ഐപിഎൽ ക്രിക്കറ്റ് ലൈ‌വിൽ തർക്കം: എയർടെല്ലിനെതിരെ ജിയോ കോടതിയിൽ

ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി–20 ക്രിക്കറ്റ് മൽസരങ്ങൾ ഓൺലൈനിൽ ലൈവായി കാണിക്കുന്നത് സംബന്ധിച്ചുള്ള എയർടെൽ പരസ്യത്തിനെതിരെ റിലയൻസ് ജിയോ കോടതിയെ സമീപിച്ചു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന എയർടെൽ പരസ്യം പിൻവലിക്കുകയോ തിരുത്തുകയോ വേണമെന്നാണ് ജിയോ കോടതിയിൽ വാദിച്ചത്.

ജിയോയ്ക്കു വേണ്ടി അഭിഷേക് മനുവാണ് വാദിച്ചത്. മുഴുവൻ എയർടെൽ വരിക്കാർക്കും ഐപിഎൽ മൽസരങ്ങൾ ഫ്രീയായി ലൈവ് കാണാമെന്നാണ് എയർടെൽ പരസ്യം. എന്നാൽ ലൈവ് കാണാൻ ഡേറ്റ വേണമെന്ന കാര്യം പരസ്യത്തിൽ പറയുന്നില്ലെന്നും ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ജിയോ വാദം. തുടർന്ന് എയർടെൽ പരസ്യത്തിൽ മാറ്റം വരുന്നതാൻ കോടതി തന്നെ ഉത്തരവിട്ടു.

ഏപ്രിൽ 7 മുതല്‍ മേയ് 27 വരെയുള്ള എയർടെല്ലിന്റെ എല്ലാ ഐപിഎൽ പരസ്യങ്ങളിലും ഈ മാറ്റം വരുത്തണമെന്നും ജിയോ വാദിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഐപിഎൽ മുന്നിൽകണ്ട് ഇരു കമ്പനികളും വൻ ക്യാംപയിനാണ് നടത്തുന്നത്. 700 ദശലക്ഷം ഐപിഎൽ പ്രേക്ഷകരെയാണ് ഇരുകമ്പനികളും പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വർഷം ഹോട്സ്റ്റാർ അഞ്ചു മിനിറ്റ് വൈകിയാണ് മല്‍സരങ്ങൾ കാണിച്ചിരുന്നത്. എന്നാൽ ഈ വർഷം ലൈവായാണ് കാണിക്കുന്നത്. ഐപിഎൽ ലൈവ് കാണാൻ ജിയോ പ്രത്യേകം പാക്കേജ് തന്നെ അവതരിപ്പിച്ചിരുന്നു.