ്കിലും ഇങ്ങനെ ഒരു മോഡല്‍ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ, ഇതില്‍ നിന്ന് ഉപയോക്താവിന് എന്തെങ്കിലും ഗുണം കിട്ടുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്. ഉപയോക്താവിന്റെ ഡേറ്റ വീണ്ടും ഫെയ്‌സ്ബുക്കിന്റെ കൈയ്യില്‍ ഗവേഷണത്തിനായി എത്തും. വിവിധ രാജ്യങ്ങളില്‍ വന്നേക്കാവുന്ന നിയമങ്ങളായിരിക്കും പെയ്ഡ് വേര്‍ഷനിലേക്കു മാറിയവരുടെ പരിരക്ഷയ്ക്കു സഹായകമാകുക.

സബ്‌സ്‌ക്രിപഷന്‍ ഏര്‍പ്പെടുത്തിയാല്‍ ഫെയ്‌സ്ബുക്ക് വിടാന്‍ താത്പര്യമില്ലാത്തവര്‍ പരസ്യം കണ്ടേക്കാം.. ഇതാണ് ഫെയ്‌സ്ബുക്കും കമ്പനിയുടെ ഓഹരിയില്‍ പണം നിക്ഷേപിച്ചിരിക്കുന്നവരും ആഗ്രഹിക്കുന്ന കാര്യവും. എന്തായാലും ഇത്രയും വലിയ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റ് നടത്തിക്കൊണ്ടു പോകണമെങ്കില്‍ പണം ആവശ്യമാണ്. അതിനുള്ള സാധ്യമായ വഴികളൊക്കെ ഈ ടെക് ഭീമൻ നോക്കുകയും ചെയ്യും.