ഫെയ്സ്ബുക്കിലും സെക്സ് റാക്കറ്റ്: പെൺകുട്ടികളെ വീഴ്ത്തുന്നത് ഗ്രൂമിങ് വഴി

പത്തു വര്‍ഷം മുൻപ്, വായനയില്‍ താത്പര്യമുള്ള 13 വയസുള്ള മകനെ വീട്ടില്‍ നിന്നു കുറച്ചു അകലെയുള്ള ലൈബ്രറിയില്‍ ചേര്‍ത്തയാളുടെ അനുഭവം പറഞ്ഞു തുടങ്ങാം. കുട്ടിയ്ക്ക് ഒറ്റയ്ക്കു പോയി വരാന്‍ പ്രാപ്തിയുണ്ടെന്നു കണ്ട അയാള്‍ പിന്നെ അവനെ തനിച്ചു വിടാൻ തുടങ്ങി. മാസങ്ങള്‍ക്കുള്ളില്‍ കുട്ടി അകാരണമെന്നു തോന്നിച്ച ഭീതിയും ദേഷ്യവും മറ്റും വീട്ടിലെത്തുമ്പോള്‍ കാണിച്ചു തുടങ്ങി. വളര്‍ച്ചയുടെ പാതയില്‍ ഏറ്റവുമധികം വ്യത്യാസങ്ങള്‍ കാണിക്കുന്നത് ടീനേജിലാണ് എന്നറിയാമായിരുന്ന അയാളും ഭാര്യയും കുട്ടിയുടെ പ്രശ്‌നങ്ങള്‍ അതായിരിക്കാമെന്നു കരുതി. മകന്‍ ഒന്നിനൊന്ന് മൗനിയും വാശിക്കാരനുമാകുന്നത് അവര്‍ നോക്കി നിന്നു.

അങ്ങനെയിരിക്കെ അയാളുടെ കൂട്ടുകാരന്‍ കുട്ടിയെയും രണ്ടു മുതിര്‍ന്ന യുവാക്കളെയും ലൈബ്രറിയ്ക്കടുത്തുള്ള ഒരു ആരാധനാലയത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ വച്ചു കണ്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നിന്നു മനസിലായത് ഒറ്റയ്ക്കു നടന്നു വരുന്ന കുട്ടിയില്‍ പരിചയം വളര്‍ത്തി, മിഠായിയും ഐസ്‌ക്രീമുമൊക്കെ വാങ്ങിക്കൊടുത്ത് വരുതിയിലാക്കുകയായിരുന്നു. പിന്നീടു ഭീഷണിയിലൂടെ അവനെ യുവാക്കള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് കൊണ്ടുപോയിരുന്നു. കുട്ടിയെ അവരില്‍ നിന്ന് അടര്‍ത്തി മാറ്റി പൂര്‍വ്വദശയിലേക്ക് എത്തിക്കാന്‍ മാതാപിതാക്കള്‍ക്ക് കഠിനപ്രയത്‌നം വേണ്ടിവന്നു.

കുട്ടി എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ മാതാപിതാക്കളോടു പറഞ്ഞില്ല എന്ന ചോദ്യം ന്യായമാണ്. പക്ഷേ, അതു മുതിര്‍ന്നവരുടെ ചോദ്യമാണ്. കുട്ടിയുടെ ലോകം, പ്രത്യേകിച്ചും ഒരു ടീനേജറുടെ ലോകം വ്യത്യസ്തമാണ്. ശരിതെറ്റുകളെക്കുറച്ചുള്ള അവബോധമൊക്കെ ടീനേജ് കുട്ടികളില്‍ പുനര്‍ജനിക്കാനിരിക്കുന്നതെയുള്ളു. മാതാപിതാക്കളുടെ സംരക്ഷണവലയത്തിൽ നിന്നു പൊട്ടിച്ചു പുറത്തു വന്നാലെ അവര്‍ക്ക് ഭാവിയില്‍ സ്വയംപര്യാപ്തതയിൽ എത്താനാകൂ എന്നതിനാല്‍ അവരെ കുറച്ചൊക്കെ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുന്നതും അപകടകരമാണ്. 

ലൈബ്രറിയില്‍ പോയ കുട്ടി ചരിത്രത്തിലേക്കു പിന്‍വലിഞ്ഞു. എന്നാല്‍, ഇന്ന് കുട്ടികള്‍ നന്നെ ചെറുപ്പത്തില്‍ത്തന്നെ സോഷ്യൽമീഡിയകളിൽ സാന്നിധ്യമാകാന്‍ ശ്രമിക്കുന്നു. കുട്ടികള്‍ക്ക് മധുരവാക്കും കൊഞ്ചിക്കലുമായി അവിടെ കാത്തുനില്‍ക്കുന്ന 'ചേട്ടന്മാരെയും അങ്കിളുമാരെയും ചേച്ചിമാരെയും' കുറിച്ച് പല മാതാപിതാക്കള്‍ക്കും അറിവില്ലായരിക്കും. ലൈബ്രറിയില്‍ പോയ കുട്ടിയ്ക്കു നേരനുഭവമാണ് ഉണ്ടായതെങ്കില്‍ ഇപ്പോഴത്തെ കുട്ടികള്‍ക്ക് വെര്‍ച്വല്‍ അനുഭവങ്ങളാണ് ഉണ്ടാകുന്നത്. ഇരപിടിയന്മാര്‍ അവിടെ കാത്തിരിക്കുന്നു. വാത്സല്യത്തില്‍ തുടങ്ങി, തങ്ങളുടെ ഇംഗിതങ്ങളിലേക്ക് കുട്ടിയെ പതിയെ എത്തിക്കുന്നു. ലോകമെമ്പാടും ഇത്തരം ഒരു പ്രവണത അനുദിനം വര്‍ധിക്കുന്നു എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. പരിശീലിപ്പിച്ചെടുക്കല്‍ (grooming) എന്നാണ് വിദേശമാധ്യമങ്ങള്‍ ഇതിനെ വിളിക്കുന്നത്. ഇത്തരം പ്രവണതകള്‍ക്ക് നമ്മുടെ നാട്ടിലും പ്രചാരം സിദ്ധിക്കുന്നുവെന്നാണ് സമീപകാല സൂചനകള്‍ കാണിക്കുന്നത്. 

എന്താണ് ഗ്രൂമിങ്?

ബാല പീഡകര്‍ കുട്ടികളെ അവരുടെ താത്പര്യത്തിനു അനുസരിച്ച് വളര്‍ത്തിക്കൊണ്ടു വരുന്ന രീതിയെയാണ് ഗ്രൂമിങ് എന്നു വിളിക്കുന്നത് എന്നു കണ്ടല്ലൊ. ഇത് ഏതെങ്കിലും അറിയപ്പെടാത്ത വെബ്‌സൈറ്റുകളില്‍ വഴിതെറ്റി ചെല്ലുന്ന കുട്ടികളുടെ മേല്‍ പ്രയോഗിക്കലല്ല. മറിച്ച് ഫെയ്‌സ്ബുക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ മുൻനിര വെബ്‌സൈറ്റുകളിലാണ് ഇരപിടിയന്മാര്‍ കുട്ടികളെ കാത്ത് പതുങ്ങിക്കിടക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ യോര്‍ക്ഷയറില്‍ മാത്രമായി 300 സെക്‌സ് ഗ്രൂമിങ് കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ ഏപ്രില്‍ മുതല്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടില്‍ മാത്രം ഇത്തരത്തില്‍ ലൈംഗികച്ചുവയുള്ള ചാറ്റും ചിത്രങ്ങളുമൊക്കെയായി കുട്ടികളെ സമീപിച്ചവരുടെ എണ്ണം 3,171 ആണ്. 

പൊതുവെ ഇത്തരക്കാര്‍ ലക്ഷ്യംവയ്ക്കുന്നത് 13നും 15നും ഇടയിലുള്ള പെണ്‍കുട്ടികളെയാണ്. പൊലീസ് കണ്ടെത്തിയ 2,097 കേസുകളില്‍ 70 ശതമാനവും ഫെയ്‌സ്ബുക്, സ്‌നാപ്ചാറ്റ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സൈറ്റുകളിലെ കുട്ടികളെയാണ് ബാലപീഡകര്‍ ഉന്നം വയ്ക്കുന്നതെന്നാണ്. ഇത്തരം കുട്ടികളില്‍ എട്ടു വയസുകാരികള്‍ വരെയുണ്ടെന്നാണ് അവര്‍ പറയുന്നത്. ഈ പ്രവണതയ്‌ക്കെതിരെ സമൂഹ മനസാക്ഷിയെ ഉണര്‍ത്താന്‍ ട്വിറ്ററില്‍ തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍: https://bit.ly/2m0DF6O പറയുന്നത് വളരെ പെട്ടെന്ന് നിയമനിര്‍മാണം നടത്തി കുട്ടികളെ രക്ഷിക്കണമെന്നാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളോട് സെക്സ് ഗ്രൂമിങ് നടക്കുന്നില്ല എന്നുറപ്പിക്കാന്‍ സർക്കാരുകള്‍ ആവശ്യപ്പെടണമെന്നും കൂട്ടായമ ആവശ്യപ്പെടുന്നു. ഇ-സുരക്ഷാ സോഫ്റ്റ്‌വെയര്‍ വെബ്‌സൈറ്റുകളില്‍ വേണമെന്നും അവര്‍ നിർദേശിക്കുന്നു.

നിലവിലുള്ളവയില്‍ 30 ശതമാനം കേസുകളും ഫെയ്‌സ്ബുക്കിലാണ് ഉടലെടുത്തത്. ഇതേപറ്റി പഠനം നടത്താനിറങ്ങിയപ്പോള്‍ തങ്ങള്‍ പ്രതീക്ഷിച്ചതിനെക്കാളധികം ഇരകളെയാണ് കണ്ടതെന്ന് ബ്രിട്ടനിലെ എന്‍എസ്പിസിസി (National Society for the Prevention of Cruelty to Children) ചീഫ് എക്‌സിക്യൂട്ടിവ് പീറ്റര്‍ വോണ്‍ലെസ് പറഞ്ഞു. മുതിര്‍ന്നവരില്‍ നിന്നു വരുന്ന ഒരു ലൈംഗിക സന്ദേശം പോലും കുട്ടികളുടെ ഭാവി ജീവിതത്തില്‍ വന്‍ ആഘാതം സൃഷ്ടിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ കുട്ടികള്‍ക്കു ദോഷം ചെയ്യുന്നുവെന്ന് ഉറപ്പായിരിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികള്‍ക്ക് സംരക്ഷണവലയം ഒരുക്കാന്‍ സാമുഹ്യമാധ്യമങ്ങളെ പ്രേരിപ്പിക്കണമെന്നാണ് അദ്ദേഹത്തെ പോലെയുള്ളവര്‍ പറയുന്നത്. ബ്രിട്ടനില്‍ കഴിഞ്ഞ വര്‍ഷം ഗ്രൂമിങ് ക്രമിനല്‍ കുറ്റമായി പ്രഖ്യാപിച്ച് അവതരിപ്പിച്ച നിയമം ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഇരകളുടെ എണ്ണം നിരവധി മടങ്ങു കൂടുമായിരുന്നു.

ബ്രിട്ടനില്‍ ഓരോ ഗ്രൂമിങ് കുറ്റകൃത്യവും അന്വേഷിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ തന്നെ നിയോഗിച്ചിരിക്കുന്നു. ഗ്രൂമിങ്ങിനെ പറ്റി ചോദിച്ചപ്പോള്‍ ഫെയ്‌സ്ബുക്കിന്റെ വക്താവു പറഞ്ഞത് ഇത്തരക്കാരോടു തങ്ങള്‍ അല്‍പ്പം പോലും ദയ കാണിക്കുന്നില്ല എന്നാണ്. റിപ്പോര്‍ട്ടു ചെയ്യപ്പെട്ടാല്‍ ഉടന്‍ അത്തരക്കാരെ തങ്ങള്‍ നീക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 

നോര്‍ത് വെയ്ല്‍സില്‍ നിന്നുള്ള ഒരു 14 കാരിയുടെ അനുഭവം ഇങ്ങനെ ചുരുക്കി പറയാം: 

തുടക്കത്തില്‍ നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന സന്ദേശങ്ങളാണ് ഗ്രൂമര്‍മാര്‍ അയയ്ക്കുന്നത്. ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ സന്ദേശങ്ങളില്‍ ലൈംഗികത പുരണ്ടു തുടങ്ങി. എന്നാല്‍ അവ വളരെ സൂക്ഷ്മമായാണ് അവർ ഉപയോഗിച്ചിരുന്നത്. അതാണ് ഇത്തരം ബന്ധങ്ങളിലേക്ക് വഴുതി വീഴാന്‍ കാരണമാകുന്നത്. അവര്‍ ആഗ്രഹിക്കുന്ന തരത്തിലൊരു മറുപടി താന്‍ കൊടുത്തില്ലെങ്കില്‍ അവര്‍ പറയും- നീ എനിക്കു വളരെ അപക്വമതിയാണ് (You are too immature for me). അവര്‍ വളരെ കൗശലക്കാരാണ്. പക്ഷേ, നമ്മള്‍ അതു ശ്രദ്ധിക്കുക പോലുമില്ല. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ എനിക്കു പേടി വരുന്നു- പ്രായമുള്ളവര്‍ക്ക് ഞാന്‍ ഭാഗികമായി വസ്ത്രം ധരിച്ച ചിത്രങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. രക്ഷപെട്ടില്ലായിരുന്നെങ്കില്‍ കാര്യങ്ങള്‍ അവിടെയൊന്നും നില്‍ക്കുകയില്ലായിരുന്നുവെന്നാണ് അവള്‍ പറഞ്ഞത്.

ഫെയ്‌സ്ബുക് അടക്കമുള്ള 80 വെബ്‌സൈറ്റുകളെയാണ് ഇരപിടിയന്മാര്‍ ആശ്രിയിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ നിയമനിര്‍മാണം ഉദ്ദേശിച്ച ഫലം കണ്ടിട്ടില്ലെങ്കിലും സ്‌കോട്‌ലൻഡില്‍ കൊണ്ടുവന്ന ലൈംഗിക സംഭാഷണവിരുദ്ധ നിയമം (sex communication legislation) കൂടുതല്‍ ഫലപ്രദമാണെന്നാണ് കാണുന്നത്.

വിഷ ഗെയ്മുകള്‍ 

തീരെ ചെറിയ കുട്ടികള്‍ സ്മാര്‍ട് ഉപകരണങ്ങളില്‍ ഗെയിം കളിക്കാനാണു കൂടുതല്‍ ഉപയോഗിക്കുന്നത് എന്നറിയാമല്ലോ. കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഗെയിമുകള്‍ സൃഷ്ടിച്ച റൊബ്‌ളോക്‌സിന്റെ (Roblox), ഒന്നിലേറെ പേര്‍ക്കു കളിക്കാവുന്ന ഓണ്‍ലൈന്‍ ഗെയിം ലൈംഗിക അതിപ്രസരത്തിലേക്കു കൂപ്പു കുത്തകയെന്ന് ദി സണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അവരാകട്ടെ യുട്യൂബില്‍ വരെ ഈ വികല ഗെയിമിന്റെ വിഡിയോ തിരുകുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഒരു പ്രൊഫൈല്‍ (അവതാര്‍) സൃഷ്ടിച്ച് കളിയിലേര്‍പ്പെടാം. ഐഫോണ്‍, മാക്, വിന്‍ഡോസ്, ആന്‍ഡ്രോയിഡ് തുടങ്ങി ഫെയ്‌സ്ബുക്കിന്റെ ഒക്ക്യുലസ് റിഫ്റ്റില്‍ വരെ ഇതു നിറഞ്ഞു തുളുമ്പുന്നു. ഈ വെര്‍ച്വല്‍ XXX ഗെയിം ഏഴു വയസിനു മുകളിലുള്ള ഏതു പ്രായക്കാര്‍ക്കും കളിക്കാം. ഇത്ര ലൈംഗികാതിപ്രസരമുള്ള ഗെയിമുകള്‍ കുട്ടികള്‍ കളിക്കാന്‍ ഇടവരരുതെന്നാണ് വികസിത രാജ്യങ്ങളിലെ ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഇത്തരം ഗെയിമുകളിലൂടെ കുട്ടികളെ മെരുക്കാന്‍ മുതിര്‍ന്നവര്‍ക്കു സാധിക്കും. ഇതെല്ലാം അങ്ങു വിദേശത്തല്ലെ നടക്കുന്നതെന്നു ചോദിക്കാം. ഇന്റര്‍നെറ്റ് സൃഷ്ടിച്ച ആഗോള ഗ്രാമമാണു പുതിയ ലോകമെങ്കില്‍ പിന്നെ എന്തു വിദേശം? കൂടാതെ മിക്ക ഗെയിമുകളും ഭാഷാതീതമാണല്ലോ. കുട്ടികള്‍ കളിക്കുന്ന ഗെയിമുകള്‍ക്കും നിഷ്‌കളങ്കത നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നുവെന്ന കാര്യവും മാതാപിതാക്കളും വേണ്ടപ്പെട്ടവരും ഓര്‍ത്തു വയ്‌ക്കേണ്ടതാണ്.