Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാട്സാപ്പ് അഡ്മിൻ മുങ്ങി, ജയിലിലായത് ഗ്രൂപ്പംഗം, കിടന്നത് 5 മാസം

whatsapp-facebook

വാട്സാപ് ഗ്രൂപ്പിലെ അഡ്മിൻ തന്ത്രപരമായി മുങ്ങിയപ്പോൾ ഗ്രൂപ്പിലെ ഒരംഗത്തിന് ലഭിച്ചത് അഞ്ചുമാസം തടവുശിക്ഷ. മധ്യപ്രദേശിലെ രാജ്ഗർ‌ ജില്ലയിലാണ് 21കാരനായ ജുനൈദ് ഖാൻ കഴിഞ്ഞ അഞ്ചുമാസമായി തടവ് ശിക്ഷ അനുഭവിക്കുന്നത്. വിവാദമായ ഒരു പോസ്റ്റിന്‍റെ പേരിൽ കേസെടുക്കുന്ന സമയത്ത് ജുനൈദായിരുന്നു ഗ്രൂപ്പിന്‍റെ അഡ്മിനെന്നും ഇതിനാലാണ് ഇയാൾക്കെതിരെ കേസെടുത്തതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ വിവാദമായ സന്ദേശം ഫോർവേഡ് ചെയ്ത ശേഷം ഗ്രൂപ്പിന്‍റെ ശരിയായ അഡ്മിൻ ഗ്രൂപ്പ് വിട്ടതോടെയാണ് സ്വാഭാവിക രീതിയിൽ ജുനൈദ് അഡ്മിനായി മാറിയതെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിവാദമായ സന്ദേശം ഫോർവേഡ് ചെയ്യുന്ന സമയത്ത് ജുനൈദ് അഡ്മിനായിരുന്നില്ലെന്നും അവർ പറയുന്നു.

ഫെബ്രുവരി 14നാണ് ഒരു പരാതിയുടെ അടിസ്ഥാനത്തിൽ ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇർഫാൻ എന്നൊരാൾ അഡ്മിനായിരുന്ന ഗ്രൂപ്പിൽ വിവാദ സന്ദേശം പോസ്റ്റ് ചെയ്തെന്നായിരുന്നു പരാതി. ജുനൈദിനും ഗ്രൂപ്പിന്‍റെ അഡ്മിനുമെതിരെയായിരുന്നു പൊലീസ് കേസ്. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിനാൽ ജുനൈദിനെ കോടതി ജാമ്യം നിഷേധിച്ചു. ഇതുകാരണം ബിഎസ്‍സി പരീക്ഷ എഴുതാനുമായില്ല. വിവാദ പോസ്റ്റ് വന്ന സമയത്ത് ജുനൈദായിരുന്നില്ല അഡ്മിൻ എന്ന് വ്യക്തമാക്കിയിട്ടും പൊലീസ് ഉൾപ്പെടെ ആരുമിത് ഗൗനിച്ചില്ലെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

എന്നാൽ വിവാദ പോസ്റ്റ് വരുമ്പോൾ ജുനൈദായിരുന്നില്ല അഡ്മിനെന്ന് യുവാവിന്‍റെ കുടുംബാംഗങ്ങൾ വ്യക്തമാക്കിയത് കേസ് കോടതിയിൽ എത്തിയ ശേഷമാണെന്നാണ് പൊലീസിന്‍റെ വാദം. ഇർഫാനെയും അറസ്റ്റ് ചെയ്തിരുന്നു. ഗ്രൂപ്പില്‍ ജുനൈദല്ലാതെ വേറെയും അഡ്മിനുമാർ ഉണ്ടെന്നു മാത്രമായിരുന്നു കുടുംബാംഗങ്ങൾ ആദ്യം പറഞ്ഞിരുന്നത്. കേസ് കോടതിയിലെത്തിയപ്പോൾ മാത്രമാണ് ജുനൈദ് സ്വാഭാവികമായി അഡ്മിൻ ആകുകയായിരുന്നുവെന്ന് പറയുന്നത്. കോടതിയിലാണ് ഇനി സത്യം തെളിയിക്കേണ്ടത്. ലഭ്യമായ തെളിവുകൾ വച്ചാണ് ജുനൈദിനെതിരെ കേസെടുത്തതെന്നും പൊലീസ് വിശദീകരിച്ചു.