എറണാകുളം സൗത്തിൽ സിനിമ ഡൗണ്‍ലോഡിങ്ങിന് നാലു മിനിറ്റ്‌

അതിവേഗ വൈഫൈ ഇന്റർനെറ്റ് സൗകര്യം വന്നതോടെ എറണാകുളം സൗത്ത് റെയിൽ‌വെസ്റ്റേഷൻ ശരിക്കും ടെക്ക് ഹബ്ബായി മാറി. യാത്രക്കാരെല്ലാം സ്മാർട്ഫോൺ ഉപയോഗിച്ച് വൈഫൈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ടെലിക്കോം സേവനദാതാക്കൾക്ക് പോലും നൽകാൻ കഴിയാത്ത വേഗമുള്ള ഇന്റർനെറ്റാണ് ഇന്റർനെറ്റ് ഭീമൻ ഗൂഗിൾ ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കിയിരിക്കുന്നത്.

സൗജന്യ വൈഫൈ സേവനം ഏഴു സ്റ്റേഷനുകളിൽ കൂടി തുടങ്ങി. നേരത്തെ മുംബൈ സെന്റ്രൽ സ്റ്റേഷനിൽ തുടക്കമിട്ട വൈഫൈ പദ്ധതി അടുത്ത ഒരു വർഷത്തിനകം 100 സ്റ്റേഷനുകളിൽ നടപ്പാക്കാനാണ് പദ്ധതി. മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നയാര്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ആസ്വദിക്കാം.

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ 100 റെയില്‍വേ സ്റ്റേഷനുകളുടെ മാപ്പ് ഗൂഗിൾ നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ കേരളത്തിലെ അഞ്ചു റെയിൽവേ സ്റ്റേഷനുകളാണ് ഉൾപ്പെടുന്നത്. കണ്ണൂർ, കൊച്ചി, തിരുവനന്തപുരം തൃശൂർ, കൊല്ലം എന്നീ സ്റ്റേഷനുകളിലാണ് മാപ്പിലുള്ളത്. ദിവസവും ഒരുകോടിയിലേറെ യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്റ്റേഷനുകള്‍ തെരഞ്ഞെടുത്തിരിക്കുന്നത്.

യുവ തലമുറയ്‌ക്കു റയിൽവേ സ്‌റ്റേഷനുകളിലേയ്‌ക്കു സ്വാഗതം ചെയ്യുന്നതാണ് പദ്ധതി. മുഴുനീള സിനിമകൾ നാലു മിനിറ്റ് കൊണ്ടു ഡൗൺലോഡ് ചെയ്യാൻ കെൽപുള്ള അതിവേഗ വൈഫൈ ഇന്റർനെറ്റാണ് രാജ്യത്തെ പ്രമുഖ സ്‌റ്റേഷനുകളിൽ വൈകാതെ ലഭ്യമാവുകാൻ പോകുന്നത്. മുപ്പത് മുതല്‍ അമ്പത് എംബിപിഎസ് വരെ വേഗതയാണ് റയില്‍നെറ്റ് വാഗ്ദാനം ചെയ്യുന്നത്.

മിഴിവുള്ള ദൃശ്യങ്ങൾ ഉറപ്പാക്കാൻ എച്ച്‌ഡി സൗകര്യം പുറമെ. ആദ്യ ഒരു മണിക്കൂർ വൈഫൈ സൗജന്യമായിരിക്കും. അതായത്, ഇഷ്‌ട സിനിമ ഡൗൺലോഡ് ചെയ്‌തു ദീർഘയാത്രകൾക്കു തയാറെടുക്കാം. ഏറെ വൈകാതെ കൂടുതല്‍ സമയം സൗജന്യ വൈഫൈ സേവനം ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് റയില്‍വെ.