അമേരിക്കയിലും ഇത്ര മണ്ടന്‍മാരോ? ഇന്ത്യ എത്ര ഭേദം, ഈ ചിത്രങ്ങളുടെ യാഥാര്‍ഥ്യമെന്ത്?

ആഴ്ചകൾക്ക് മുൻപ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെതായി ഇന്റര്‍നെറ്റില്‍ പ്രചരിച്ച ചിത്രമാണിത്. ചിത്രം ഇപ്പോഴും ഹിറ്റാണ്. അദ്ദേഹത്തിന്റെ സാഹസികതയുടെ തെളിവായിട്ടാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ഈ ചിത്രം ഇന്റര്‍നെറ്റില്‍ ആഘോഷിക്കുന്നതത്രെ. ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് വീശിയടിച്ച ശേഷമാണ് പ്രസിഡന്റ് ട്രംപിന്റെ വ്യാജ ചിത്രം പ്രചരിക്കാൻ തുടങ്ങിയത്. 

കൊടുങ്കാറ്റ് ദുരിതത്തിൽ കുടുങ്ങിപ്പോയ ഒരാളെ ചങ്ങാടത്തില്‍ വന്ന് ട്രംപ് രക്ഷിക്കുന്നതാണ് ചിത്രം. (ഇത്തരമൊരു ചിത്രം പോലും വിശ്വസിക്കുന്നവരാണോ അമേരിക്കക്കാര്‍? ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യ എത്ര ഭേദമെന്ന് ചോദിച്ചു പോകും, അല്ലെ? നമ്മുടെ ഏതെങ്കിലും സംസ്ഥാനത്തെ മുഖ്യമന്ത്രി വള്ളത്തിലോ മറ്റൊ വന്ന് സഹായം നല്‍കാന്‍ ശ്രമിക്കുന്ന ഒരു വ്യാജ ചിത്രം പോസ്റ്റു ചെയ്യാന്‍ കടുത്ത ആരാധകര്‍ പോലും ഇക്കാലത്ത് തയാറാവില്ല.) 

അതിലേറെ രസമെന്തെന്നു ചോദിച്ചാല്‍ സാക്ഷാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ കെവിന്‍ റൂസ് വേണ്ടിവന്നു ഈ ചിത്രം വ്യാജമാണെന്ന് തെളിയിക്കാൻ. 2015ല്‍, ട്രംപ് വൈറ്റ് ഹൗസില്‍ എത്തുന്നതിനു മുൻപ്, മറ്റൊരു സാഹചര്യത്തില്‍ എടുത്ത ചിത്രം ഡിജിറ്റലായി മാറ്റിയതാണിതെന്ന് കെവിൻ തെളിവു സഹിതം വ്യക്തമാക്കി‍. ശരിക്കുള്ള ചിത്രത്തില്‍ ഓസ്റ്റിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ മൂന്നു പേരാണ് രക്ഷപെടുത്തലിനു ശ്രമിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസിലാകുന്ന തരിത്തിലുള്ളതാണ് ട്രംപിന്റെ രക്ഷാപ്രവര്‍ത്തന ചിത്രം. ഈ ചിത്രം വ്യാജമാണെന്നു തെളിയിക്കാന്‍ ചില വെബ്‌സൈറ്റുകള്‍ കാരണങ്ങള്‍ നിരത്തുന്ന തിരിക്കിലായിരുന്നു. ഒന്നാമതായി ട്രംപ് ലൈഫ്ജാക്കറ്റ് അണിഞ്ഞിട്ടില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പിന്നെ, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഒരിക്കലും ഫുള്‍ സൂട്ടിലൊന്നുമായിരിക്കില്ലെന്നും അവര്‍ വാദിച്ചു. 

ഇതില്‍ നിന്നു മനസിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. 1. എന്തും വിശ്വസിക്കുന്നവര്‍ അമേരിക്കയിലും ഉണ്ട്. 2. ഡീപ് ഫെയ്ക് (deep fake) ചിത്രങ്ങള്‍ ഇന്റര്‍നെറ്റിനെ മലീമസമാക്കിക്കൊണ്ടിരിക്കുന്നു. ഈ ചിത്രം  275,000 തവണ ഷെയറു ചെയ്തതായി റൂസ് ചൂണ്ടിക്കാണിക്കുന്നു. ഫെയ്‌സ്ബുക്കില്‍ ഇത് ഷെയറു ചെയ്യപ്പെട്ടത്– 'ഇതു നിങ്ങള്‍ വാര്‍ത്തകളില്‍ കാണില്ല... ഇതു വൈറാലാക്കൂ,' ('You won't see this on the news … make it go viral.') എന്നു പറഞ്ഞാണ്. എന്നാല്‍, ഷെയറു ചെയ്തവരില്‍ ചിലരെങ്കിലും ട്രംപിനെ വിമർശിക്കാൻ വേണ്ടിയായിരിക്കാം ഇതു ചെയ്തതെന്നും വാദമുണ്ട്. കുടുങ്ങി പോയ ആള്‍ക്ക് ട്രംപ് നല്‍കാന്‍ ശ്രമിക്കുന്നത് അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ ('Make America Great Again') എന്നു പറയുന്ന തൊപ്പിയാണെന്നും ചൂണ്ടിക്കാണിച്ച് ചിലർ പോസ്റ്റിട്ടു. വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നയാളിന് അത്തരം ഒരു തൊപ്പി നല്‍കുന്നതിന്റെ പൊരുള്‍ പോലും മനസിലാക്കാതെയാണ് ആളുകള്‍ ആ ചിത്രം ഷെയറു ചെയ്ത് വൈറലാക്കിയത്.

ഇത് ആദ്യമായല്ല ട്രംപിന്റെ 'ഫോട്ടോഷോപ്' ചെയ്ത ചിത്രങ്ങള്‍ വൈറലാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അദ്ദേഹം പൂച്ചക്കുട്ടികളെ രക്ഷിക്കുന്ന വ്യാജ ചിത്രവും വൈറലായിരുന്നു. അത് ഫെയ്‌സ്ബുക്കിലെ ഓള്‍ എബൗട്ട് പ്രസിഡന്റ് ട്രംപ് ('All about President Trump') എന്ന ഗ്രൂപ്പാണ് പോസ്റ്റു ചെയ്തത്. ഈ പോസ്റ്റിനു നല്‍കിയ അടിക്കുറിപ്പ് 'മാധ്യമങ്ങള്‍ മറന്നു പോകുന്നത്' ('Things the media forgets!') എന്നായിരുന്നു. ഹൂസ്റ്റണില്‍ ഹാര്‍വി കൊടുങ്കാറ്റ് അടിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പുറത്തു വിട്ടത്. ഇതു പ്രസിഡന്റ് ട്രംപല്ല എന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാണ്. അദ്ദേഹത്തിന്റെ ശരീരമല്ല അതെന്നും മുഖത്തിന്റെയും ശരീരത്തിന്റെയും തൊലി നിറം തമ്മില്‍ ചേര്‍ച്ചയില്ലെന്നതും ആര്‍ക്കും മനസിലാകും. ഈ പോസ്റ്റിന് ലഭിച്ച സ്വീകരണം കേള്‍ക്കണ്ടേ: 20,000 ലൈക്കുകളും 17,000 ലേറെ ഷെയറുകളും!

മറ്റൊന്നു കൂടെ ഓര്‍ക്കേണ്ടതായിട്ടുണ്ട്. ഫെയ്‌സ്ബുക് വ്യാജ പോ‌സ്റ്റുകള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. അവര്‍ക്ക് അതിലൊന്നും ചെയ്യാനായിട്ടില്ലെന്നും മനസിലാക്കാം. ഡീപ് ഫെയ്ക് ചിത്രങ്ങളെക്കാള്‍ പ്രശ്‌നക്കാരാണ് ഡീപ് ഫെയ്ക് വിഡിയോ എന്നും ഓര്‍ക്കുക. സമൂഹ്യമാധ്യമങ്ങളില്‍ വരുന്നതെല്ലാം ഷെയറു ചെയ്യുന്നതിനു മുൻപ് സമാനാന്യബുദ്ധി ഉപയോഗിച്ച് സ്കാന്‍ ചെയ്യണം.