ഫെയ്സ്ബുക്കിന്റെ സമയം കഴിഞ്ഞു, ആപ്പുകൾ പരാജയം; ജനം ഉപേക്ഷിച്ചു

ഫെയ്സ്ബുക് എന്ന ഒറ്റ ആപ്പ് അല്ലാതെ കമ്പനി സൃഷ്ടിച്ച മറ്റൊന്നിലേക്കും ഉപയോക്താക്കളെ ആകർഷിക്കാനാവാതെ ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‍വർക്ക് ബുദ്ധിമുട്ടുന്നു. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും ഇൻസ്റ്റഗ്രാമും വാട്സാപ്പും വളർന്നു വളർന്ന് ഫെയ്സ്ബുക്കിനെ വിഴുങ്ങിക്കളയുമെന്നു തോന്നിയപ്പോൾ കോടികൾ നൽകി വിലയ്ക്കു വാങ്ങിയതാണ് മാർക്ക് സക്കർബർഗ്. അപ്പോഴും വാട്സാപ്പിനെക്കാൾ കേമം ഫെയ്സ്ബുക്കാണെന്നു തെളിയിക്കാൻ ഫെയ്സ്ബുക് മെസഞ്ചർ ഒരു സ്വതന്ത്ര ആപ്പാക്കുകയും വാട്സാപ്പിലുള്ള എല്ലാ സംവിധാനങ്ങളും മെസഞ്ചറിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നിട്ടും വാട്സാപ്പല്ല, മെസഞ്ചറാണ് കേമം എന്ന് ഉപയോക്താക്കൾ സമ്മതിച്ചില്ല. 

ഫെയ്സ്ബുക്കിന് ഏറ്റവും വലിയ ഭീഷണിയായിത്തീർന്ന സ്നാപ്ചാറ്റ് ഏറ്റെടുക്കാനായി അടുത്ത ശ്രമം. അനേകം വഴികളിലൂടെ സ്നാപ്ചാറ്റ് എന്തു വില നൽകിയും ഏറ്റെടുക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. അടച്ചുപൂട്ടിയാലും സ്നാപ് ഫെയ്സ്ബുക്കിനു വിൽക്കാനില്ലെന്ന വാശിയോടെ സ്നാപ്ചാറ്റ് സ്ഥാപകൻ ഇവാൻ സ്പീഗൽ പിടിച്ചു നിന്നു. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻതൂക്കം നൽകുന്ന സ്നാപ്ചാറ്റ് സ്വന്തമാക്കിയാൽ സ്വകാര്യതാലംഘനങ്ങളുടെ പേരിൽ പഴി കേൾക്കുന്ന ഫെയ്സ്ബുക്കിന് മുഖം രക്ഷിക്കുന്നതോടൊപ്പം പ്രധാന എതിരാളിയെ വലയിലാക്കുകയും ചെയ്യാം എന്നായിരുന്നു ലക്ഷ്യം. അതു പാളിയതോടെ ആവനാഴിയിൽ അവശേഷിക്കുന്നതെല്ലാം എടുത്തു പ്രയോഗിക്കുകയായിരുന്നു ഫെയ്സ്ബുക്. 

ഉപയോക്താക്കളുടെ വിവരങ്ങൾ കൂടുതൽ കൈവശപ്പെടുത്തി പരസ്യവിന്യാസത്തിലൂടെ വരുമാനം വർധിപ്പിക്കുന്നതിനും ഫെയ്സ്ബുക് വിട്ടുപോകുന്ന ചെറുപ്പക്കാരെ പിടിച്ചുനിർത്തുന്നതിനും കഴിഞ്ഞ വർഷങ്ങളിൽ അവതരിപ്പിച്ച ആപ്പുകളൊന്നും ആരും തിരിഞ്ഞു നോക്കിയതു പോലുമില്ല. ഫെയ്സ്ബുക് ഗ്രൂപ്പ്സ് എന്ന ആപ്പ് കഴിഞ്ഞ വർഷം അടച്ചുപൂട്ടിയതിനു പുറമേ വരും ദിവസങ്ങളിൽ മൂന്ന് ആപ്പുകൾ കൂടി നിർത്തലാക്കാനുള്ള തീരുമാനം കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്. 2014ൽ അവതരിപ്പിച്ച മൂവ്സ്, 2014ൽ അവതരിപ്പിച്ച ഹലോ, കഴിഞ്ഞ വർഷം അവതരിപ്പിച്ച ടിബിഎച്ച് എന്നീ ആപ്പുകളാണ് നിർത്തലാക്കുന്നതായി ഫെയ്സ്ബുക് പ്രഖ്യാപിച്ചത്.

മൂവ്സ് ഒരു ഫിറ്റ്നസ് ആപ്പായാണ് ഫെയ്സ്ബുക് അവതരിപ്പിച്ചത്. ഹലോ ആകട്ടെ ആൻഡ്രോയ്ഡ് ഫോണുകൾക്കുള്ള ഹോം ലോഞ്ചറും. ഫോണിലെ എല്ലാ വിവരങ്ങളും ഫെയ്സ്ബുക്കുമായി പങ്കുവയ്ക്കുന്ന ഹലോ സ്വകാര്യതയുടെ പേരിൽ ചർച്ചകളിൽ നിറഞ്ഞതാണ്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ടിബിഎച്ച് സ്നാപ്ചാറ്റിനൊപ്പം നിൽക്കുന്ന കൗമാരക്കാരെ മാത്രം ഉദ്ദേശിച്ച് യുഎസിൽ അവതരിപ്പിച്ച ആപ്പാണ്. യുഎസിലെ ഹൈസ്കൂൾ വിദ്യാർഥികൾക്ക് രഹസ്യമായി മെസ്സേജ് അയയ്ക്കാൻ അവതരിപ്പിച്ച എൻക്രിപ്റ്റഡ് ആപ്പ് പക്ഷേ നഴ്സറി കുട്ടികൾ പോലും ഉപയോഗിച്ചില്ല. കേംബ്രിജ് അനലിറ്റിക്ക വിവാദവും വ്യാജവാർത്താ പ്രചാരണവും വിശ്വാസ്യത നഷ്ടപ്പെടുത്തിയതോടെ വളർച്ചയിൽ ഇടിവു നേരിടുന്ന സാഹചര്യത്തിലാണ് സഹായകരമല്ലാത്ത ആപ്പുകൾ നിർത്തലാക്കാൻ ഫെയ്സ്ബുക് തീരുമാനിച്ചിരിക്കുന്നത്. ജൂലൈ 31ന് ഈ ആപ്പുകളുടെ ഫ്യൂസൂരും എന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേ സമയം, യുഎസിൽ ഫെയ്സ്ബുക് ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായി വർധനയുണ്ടായി. ചെറുപ്പക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടുതൽ ശക്തമായി തുടരുന്നുമുണ്ട്. ഫെയ്സ്ബുക് പോലെ മറ്റൊരു സോഷ്യൽ നെറ്റ്‍വർക്കിലേക്ക് ചേക്കേറാൻ ആരും താൽപര്യം കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. 2018ൽ ചെറുപ്പക്കാർ ഏറ്റവുമധികം ഉപയോഗിക്കുന്ന സോഷ്യൽ നെറ്റ്‍വർക്കിങ് ആപ്പ് യു ട്യൂബ് ആണ്. ഫെയ്സ്ബുക്കിനെ മറികടക്കാൻ പുതിയ സോഷ്യൽ‍നെറ്റ്‍വർക്ക് ആപ്പുകൾ അവതരിപ്പിച്ച് സുല്ലിട്ട ഗൂഗിളിന് ഇത് വൻനേട്ടമായി. യുഎസ് യുവാക്കളിൽ 85% പേരും യു ട്യൂബ് ഉപയോഗിക്കുന്നു. 72% പേരുപയോഗിക്കുന്ന ഇൻസ്റ്റഗ്രാം ആണ് രണ്ടാമത്. 69% പേരുപയോഗിക്കുന്ന സ്നാപ്ചാറ്റ് മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ വലിയ വ്യത്യാസത്തിൽ നാലാം സ്ഥാനത്താണ് ഫെയ്സ്ബുക് - 51%. ട്വിറ്റർ അഞ്ചാം സ്ഥാനത്തുണ്ട്. 2015വരെ ഫെയ്സ്ബുക് ആയിരുന്നു ഈ പട്ടികയിൽ ഒന്നാമത്.