Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്കിൽ 15,000 ലൈക്കില്ലെങ്കിൽ കോൺഗ്രസിലും ‘സീറ്റില്ല’

Facebook

നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാകണമെങ്കിൽ പാർട്ടിക്കകത്തെയും ജനങ്ങൾക്കിടയിലെയും സൗഹൃദം മാത്രം പോരാ. ഫെയ്സ്ബുക്കിലെ സ്വന്തം പ്രൊഫൈലിൽ ചുരുങ്ങിയത് 15,000 ലൈക്കും ട്വിറ്ററിൽ 5,000 ഫോളവേഴ്സും വേണം. മധ്യപ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് ടിക്കറ്റ് മോഹികൾക്കായി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമല്ലെങ്കിൽ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് ലഭിക്കില്ലെന്നാണ് സന്ദേശം.

സമീപത്തുള്ള ബൂത്തുകളിലെ പാർട്ടി പ്രവർത്തകർ അംഗങ്ങളായുള്ള വാട്സാപ് ഗ്രൂപ്പിലെ അംഗമാകണമെന്നതാണ് മറ്റൊരു നിബന്ധന. ബൂത്ത് കമ്മിറ്റികൾക്കയച്ച കത്തിലാണ് സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ട്വീറ്റുകൾ പതിവായി റീ ട്വീറ്റ് ചെയ്യുകയും ഫെയ്സ്ബുക് പേജിലെ പോസ്റ്റുകൾ ഷെയർ ചെയ്യുകയും വേണമെന്ന് കത്ത് വ്യക്തമാക്കുന്നു.

സമൂഹമാധ്യമങ്ങളുടെ സാന്നിധ്യം മാത്രമാകില്ല സ്ഥാനാർഥി തിരഞ്ഞെടുപ്പിന്‍റെ മാനദണ്ഡമെങ്കിലും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ഇവ സജീവമായി ഉപയോഗിക്കുന്നവർ ആയിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പാർട്ടി വക്താവ് ശോഭ ഓസ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് ബിജെപി നേടിയ മുൻതൂക്കം ഇല്ലാതാക്കുകയാണ് ലക്ഷ്യം. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി എതിരാളികൾ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണങ്ങൾക്ക് തുറന്നു കാട്ടേണ്ടതുണ്ടെന്നും കോൺഗ്രസ് വക്താവ് ചൂണ്ടിക്കാട്ടി.