ഇന്ത്യയിൽ വാട്സാപ്പിന് പൂട്ട് വീണു; ഇനി 5 ചാറ്റുകൾ, ഫോർവേഡ് ബട്ടൺ നീക്കും

കേന്ദ്ര സർക്കാരിന്റെ ശക്മായ എതിർപ്പിനെ തുടർന്ന് ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പ് ഇന്ത്യയിൽ വൻ മാറ്റങ്ങൾ നടപ്പിലാക്കാൻ പോകുന്നു. വ്യാജ പോസ്റ്റുകളെ തുടർന്ന് കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും വ്യാപകമായതോടെയാണ് വാട്സാപ്പിനെതിരെ സർക്കാർ രംഗത്തുവന്നത്.

ഇതേത്തുടർന്ന് വാട്സാപ്പിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് അറിയുന്നത്. ദിവസവും കോടാനു കോടി പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നത് ഇന്ത്യയ്ക്കാരാണ് വാട്സാപ്പിന്റെ ഏറ്റവും വലിയ ശക്തി. എന്നാൽ ഇനി മുതൽ ഒരുതവണ അഞ്ചു ചാറ്റുകൾ അല്ലെങ്കിൽ ഫോർവേഡ് സന്ദേശങ്ങൾ വരെ അനുവദിക്കൂ എന്നാണ് അറിയുന്നത്.

ഇതോടൊപ്പം പോസ്റ്റുകളുടെ കൂടെയുള്ള ക്യുക്ക് ഫോർവേർഡ് ബട്ടണും നീക്കം ചെയ്യും. ലോകത്ത് ഏറ്റവും കൂടുതൽ മെസേജുകൾ, ഫോട്ടോകൾ, വിഡിയോകൾ അയക്കുന്നത് ഇന്ത്യയ്ക്കാരാണെന്ന് വാട്സാപ്പ് തന്നെ സമ്മതിച്ചതാണ്. ഇത്തരം മെസേജ് പ്രളയത്തെ നിയന്ത്രിക്കാനാണ് പോകുന്നത്.

ഒരു ചാറ്റ് തന്നെ നിരവധി പേർക്ക് ഫോർവേഡ് ചെയ്യാവുന്ന ഫീച്ചറിനാണ് നിയന്ത്രണം വരിക. ഇതോടെ ഒരു മെസേജ് അഞ്ചു പേർക്ക് മാത്രമാണ് അയക്കാൻ സാധിക്കുക. വ്യാജ വാർത്തകളെ തുടർന്ന് പത്ത് സംസ്ഥാനങ്ങളിലായി 31 പേരെയാണ് കൊലപ്പെടുത്തിയത്. എല്ലാം വ്യാജ വാട്സാപ്പ് സന്ദേശങ്ങളെ തുടർന്നായിരുന്നു.

വാട്സാപ്പുകാർ അറിയണം ഈ 10 കാര്യങ്ങൾ, രണ്ടുവട്ടം ആലോചിക്കണേ!

വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിലൂടെ പറന്നിറങ്ങാൻ തുടങ്ങിയ സമയം മുതൽ ഇതിനെ പിടിച്ചുകൊട്ടാനുള്ള തീവ്ര പരിശ്രമത്തിലാണ് ടെക് ലോകം. തെറ്റായ സന്ദേശങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങൾക്കുവരെ ഹേതുവായതോടെ കേന്ദ്ര സർക്കാരും പിടിമുറുക്കാൻ തുടങ്ങി. ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് വാട്സാപ്പിന് കേന്ദ്രം കർശന നിർദേശം നൽകിയത് ഈ ജാഗ്രതയുടെ ഭാഗമായാണ്. സ്വന്തം നിലയിൽ നടപടികള്‍ ആരംഭിച്ചതായി അറിയിച്ച വാട്സാപ്പ് ഇംഗ്ലീഷ് മാധ്യമങ്ങളിൽ മുഴുനീള അവബോധന പരസ്യങ്ങളുമായി രംഗതെത്തി. പ്രാദേശിക പത്രങ്ങളിലും സമാന പരസ്യങ്ങളുമായി ബോധവത്ക്കരണത്തം ടോപ് ഗിയറിലാക്കാനാണ് കമ്പനിയുടെ പരിപാടി. ഇന്ത്യയിലെ ഉപയോക്താക്കൾക്കായി ശ്രദ്ധിക്കാൻ പത്തു നിർദേശങ്ങളും വാട്സാപ്പ് മുന്നോട്ടുവച്ചിട്ടുണ്ട്.

1. ഫോർവേഡ് ചെയ്തെത്തുന്ന സന്ദേശങ്ങൾ സൂക്ഷിക്കുക

ഫോര്‍വേഡ് ചെയ്തെത്തുന്ന സന്ദേശങ്ങളിലൂടെയാണ് പലപ്പോഴും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കപ്പെടുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫോർവേഡ് ചെയ്ത് ലഭിക്കുന്ന സന്ദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് വാട്സാപ്പ് ആവശ്യപ്പെടുന്നത്. ഒരു സന്ദേശം ഫോർവേഡ് ചെയ്തതാണോ എന്ന് മനസിലാക്കാൻ നിലവിൽ സൗകര്യമില്ലെന്നതാണ് ഇപ്പോഴത്തെ പ്രധാന ന്യൂനത. ഇത് പരിഹരിക്കാനായി ഫോർവേഡ് ചെയ്യപ്പെടുന്ന സന്ദേശങ്ങൾ ഒറ്റനോട്ടത്തിൽ തിരിച്ചറാൻ കഴിയുന്ന സവിശേഷത കൊണ്ടുവന്നിട്ടുണ്ടെന്നാണ് വാട്സാപ്പ് പറയുന്നത്. എന്നാൽ എല്ലാ ഉപയോക്താക്കൾക്കും ഒരുപോലെ ഈ സവിശേഷത ലഭ്യമായി തുടങ്ങിയിട്ടില്ലെന്നതാണ് സത്യം.

2. അവിശ്വസനീയമെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന സന്ദേശങ്ങൾ പരിശോധിക്കുക

ഒരു സന്ദേശവും മുഖവിലയ്ക്ക് എടുക്കരുതെന്നാണ് വാട്സാപ്പ് നൽകുന്ന മുന്നറിയിപ്പ്. സംശയം ജനിപ്പിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഉറപ്പുവരുത്തണം. ഹിമാചൽപ്രദേശിൽ ഓറഞ്ച് ചെടിയിൽ മാങ്ങ വിളഞ്ഞു എന്ന സന്ദേശം കിട്ടിയാലുടൻ അത് ഫോർവേഡ് ചെയ്യുകയല്ല വേണ്ടത് മറിച്ച് ഇതിലൊരു കളിയുണ്ടല്ലോ എന്ന് തിരിച്ചറിയാനുള്ള ശേഷി വേണമെന്ന് സാരം.

3. അസ്വസ്ഥമാക്കുന്ന സന്ദേശങ്ങളെ ചോദ്യം ചെയ്യുക

പ്രകോപിപ്പിക്കുന്ന ഏതെങ്കിലും തരം സന്ദേശമാകും ചിലപ്പോൾ ആളുകൾ കൈമാറി നമ്മളിലെത്തുന്നത്. ഒരൊറ്റ വായനയിൽ തന്നെ രക്തം തിളയ്ക്കുന്ന ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുന്നത് കരുതലോടെ വേണം. സമയമെടുത്ത് ഇതിന്‍റെ ആധികാരികത ഉറപ്പുവരുത്തുക എന്നതാണ് മർമ്മ പ്രധാനം. സാമുദായിക സംഘർഷങ്ങൾക്കും മറ്റും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നത് കൂടി കണക്കിലെടുത്തു വേണം ഇത്തരമൊരു നിർദേശമെന്നു വേണം കരുതാൻ.

4. വ്യത്യസ്തമായ സന്ദേശങ്ങൾ സൂക്ഷിക്കുക

വൈറലാക്കാൻ ഉദ്ദേശിച്ചുള്ള തെറ്റായ സന്ദേശങ്ങൾ അത് കൂടുതലാളുകളിലേക്ക് എത്തുന്ന പ്രത്യേക തരത്തിലാകും നിർമിച്ചുണ്ടാകുക എന്നാണ് വാട്സാപ്പ് പറയുന്നത്. കുറേയധികം സ്മൈലികളോ ഒന്നിലേറെ ഫോട്ടോയോ ഇവയിൽ കണ്ടേക്കാം. ഇത്തരം സന്ദേശങ്ങൾ തിരിച്ചറിയാൻ കഴിയണമെന്നാണ് വാട്സാപ്പ് ആവശ്യപ്പെടുന്നത്.

5. ഫോട്ടോകളെ സൂക്ഷിക്കുക

വ്യാജ സന്ദേശങ്ങൾക്കൊപ്പം ഉപയോഗിക്കുന്ന മിക്ക ഫോട്ടോകളും പരിഷ്കാരം വരുത്തിയതോ ഫോട്ടോഷോപ്പിലൂടെ മാറ്റിയതോ ആയിരിക്കും. വലിയ വാർത്തകൾക്കൊപ്പം പ്രചരിപ്പിക്കപ്പെടുന്ന ഇത്തരം ഫോട്ടാകളുടെ ആധികാരികത ഉറപ്പുവരുത്താതെ ഇത് മറ്റുള്ളവരിലേക്ക് എത്തിക്കരുതെന്നാണ് വാട്സാപ്പ് നിർദേശിക്കുന്നത്.

6. ലിങ്കുകളിൽ അപകടം പതിയിരിക്കുന്നുണ്ട്

ഫോട്ടോ പോലെ തന്നെ ഏറെ ദുരുപയോഗം ചെയ്യപ്പെടുന്ന ഒന്നാണ് ലിങ്കുകൾ. അറിയപ്പെടുന്ന, ഏറെ സ്വീകാര്യതയുള്ള സൈറ്റുകളിലേതെന്ന പ്രതീതി ഉണ്ടാക്കുന്ന തരത്തിലാണ് കള്ളകളി നടത്തി ലിങ്കുകൾ ഷെയർ ചെയ്യപ്പെടുന്നത്. ഇവ പലപ്പോഴും ആധികാരികമായിരിക്കില്ലെന്നതാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

7. മറ്റ് സ്രോതസുകൾ കൂടി പരിശോധിക്കണം

വ്യാജ വാർത്തകളുടെ പ്രചരണം തടയാൻ വാട്സാപ്പ് മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന നിർദേശമാണിത്. എല്ലാ വിവരങ്ങളും വാട്സാപ്പിലൂടെ എന്ന ചിന്ത അപകടകരമാണ്. പത്രം, ടിവിയിലെ വാർത്തകൾ എന്നിവ കൂടി പിന്തുടരണം. വാട്സാപ്പിലൂടെ ലഭിച്ച സന്ദേശം സത്യമാണോയെന്ന് മറ്റുള്ളവരോട് ചോദിച്ചറിയുന്നതും നല്ലതാകും. ഉദാഹരണത്തിന് ഒരു സ്ഥലത്തെ ഒരു സംഭവവികാസത്തെ കുറിച്ചുള്ള സന്ദേശമാണ് ലഭിക്കുന്നതെങ്കിൽ ആ മേഖലയിലെ പരിചയക്കാരോട് കൂടി ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത് ഗുണം ചെയ്യും.

8. ഷെയര്‍ ചെയ്യുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുക

ഇവിടെ സന്ദേശം തികച്ചും വ്യക്തമാണ്. ലഭിക്കുന്ന ഏത് വാർത്തയും സന്ദേശവും സത്യമാണോയെന്ന് സ്വയം ഉറപ്പുവരുത്താതെ ഷെയർ ചെയ്യരുത്. വാർത്തയുടെ ഉറവിടം ഉൾപ്പെടെ പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തുക. ഇതിനായി വിനിയോഗിക്കുന്ന സമയം ഒരിക്കലും ഒരു നഷ്ടമാകില്ല.

9. അബദ്ധത്തിന് ബ്രേക്കിടുക

വ്യാജ വാർത്തകൾ തിരിച്ചറിയുന്നതോളം പ്രധാനമാണ് ഇത്തരം വാർത്തകളുടെ പ്രചാരകരെ തിരിച്ചറിയൽ. തുടർച്ചയായി തെറ്റായ സന്ദേശങ്ങൾ കൈമാറുന്നവരെ കണ്ടെത്തിയാൽ ഉടൻ അവരെ ബ്ലോക്ക് ചെയ്യാൻ മടിക്കരുതെന്നാണ് വാട്സാപ്പിന്‍റെ ഉപദേശം.

10. വൈറലായ സന്ദേശങ്ങൾ സത്യമാകണമെന്നില്ല, ആപൽക്കരവുമാണ്

ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ പക്ഷപാതപരമോ ആയ വ്യാജ സന്ദേശങ്ങളാണ് വൈറലാകാന്‍ സാധ്യതയുള്ളതെന്ന വസ്തുതയാണ് വാട്സാപ്പ് ഊന്നിപ്പറയുന്നത്. വൈറലാകുന്ന എല്ലാ സന്ദേശങ്ങളും തെറ്റാകണമെന്നില്ല, എന്നാൽ ഇത്തരം സന്ദേശങ്ങളുടെ മേൽ ഒരു പ്രത്യേക ശ്രദ്ധ ഉണ്ടാകുന്നത് ഗുണകരമാകും.