കിം ജോങ്–നാമിനെ വിഷസൂചികുത്തി കൊലപ്പെടുത്തിയത് ഫെയ്സ്ബുക്ക് വഴി പിന്തുടർന്ന്!

ഏതാനും ദിവസം മുൻപാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ അർധസഹോദരൻ കിം ജോങ് നാം ക്വാലാലംപുർ രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് കൊല്ലപ്പെട്ടത്. നാൽപത്തിയഞ്ചുകാരനായ നാമിന്റെ കൊലയ്ക്കു പിന്നിൽ പ്രവർത്തിച്ചതാകട്ടെ രണ്ടു ചെറുപ്പക്കാരികളും. അതും ആൾക്കൂട്ടത്തിനിടയിൽ നിന്ന് അതീവതന്ത്രപരമായി. ഒരാൾ നാമിന്റെ മുഖത്ത് വിഷതൂവാല പ്രയോഗിച്ച് തളർത്തിയിട്ടു. മറ്റൊരാൾ പേനയുടെ രൂപത്തിൽ സൂക്ഷിച്ചിരുന്ന വിഷസൂചി കൊണ്ട് കുത്തിക്കൊലപ്പെടുത്തി. ഇതെല്ലാം മലേഷ്യൻ സുരക്ഷാവിഭാഗവും ഏകദേശം അംഗീകരിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴും ഒരു ചോദ്യം ബാക്കി. ഉത്തരകൊറിയ പറഞ്ഞുവിട്ടുവെന്നു പറയപ്പെടുന്ന ആ വനിതാകൊലയാളികൾ എങ്ങനെയാണ് കൃത്യമായി നാമിലെ കണ്ടെത്തി കൊലപ്പെടുത്തിയത്? അതും കൃത്യമായ പ്ലാനിങ്ങോടെ!

എൻകെ ന്യൂസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തതു പ്രകാരം നാമിന്റെ കൊലപാതകത്തിനു കാരണമായത് ഫെയ്സ്ബുക്കിന്റെയും ഇമെയിലുകളുടെയും അലക്ഷ്യമായ ഉപയോഗമാണ്. കിം ചോൾ എന്ന പേരിലാണ് നാമിന്റെ എഫ്ബി പ്രൊഫൈൽ. മലേഷ്യയില്‍ കൊല്ലപ്പെടുമ്പോൾ കയ്യിലുണ്ടായിരുന്ന പാസ്പോർട്ടിലും അതേ പേരു തന്നെയായിരുന്നു. 2012ൽ വധശ്രമമുണ്ടായപ്പോൾ തന്നെയും തന്റെ കുടുംബത്തെയും വേട്ടയാടുന്നത് നിർത്തണമെന്ന് കിം ജോങ് ഉന്നിനോട് നാം അഭ്യർഥിച്ചിരുന്നു. പിന്നീട് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ചൈനയിലുമായിട്ടായിരുന്നു നാമിന്റെ ഒളിവുജീവിതം. അപ്പോഴും ഒപ്പം സുരക്ഷാഉദ്യോഗസ്ഥരുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

ചൈനയുടെ കീഴിലുള്ള മക്കാവു ദ്വീപിൽ താമസിക്കുമ്പോൾ ചൈനീസ് സുരക്ഷാ ഏജൻസികൾ സുരക്ഷ നൽകിയിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പമായിരുന്നു നിലവിൽ നാമിന്റെ മക്കാവുവിലെ ജീവിതം. പക്ഷേ സിംഗപ്പൂരിലും മലേഷ്യയിലും ഷാങ്ഹായിയിലുമെല്ലാം കറങ്ങിയടിച്ചിരുന്ന നാം ഇവിടങ്ങളിൽ തന്റെ സുരക്ഷയ്ക്ക് കാര്യമായ പ്രാധാന്യം കൊടുത്തിരുന്നില്ലെന്നത് ഫെയ്സ്ബുക് ചിത്രങ്ങളിൽ നിന്നു വ്യക്തമാണ്.

നാമിന്റെ പ്രൊഫൈലിൽ ‘പബ്ലിക്’ ആയി കാണാവുന്നത് 2010 വരെയുള്ള ചിത്രങ്ങൾ മാത്രമാണ്. അവയിലെല്ലാം യാതൊരു സുരക്ഷാകരുതലുമില്ലാതെ പലയിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ, അതെവിടെയാണെന്നു വരെ വിശദീകരിച്ച് പോസ്റ്റ് ചെയ്തിട്ടുണ്ട്. 142 ഫ്രണ്ട്സ് ആണ് പ്രൊഫൈലിലുള്ളത്. എവിടെ യാത്ര പോയാലും അവിടെ നിന്നൊരു ചിത്രം പോസ്റ്റ് ചെയ്യുന്നത് നാമിന്റെ രീതിയാണെന്ന് സുഹൃത്തുക്കൾ പറയുന്നു. അത് ‘പബ്ലിക്’ ആയി കാണാനാകില്ലെങ്കിലും സുഹൃത്തുക്കൾക്ക് ലഭ്യമാണ്. ലക്ഷ്വറി ഹോട്ടലുകളിലും ചൂതാട്ടകേന്ദ്രങ്ങളിലും ആഡംബര ബോട്ടുകളിലും ‘പ്ലേ ബോയ്’ സ്റ്റൈൽ ജീവിതം നയിച്ചിരുന്ന നാമിന്റെ ‘ഫെയ്സ്ബുക്ക് ജീവിതം’ പക്ഷേ യാതൊരു കരുതലുമില്ലാതെയായിരുന്നുവെന്ന് ചെനീസ് സുരക്ഷാഏജന്‍സികളും വ്യക്തമാക്കുന്നു.

തന്റെ ജീവിതരീതിയെപ്പറ്റിയുള്ള കൃത്യമായ സൂചനകളും നാം അതുവഴി നൽകിയിരുന്നു. നാമിന്റെ ഫ്രണ്ട്സ് ലിസ്റ്റിൽ കയറിക്കൂടിയോ അല്ലെങ്കിൽ പ്രൊഫൈൽ ഹാക്ക് ചെയ്തെടുത്തോ ആകാം അദ്ദേഹത്തിന്റെ ‘യാത്രാവഴികൾ’ കൊലയാളികൾ മനസിലാക്കിയതെന്നും കരുതപ്പെടുന്നു. ഏതൊക്കെയിടങ്ങളിൽ പോകുന്നു, എവിടെ താമസിക്കുന്നു, എപ്പോഴെല്ലാം സുരക്ഷാഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഒപ്പം കാണും തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരം നാം എഫ്ബിയിൽ കുറിച്ചിരുന്നുവെന്നു ചുരുക്കം.

ഇതോടൊപ്പം ബിസിനസ് ആവശ്യങ്ങൾക്കായി നാം ഉപയോഗിച്ചിരുന്നത് വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ലാത്ത ഇമെയിൽ സർവീസാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഹാക്കിങ്ങിന് സർക്കാർതലത്തിൽ തന്നെ ക്ലാസെടുത്തു കൊടുക്കുന്ന ഉത്തരകൊറിയയിൽ നിന്നുള്ള കൊലയാളികൾക്ക് ആ മെയിലുകൾ ചോർത്തുക നിസ്സാരമായ കാര്യവും. ഇത്തരത്തിൽ നാമിന്റെ ‘ഇ–ലൈഫ്’ കൃത്യമായി പിന്തുടർന്നാണ് കൊലയാളികൾ പിന്തുടർന്നെത്തി കൃത്യം നിർവഹിച്ചതെന്നാണ് അന്വേഷണ ഏജൻസികളുടെയും നിഗമനം. എന്തായാലും നാമിന്റെ ഫെയ്സ്ബുക്ക് പ്രൊഫൈല്‍ പരിശോധനയിലൂടെ വരുംനാളുകളില്‍ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് മലേഷ്യൻ സർക്കാരിന്റെയും പ്രതീക്ഷ.