ഫെയ്സ്ബുക്ക് പോസ്റ്റുകൾ മോഷ്ടിക്കുന്നവർ അറിഞ്ഞിരിക്കാൻ

ഫെയ്സ്ബുക്ക് പോസ്റ്റുകൾക്കൊപ്പം പോസ്റ്റ് മോഷണത്തിന്റെ കഥകൾക്കും ഒരു കുറവുമില്ല. സമൂഹമാധ്യമങ്ങളിലെങ്ങും വായിക്കപ്പെടുന്ന മിക്ക പോസ്റ്റുകളും പലരും എവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകും. ചിലർ കടപ്പാട് നൽകിയും ചിലർ നൽകാതെയും റീ പോസ്റ്റ് ചെയ്യുന്നു.

മോഷ്ടിക്കപ്പെട്ടവ, കടപ്പാട് വച്ച് റീപോസ്റ്റ് ചെയ്യുന്നവ, പോസ്റ്റ് ചെയ്ത വ്യക്തിയുടെ വിവരങ്ങൾ നൽകി പോസ്റ്റ് ചെയ്യുന്നവ എന്നിങ്ങനെയൊക്കെ തരംതിരിക്കാം. മറ്റൊരാൾ പോസ്റ്റു ചെയ്ത കുറിപ്പ് സ്വന്തം വാളിൽ കൊടുക്കുമ്പോൾ പ്രസിദ്ധീകരിച്ച യഥാർഥ ഉടമയുടെ പേരു വിവരങ്ങൾ നൽകുന്നതാണ് മര്യാദ. അതു ചെയ്യാത്തവരോട് ആവശ്യപ്പെട്ടാലെങ്കിലും പേരു സഹിതം പ്രസിദ്ധീകരിക്കാൻ തയാറാകുന്നവരാണ് ഏറെയും. എന്നാൽ അതിനു തയാറാകാത്തവരും ഉണ്ടെന്നത് അംഗീകരിച്ചേ മതിയാകൂ.

സ്വന്തം വാളിൽ സ്വന്തമായി പോസ്റ്റ് ചെയ്ത കുറിപ്പ് അതേന്റേതു മാത്രമായിരിക്കണം എന്നു ചിന്തിക്കുന്നവർക്ക് വഴിയുണ്ട്. അനുവാദമില്ലാതെ മോഷ്ടിച്ചെടുത്ത് സ്വന്തം പോസ്റ്റായി പ്രസിദ്ധീകരിക്കുന്നവരെ കണ്ടെത്തിയാൽ ഒരു ചെറിയ റിപ്പോർട്ടിങ് മതി, ഫെയ്സ്ബുക്ക് അവരുടെ പോസ്റ്റ് നീക്കം ചെയ്തു തരും.

ഒരാളുടെ സ്റ്റാറ്റസുകളും ഫോട്ടോകളും കലാസൃഷ്ടികളുമൊക്കെ ഓരോരുത്തരുടെയും ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടിയായിട്ടാണ് ഫെയ്സ്ബുക്ക് പരിഗണിക്കുന്നത്. അതായത് പേരില്ലാതെ ഒരാള്‍ കോപ്പി ചെയ്താല്‍ കോപ്പി റൈറ്റ് ആക്റ്റ് ബാധകമാണ് എന്നർഥം. ഒരു കോപ്പി റൈറ്റ് വയലേഷന്‍ റിപ്പോര്‍ട്ടു ചെയ്യാൻ പ്രൊഫൈലിൽ റിപ്പോര്‍ട്ട് പേജ് & IPR Violation റിപ്പോര്‍ട്ടു ചെയ്താൽ മതിയാകും.