ഫെയ്സ്ബുകും വാട്സാപ്പും അരമണിക്കൂറിൽ കൂടുതൽ ഉപയോഗിക്കരുത്!

വര്‍ധിച്ച സോഷ്യല്‍മീഡിയ ഉപയോഗം മാനസിക സമ്മര്‍ദ്ദത്തിലേക്കും ഒറ്റപ്പെടലിലേക്കും നയിക്കുമെന്ന് പഠനം. നേരത്തെ തന്നെ സോഷ്യല്‍മീഡിയയും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ടെങ്കിലും കൃത്യമായ പഠനത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇത് തെളിയിക്കുന്നത് ആദ്യമായാണെന്നാണ് ഗവേഷകരുടെ അവകാശവാദം. ഫെയ്സ്ബുക്കും ഇന്‍സ്റ്റാഗ്രാമും പോലുള്ള സോഷ്യല്‍മീഡിയ സൈറ്റുകള്‍ അരമണിക്കൂറില്‍ കൂടുതല്‍ പ്രതിദിനം ഉപയോഗിക്കരുതെന്നാണ് മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ നല്‍കുന്ന നിര്‍ദേശം.

സോഷ്യല്‍മീഡിയ സൈറ്റുകളില്‍ അധികസമയം ചെലവഴിക്കുമ്പോള്‍ സംഭവിക്കുന്ന പ്രധാന പ്രശ്‌നം സ്വന്തം ജീവിതത്തെ മറ്റുള്ളവരുടെ സോഷ്യല്‍മീഡിയയിലെ ജീവിതവുമായി അറിയാതെ താരതമ്യം ചെയ്യുന്നുവെന്നതാണ്. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ മെലിസ്സഹണ്ടിന്റെ നേതൃത്വത്തിലായിരുന്നു പഠനം. സോഷ്യല്‍മീഡിയയില്‍ നിന്നും മാറി നില്‍ക്കുന്ന സമയം പലപ്പോഴും ജീവിതത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ക്കാണ് പഠനത്തിന് വിധേയരാകുന്നവര്‍ ചെയ്യുന്നതെന്നും ഇവര്‍ കണ്ടെത്തി. 

143 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇവരുടെ സോഷ്യല്‍മീഡിയ ഉപയോഗം വ്യക്തമായി ട്രാക്കു ചെയ്തുകൊണ്ടായിരുന്നു വിവരങ്ങള്‍ ശേഖരിച്ചത്. ഇവരെ ആദ്യം തന്നെ രണ്ട് വിഭാഗക്കാരായി തിരിക്കുകയാണ് ചെയ്തത്. സാധാരണ രീതിയില്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കാന്‍ ഒരു ഗ്രൂപ്പിനെ അനുവദിച്ചു. മറുഗ്രൂപ്പിന് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് എന്നീ സോഷ്യല്‍മീഡിയ വെബ്‌സൈറ്റുകളെ പരമാവധി പത്ത് മിനിറ്റ് മാത്രം പ്രതിദിനം ഉപയോഗിക്കാന്‍ അവസരം നല്‍കി. 

കൂടുതല്‍ സമയം സോഷ്യല്‍മീഡിയയില്‍ ചിലവഴിക്കുന്നവരില്‍ മാനസിക സമ്മര്‍ദത്തിന്റെ തോത് കൂടിയിരിക്കുന്നതായി ഇവര്‍ കണ്ടെത്തി. നേരെ മറിച്ച് പരമാവധി മുപ്പത് മിനിറ്റ് മാത്രം സോഷ്യല്‍മീഡിയ സൈറ്റുകള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയവരില്‍ ഈ പ്രശ്‌നം കണ്ടില്ല. അതുകൊണ്ടാണ് സോഷ്യല്‍മീഡിയ ഉപയോഗം പ്രതിദിനം 30 മിനിറ്റിലൊതുക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്. 

നിലവില്‍ സോഷ്യല്‍മീഡിയയില്‍ ചിലവിടുന്ന സമയത്തില്‍ കുറവുവരുത്തിയാല്‍ തന്നെ മാനസിക സമ്മര്‍ദ്ദവും ഒറ്റപ്പെടലും കുറയുമെന്നാണ് ഡോ. ഹണ്ട് വ്യക്തമാക്കുന്നത്. അതേസമയം 18-22 പ്രായത്തിലുള്ളവരില്‍ സോഷ്യല്‍മീഡിയ ഉപയോഗം പൂര്‍ണ്ണമായും നിര്‍ത്തുന്നത് പ്രായോഗികമല്ലെന്നും ഇതേ പഠനത്തിലുണ്ട്. സോഷ്യല്‍മീഡിയയുടെ പ്രധാന പ്രശ്‌നം പരസ്പരമുള്ള താരതമ്യമാണ്. സോഷ്യല്‍മീഡിയ ഉപയോഗം കൂടുമ്പോള്‍ ഈ താരമത്യത്തിന്റെ തോതും വര്‍ധിക്കുന്നു. നമ്മുടെ ജീവിതത്തെ അപേക്ഷിച്ച് സുഹൃത്തുക്കളുടെയും മറ്റും സോഷ്യല്‍മീഡിയയിലെ ജീവിതം എത്ര സുന്ദരമാണെന്ന ചിന്തയാണ് പലപ്പോഴും അനാവശ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതെന്നും പഠനം സൂചിപ്പിക്കുന്നു. ജേണല്‍ ഓഫ് സോഷ്യല്‍ ആൻഡ് ക്ലിനിക്കല്‍ സൈക്കോളജിയിലാണ് ഈ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.