ലഹരിമരുന്ന്, ആയുധ കള്ളക്കടത്ത്, ഗുണ്ടായിസം: അധോലോക നായകനായി റോസ്സ് ഉൾബിറ്റ്

ഡാർക് വെബ് എന്ന നിഗൂഢതകളുടെ ഇന്റർനെറ്റിൽ ലഹരിമരുന്നും ആയുധങ്ങളും കള്ളക്കടത്ത് സാധനങ്ങളും വിറ്റഴിക്കാൻ സിൽക് റോഡ് എന്ന വെബ്‌സൈറ്റ് സ്ഥാപിച്ച റോസ്സ് ഉൾബിറ്റ് എന്ന 37കാരന് അമേരിക്കയിൽ ജീവപര്യന്തം ജയിൽ. 2010ൽ സ്ഥാപിച്ച സിൽക് റോഡ് വെബ്‌സൈറ്റ് വഴി ബിറ്റ്‌കോയിൻ നാണയം മുഖേന കോടിക്കണക്കിനു രൂപയുടെ ലഹരിമരുന്ന് ആയുധ ഇടപാടുകളാണ് നടന്നത്. 

ഗുണ്ടകളെ വാടകയ്‌ക്കെടുക്കുന്നതുൾപ്പെടെ ഇന്റർനെറ്റിലെ എല്ലാ നികൃഷ്ട വ്യാപാരങ്ങളും സിൽക് റോഡ് ഏറ്റെടുത്തു നടത്തിയിരുന്നു. 2015ൽ പിടിക്കപ്പെട്ട റോസ്സിന്റെ അവസാനത്തെ അപ്പീലും കോടതി തള്ളിയതോടെയാണ് ജീവപര്യന്തത്തിന് അടിവരയിട്ടത്. ഡ്രെഡ് പൈറേറ്റ് റോബർട്‌സ് എന്ന പേരിലാണ് റോസ്സ് ഡാർക് വെബ്ബിൽ വിലസിയിരുന്നത്.

അധോലോക ലഹരിമരുന്നു രാജാവിനോടെന്ന പോലെ തന്നെയാണ് റോസ്സിനോട് നിയമം ഇടപെട്ടത്. ഡാർക് വെബ് കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ കേസായിരുന്നു സിൽക് റോഡിന്റേത്. റോസ്സിന്റെ കൂട്ടാളികൾ പലരും മാപ്പുസാക്ഷികളായി ആറോ ഏഴോ വർഷത്തെ ശിക്ഷ വാങ്ങി തടിയൂരിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ വരെ വിലയ്‌ക്കെടുത്ത് റോസ്സ് മുന്നോട്ടു പോയി. 

റോസ്സിന്റെ ശേഖരത്തിൽ നിന്ന് 20,000 ബിറ്റ്‌കോയിൻ മോഷ്ടിച്ച കേസിലും കേസ് സംബന്ധിച്ച വിവരങ്ങൾ റോസ്സിനു ചോർത്തിക്കൊടുത്തതുമായി ബന്ധപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും ജയിലിലാണ്. ഇന്റർനെറ്റിൽ നിക്ഷേപകനും സംരംഭകനുമായി ജീവിക്കുകയും ഡാർക് വെബ്ബിൽ അധോലോക രാജാവായി വിലസുകയും ചെയ്ത റോസ്സ് ഉൾബിറ്റിന്റെ ജീവിതം അടിസ്ഥാമാക്കി ഡാർക് വെബ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

സിൽക് റോഡിന് സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന അനേകം വെബ്‌സൈറ്റുകളാണ് ഡാർക് വെബിൽ ഉള്ളത്. സാധാരണക്കാർ ഉപയോഗിക്കുന്ന വെബ് ബ്രൗസറുകൾ വഴി ഇവ കാണാനാവില്ല. ടോർ പോലുള്ള പ്രത്യേക ബ്രൗസറുകൾ വഴി മാത്രമേ ഈ സൈറ്റുകൾ സന്ദർശിക്കാനാവൂ. ഇടപാടുകളെല്ലാം ബിറ്റ്‌കോയിനിലും.