ഒരു നിമിഷം ഫെയ്സ്ബുക്, വാട്സാപ് പണിമുടക്കി, സംഭവിച്ചതോ?

ലോകത്ത് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ജനപ്രിയ സോഷ്യൽനെറ്റ്‌വർക്കിങ് സർവീസുകളാണ് ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം. എന്നാൽ ഈ സേവനങ്ങൾ മിനിറ്റുകളോ മണിക്കൂറുകളോ പണിമുടക്കിയാൽ സംഭവിക്കുന്നത് എന്തായിരിക്കും? ഇതിന്റെ നേട്ടം ആർക്കായിരിക്കും... ഫെയ്സ്ബുക്കിന് എന്ത് നഷ്ടം വരും?

അതെ, കുറച്ചു സമയത്തേക്ക് പണിമുടക്കിയാൽ ഫെയ്സ്ബുക്കിനു നഷ്ടം കോടികളായിരിക്കും. ഇതിനു പുറമെ ഉപയോക്താക്കൾക്കുള്ള വിശ്വാസം നഷ്ടപ്പെടുകയും ചെയ്യും. എന്നാൽ അത്തരമൊരു ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം പണിമുടക്ക് തിങ്കളാഴ്ച വൈകീട്ട് സംഭവിച്ചതായി സോഷ്യൽമീഡിയ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യ, അമേരിക്ക, കാനഡ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ഉപയോക്താക്കളാണ് ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം സർവീസുകൾ ഉപയോഗിക്കാനാവാതെ ബുദ്ധിമുട്ടിയത്. ഇതോടെ സംഭവം അന്വേഷിച്ച് ട്വിറ്ററിൽ #Facebookdown എന്ന ഹാഷ്ടാഗ് തന്നെ വൈറലായി. ഫെയ്സ്ബുക്ക് പണിമുടക്കിയാൽ എപ്പോഴും നേട്ടം ട്വിറ്ററിനാണെന്നത് മറ്റൊരു വസ്തുതയാണ്.

കേലം 27 മിനിറ്റാണ് ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റാഗ്രാം സർവീസുകൾ പണിമുടക്കിയത്. എന്നാൽ ഫെയ്സ്ബുക്കിന്റെ നഷ്ടം കോടികളാണ്. നെറ്റ്‌വർക്കിലെ പ്രശ്നങ്ങളാണ് പണിമുടക്കാൻ കാരണമെന്നും പ്രശ്നങ്ങൾ പെട്ടെന്ന് കണ്ടെത്തി പരിഹരിച്ചെന്നും ഫെയ്സ്ബുക് വക്താവ് പറഞ്ഞു.