‘ഗ്രാറ്റുല’ കമന്റിട്ട് ചുവപ്പിക്കേണ്ട; ഫെയ്സ്ബുക് പാസ്‌വേർഡും മാറ്റരുത്!

കമന്‍റ് സെക്‌ഷനിൽ ഗ്രാറ്റുല എന്ന ടെപ്പ് ചെയ്ത് അക്ഷരം ചുവപ്പാകുകയാണെങ്കിൽ നിങ്ങളുടെ ഫെയ്സ്ബുക് അക്കൗണ്ട് സുരക്ഷിതമാണെന്ന് ഉറപ്പിക്കാം. സമൂഹമാധ്യമങ്ങളിൽ പരക്കുന്ന ഒരു സന്ദേശമാണിത്. അക്ഷരങ്ങള്‍ ചുവപ്പിലേക്ക് മാറിയില്ലെങ്കിൽ സൂക്ഷിക്കണം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് അതിനർഥമെന്നും സന്ദേശം മുന്നറിയിപ്പു നൽകുന്നു. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങളിൽ ഒന്നു മാത്രമാണിത്. 

ഗ്രാറ്റുല എന്നത് അഭിനന്ദനം സൂചിപ്പിക്കുന്ന ഒരു പദമാണ്. കൺഗ്രാജുലേഷൻ എന്നത് ഫെയ്സ്ബുക് ചുവപ്പിൽ കാണിക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പദത്തോട് അനുബന്ധിച്ചുള്ള ആകാംക്ഷ പ്രകടമാക്കാനും പെട്ടെന്ന് ശ്രദ്ധയിൽ കൊണ്ടുവരാനുമാണ് ഈ നിറംമാറ്റമെന്ന് കമ്പനി വിശദീകരിച്ചിട്ടുമുണ്ട്. ഗ്രാറ്റുല എന്നത് സമാന അഭിനന്ദന പദമായതിനാലാണ് ചുവപ്പിലേക്കുള്ള നിറംമാറ്റം ഉണ്ടാകുന്നത്. 

ഓരോ ഭാഷക്കും അനുസരിച്ച് ചില പദങ്ങൾ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങൾ ചുവപ്പാകുന്ന രീതി കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്. മലയാളത്തിൽ ഉമ്മ എന്ന് ടൈപ്പ് ചെയ്താൽ അക്ഷരങ്ങൾ ചുവപ്പു നിറത്തിൽ പ്രത്യക്ഷമാകുന്നത് ഇതിനൊരു ഉദാഹരണമാണ്. സുഹൃത്തുക്കളുടെ പോസ്റ്റുകൾക്ക് താഴെ കമന്‍റ് ബോക്സിൽ ഉമ്മ എന്നെഴുതിയാൽ സ്ക്രീനിന്‍റെ ഇരുഭാഗത്തു നിന്നും ചുവന്ന ഹൃദയ ചിഹ്നങ്ങൾ ഉയർന്നുവരികയും ചെയ്യും. ഇതെല്ലാം ഉപയോക്താക്കളെ കൂടെ നിർത്താനുള്ള ഫെയ്സ്ബുക്കിന്‍റെ തന്ത്രങ്ങൾ മാത്രമാണ്. എന്നാൽ അക്കൗണ്ടിന്‍റെ സുരക്ഷയും ഇതുമായി യാതൊരു ബന്ധവുമില്ല.

ഗ്രാറ്റുലയും ചേർത്തിയുള്ള സന്ദേശം മലേഷ്യയിലാണ് കൂടുതൽ പ്രചരിച്ചിട്ടുള്ളത്. സക്കർബർഗ് കണ്ടെത്തിയ ഒരു പുതിയ വാക്കാണിതെന്നും ഇത് ടൈപ്പ് ചെയ്ത ശേഷം അക്ഷരങ്ങൾ ചുവപ്പായി മാറിയില്ലെങ്കിൽ ഉടൻ പാസ്‍വേഡ് മാറ്റണമെന്നും സന്ദേശം പറയുന്നു.