ഇന്‍സ്റ്റഗ്രാം സ്ഥാപകരും പടിയിറങ്ങി; ആശംസിച്ച് സക്കർബർഗ്

ഫെയ്‌സ്ബുക് കമ്പനി വാങ്ങി ആറു വര്‍ഷം കഴിയുന്ന വേളയില്‍ തന്നെ ഇന്‍സ്റ്റഗ്രാമിന്റെ സ്ഥാപകരായ കെവിന്‍ സിസ്‌ട്രോമും മൈക് ക്രീഗെറും പടിയിറങ്ങി. ഇപ്പോൾ ഫെയ്‌സ്ബുക്കിന്റെ ഭാഗമാണ് ഇന്‍സ്റ്റഗ്രാം. 100 കോടി ഡോളറിനാണ് പ്രമുഖ ഫോട്ടോ ഷെയറിങ് സൈറ്റായ ഇന്‍സ്റ്റഗ്രാമിനെ ഫെയ്‌സ്ബുക്ക് വാങ്ങിയത്. ഇതുവരെ സിസ്‌ട്രോമും (CEO), ക്രീഗറും (CTO) തന്നെയായിരുന്നു ഇന്‍സ്റ്റഗ്രാം നിയന്ത്രിച്ചിരുന്നത്. 2010ല്‍ തുടങ്ങിയ ഇന്‍സ്റ്റഗ്രാമിന് ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുന്ന 2012ല്‍ 30 ദശലക്ഷം ഉപയോക്താക്കളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇന്നത് 800 ദശലക്ഷം കൂടുതലാണ്.

ഇരുവരുടെയും ഫെയ്‌സ്ബുക്കില്‍ നിന്നുള്ള പടിയിറക്കത്തെ വാട്‌സാപ് സ്ഥാപകരുടെ ഗതിയെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ടെക് മാധ്യമപ്രവർത്തകർ പറയുന്നു. ജാന്‍ കൊവും (Jan Koum) ബ്രയന്‍ ആക്ടനും (Brian Acton) ചേര്‍ന്നു തുടങ്ങിയ വാട്‌സാപ്പും ഫെയ്‌സ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു. ഏറ്റെടുത്തെങ്കിലും ഇരുവരെയും കമ്പനിയില്‍ തുടരാന്‍ അനുവദിച്ചു. ഏറ്റെടുക്കല്‍ കഴിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം ആക്ടന്‍ ഫെയ്‌സ്ബുക്ക് വിട്ടു. പുറത്തിറങ്ങിയ അദ്ദേഹം ഫെയ്‌സ്ബുക്ക് ഡിലീറ്റു ചെയ്യാന്‍ ('#deleteFacebook') ലോകമെമ്പാടുമുള്ള ഉപയോക്താക്കോളോട് അവശ്യപ്പെട്ടു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴാണ് അദ്ദേഹം തന്റെ ആഹ്വാനം നടത്തിയത്. ഒരു വര്‍ഷം മുൻപ് ജാനും ഫെയ്‌സ്ബുക്ക് വിട്ടു. അദ്ദേഹവും ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണ് രാജിവച്ചത്.

ഇന്‍സ്റ്റഗ്രാം നിയന്ത്രിച്ചിരുന്ന ഇരുവര്‍ സംഘത്തിലെ കെവിന്‍ അവരുടെ വിടവാങ്ങല്‍ കുറിപ്പില്‍ തങ്ങള്‍ കമ്പനി തുടങ്ങിയത് 13 പേരെ വച്ചായിരുന്നുവെന്നും ഇന്നത് 1,000 പേരില്‍ അധികമായെന്നും, ഇന്ന് ഇന്‍സ്റ്റഗ്രാമിന് ലോകമെമ്പാടും ഓഫിസുകളുണ്ടെന്നും, 100 കോടി പേരുടെ ഒരു കമ്യൂണിറ്റിയായി കമ്പനി മാറിയെന്നും പറയുന്നു. തങ്ങള്‍ മറ്റൊരു അധ്യായം എഴുതാന്‍ തയാറെടുക്കുകയാണെന്നും അതിന് കുറച്ചു സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റഗ്രാമിനും ഫെയ്‌സ്ബുക്കിനും നല്ല ഭാവി ആശംസിക്കാനും അദ്ദേഹം മറന്നില്ല.

ഫെയ്‌സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു. ഇരുവരും നല്ല പ്രൊഡക്ട് ലീഡര്‍മാരായിരുന്നുവെന്നും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതില്‍ താനും കുറെ കാര്യങ്ങള്‍ മനസിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പുതിയ ഉദ്യമം എന്തായിരിക്കുമെന്ന് അറിയാന്‍ താൽപര്യപ്പെടുന്നതായും അദ്ദേഹം കുറിച്ചിട്ടു.

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാം സ്ഥാപകരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടാണോ അവര്‍ പടിയിറങ്ങിയതെന്നത് ഇപ്പോള്‍ വ്യക്തമല്ല.