2019 ൽ ടെസ്‌ല ഇന്ത്യയിലെത്തും: ഇലൻ മസ്ക്

ലോകത്തെ ഏറ്റവും മികച്ച ഇലക്ട്രിക് കാറുകളുടെ നിർമാതാക്കളായ ടെസ്‍ല അടുത്ത വർഷം അവസാനത്തോടെ ഇന്ത്യയിൽ സാന്നിധ്യമറിയിക്കുമെന്ന് സിഇഒ ഇലൻ മസ്ക്. ഇന്ത്യ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിലേക്ക് വിപണി വ്യാപകമാക്കാൻ തന്റെ ജീവനക്കാരുമായി കൂടിയാലോചനകൾ നടത്തുകയാണെന്നും 2019 അവസാനത്തോടെ ഭാഗികമായെങ്കിലും ഇവിടങ്ങളിൽ സാന്നിധ്യമറിയിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം. 

ഓട്ടോ പൈലറ്റ്, ഹൈസ്പീഡ് ചാർജിങ് തുടങ്ങി ഒട്ടേറെ മികവുകളുള്ള ടെല്സ കാറുകൾ ഒറ്റ റീചാർജിൽ 700 കിലോമീറ്റർ വരെയാണ് സഞ്ചരിക്കുക. ടെസ്‍ല തന്നെ വികസിപ്പിച്ചെടുത്ത ബാറ്ററി ഉപയോഗിക്കുന്ന കാറുകൾക്കായി കമ്പനി യുഎസിലെങ്ങും അതിവേഗ ചാർജിങ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. 

സ്പേസ് എക്സ് ബഹിരാകാശ ഗവേഷണ ഏജൻസിയുടെയും ഹൈപർലൂപ് ഗതാഗതസംവിധാനമായ ബോറിങ് മെഷീന്റെയും മേധാവിയാണ് ഇലൻ മസ്ക്.