വീട്ടിൽ വേലക്കാരിയായി ‘റോമന്‍ ദേവത’ വരും, സംവിധാനമൊരുക്കാൻ ആമസോൺ

നിങ്ങളെ വീട്ടുജോലിയില്‍ സഹായിക്കാന്‍ ശേഷിയുള്ള റോബോട്ടിന്റെ പണിപ്പുരയിലാണ് ആമസോണ്‍. വെസ്റ്റ എന്ന രഹസ്യ പേരാണ് വീട്ടുജോലി റോബോട്ട് നിര്‍മാണ പദ്ധതിക്ക് ആമസോണ്‍ നല്‍കിയിരിക്കുന്നത്. ആമസോണിന്റെ ഫയര്‍ ടാബ്ലറ്റും കിന്‍ഡിലും എക്കോ വോയ്‌സ് ആക്ടിവേറ്റഡ് സ്പീക്കറും നിര്‍മിച്ച ആമസോണിന്റെ ലാബ് 126നാണ് ഈ റോബോട്ടിന്റെ നിര്‍മാണ ചുമതലയും. 

അതേസമയം, എന്തൊക്കെയായിരിക്കും റോബോട്ട് ചെയ്യുന്ന വീട്ടു ജോലികളെന്നതു സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വീടിന്റെയും കുടുംബത്തിന്റെയുമെല്ലാം റോമന്‍ ദേവതയായ വെസ്റ്റയുടെ പേരാണ് പദ്ധതിക്ക് ആമസോണ്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ തന്നെ വെസ്റ്റയെ പരീക്ഷിക്കാനാണ് ആമസോണ്‍ തീരുമാനം. അടുത്ത വര്‍ഷത്തില്‍ ആമസോണ്‍ വെസ്റ്റ വിപണിയിലെത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

വര്‍ഷങ്ങളായി റോബോട്ട് നിര്‍മാണത്തില്‍ ലാബ് 126 കാര്യമായ ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. അടുത്തിടെ റോബോട്ടിക് മേഖലയിലെ വിദഗ്ധരെ ലാബ്126 ജോലിക്കെടുക്കാന്‍ തീരുമാനിച്ചിരുന്നു. റോബോട്ടിക്‌സ് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍, റോബോട്ടിക്‌സ് സയന്റിസ്റ്റ്, പ്രിന്‍സിപ്പിള്‍ സെന്‍സേഴ്‌സ് എൻജിനീയര്‍ തുടങ്ങി വിവിധ തസ്തികകളിലേക്കാണ് അവര്‍ അപേക്ഷകള്‍ ക്ഷണിച്ചത്.

ഡ്രൈവറില്ലാ കാറുകള്‍ പോലെ സ്വയം സഞ്ചരിക്കുന്ന ക്യാമറകളുടെ സഹായത്തില്‍ ലഭിക്കുന്ന ദൃശ്യങ്ങള്‍ക്കനുസരിച്ച് പ്രതികരിക്കാനും തീരുമാനമെടുക്കാനും സാധിക്കുന്ന റോബോട്ടായിരിക്കും വെസ്റ്റയെന്നാണ് അനുമാനം. വീടുകളിലേക്കല്ലെങ്കിലും നേരത്തെ തന്നെ ആമസോണ്‍ റോബോട്ടുകളെ നിര്‍മിച്ചിട്ടുണ്ട്. ആമസോണ്‍ വെയര്‍ഹൗസുകളില്‍ ചരക്കു നീക്കത്തിന് റോബോട്ടുകളെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ആമസോണിന്റെ ഈ വിഭാഗവുമായി പ്രൊജക്ട് വെസ്റ്റയ്ക്ക് യാതൊരു ബന്ധവുമില്ല. 

ആമസോണിന്റെ എക്കോ സ്മാര്‍ട് സ്പീക്കറുകള്‍ വലിയ തോതില്‍ ഹിറ്റായിരുന്നു. ആമസോണ്‍ അലക്‌സ എന്ന ഇന്റലിജന്‍സ് പേഴ്‌സണല്‍ അസിസ്റ്റന്റ് സംവിധാനം വഴി മനുഷ്യരുമായി സംവദിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള എക്കോയുടെ ശേഷിയാണ് വ്യത്യസ്ഥമാക്കിയത്. ഉടമയുടെ ശബ്ദം തിരിച്ചറിഞ്ഞ് പാട്ട്, വാര്‍ത്ത, ഫോണ്‍കോള്‍, കാലാവസ്ഥാ വിവരങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാക്കാന്‍ എക്കോയ്ക്കാകും. 

എക്കോ ഘടിപ്പിച്ച ചലിക്കാനാകുന്ന റോബോട്ടാണ് വെസ്റ്റയെന്ന പ്രചാരണത്തെ ആമസോണ്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. റോബോട്ടിക് മേഖലയിലെ ആമസോണിന്റെ ആദ്യ സംരംഭമാണ് വെസ്റ്റ. ഐബോ എന്ന റോബോ നായയെ സോണി അടുത്തിടെ പുനരവതരിപ്പിച്ചിരുന്നു. നിര്‍മിത ബുദ്ധി (artificial intelligence) യുടെ സഹായത്തിലാണ് ഐബോ പ്രവര്‍ത്തിക്കുന്നത്. സാഹചര്യങ്ങളും ഉടമയേയും മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഐബോയ്ക്ക് 1750 ഡോളറാണ് (ഏകദേശം 110,000 രൂപ) സോണി വിലയിട്ടിരിക്കുന്നത്.