ഡ്രോണിടിച്ച് ബോയിങ് വിമാനം തകർന്നു, യാത്രക്കാർ രക്ഷപ്പെട്ടത് അദ്ഭുതകരം

പറക്കുന്നതിനിടെ ഡ്രോണിലിടിച്ച് യാത്രാ വിമാനത്തിന്റെ മുൻഭാഗം തകർന്നു. മെക്സിക്കൻ എയർലെയ്നിന്റെ ബോയിങ് 737 വിമാനമാണ് ഡ്രോണിന്റെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. യുഎസ് അതിർത്തി പ്രദേശമായ ടിജ്വാനയിലാണ് സംഭവം.

ബോയിങ് 737–700 വിമാനത്തിന്റെ മുൻഭാഗം തകർന്നതിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും സോഷ്യൽമീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്യാൻ കാത്തിരിക്കുന്ന സമയത്താണ് വൻ ശബ്ദത്തോടെ ഡ്രോൺ വിമാനത്തിലിടച്ചത്. എന്നാൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണ്.

മുൻഭാഗം തകർന്നെങ്കിലും വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരുമായി പറക്കുന്ന വിമാനങ്ങൾക്ക് വൻ ഭീഷണിയാണ് ഡ്രോണുകൾ. മിക്ക വ്യാമപരിധികളിലും ഡ്രോണുകളെ നിയന്ത്രിക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. റഡാറുകൾ വഴി കണ്ടെത്താൻ കഴിയാത്ത ഡ്രോണുകൾ വിമാനങ്ങൾക്ക് തലവേദനയാകുകയാണ്. മിക്ക രാജ്യങ്ങളിലും ഡ്രോണുകൾക്ക് നിയന്ത്രണമുണ്ടെങ്കിലും നിരവധി കമ്പനികളാണ് ചെറുതും വലുതുമായ ഡ്രോണുകൾ നിർമിക്കുന്നത്.

വിമാനങ്ങൾക്കു ഭീഷണി, ഇന്ത്യയിലും ഡ്രോൺ നിയമം ഉടൻ

വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള നയത്തിനു കേന്ദ്ര സർക്കാർ വൈകാതെ രൂപം നൽകും. നവംബറിൽ കരടുരേഖ പുറത്തിറക്കിയിരുന്നു. അന്തിമ നയം പണിപ്പുരയിലാണെന്നു കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. 

വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ അധ്യക്ഷനായ സമിതിയാണു നയത്തിനു രൂപം നൽകുന്നത്. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ കൂടി അഭിപ്രായങ്ങൾ പരിഗണിച്ചാവും അന്തിമനയം.

കരടു നയത്തിലെ മുഖ്യ വ്യവസ്ഥകൾ:

∙ ഡ്രോണുകൾക്കു വ്യക്തിഗത തിരിച്ചറിയൽ നമ്പർ ലഭ്യമാക്കും. 250 ഗ്രാമിൽ താഴെയുള്ള ഡ്രോണുകൾക്ക് (നാനോ ഡ്രോൺ) ഈ നിബന്ധന ബാധകമല്ല. 

∙ 200 അടിയിൽ താഴെ ഉയരത്തിൽ പകൽ സമയത്ത് മാത്രമേ ഡ്രോൺ ഉപയോഗിക്കാനാവൂ.

∙ വിമാനത്താവളങ്ങളുടെയും അതീവ സുരക്ഷാ മേഖലയായ ഡൽഹിയിലെ വിജയ് ചൗക്കിന്റെയും അഞ്ചു കിലോമീറ്റർ പരിധിയിൽ ഡ്രോൺ ഉപയോഗത്തിനു വിലക്ക്.

∙ രാജ്യാന്തര അതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തുനിന്ന് 500 മീറ്ററിനപ്പുറവും ഉപയോഗം പാടില്ല. 

∙ ഓടുന്ന വാഹനം, കപ്പൽ, വിമാനം എന്നിവയിൽ ഘടിപ്പിച്ചു ഡ്രോൺ പ്രവർത്തിപ്പിക്കാനാവില്ല.