ചൈനീസ് ഓൺലൈൻ ഉൽപന്നങ്ങൾ വ്യാജം

ഓണ്‍ലൈന്‍ വഴി വിൽക്കുന്ന 40 ശതമാനം ചൈനീസ് ഉല്‍പന്നങ്ങളും വ്യാജമാണെന്ന് റിപ്പോർട്ട്. മിക്കതും ഗുണനിലവാരമില്ലാത്ത വ്യാജ ഉൽപന്നങ്ങളാണ്. മൊത്ത വിൽപനക്കാരായ ആലിബാബ ഡോട്ട്കോം ഉള്‍പ്പെടെയുള്ള മുൻനിര ഇ-കൊമേഴ്സ് കമ്പനികൾക്കെതിരെ പരാതികൾ കൂടിയതായും റിപ്പോർട്ടുകളിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിപണിയാണ് ചൈന. ഓണ്‍ലൈനായി വാങ്ങിയ ഉൽപന്നങ്ങള്‍ ഗുണനിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി 77,800 പരാതികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. 58.7 ശതമാനം ഉല്‍പന്നങ്ങള്‍ക്ക് മാത്രമാണ് കുറച്ചെങ്കിലും ഗുണനിലവാരമുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പരാതികള്‍ 356.6 ശതമാനം കൂടിയതായും ചൈനയിലെ ഉപഭോക്തൃ അവകാശ സംരക്ഷണവകുപ്പില്‍നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഓരോ വർഷവും 44,200 കോടി ഡോളറിന്റെ ഓൺലൈൻ വിൽപനയാണ് ചൈനയിൽ നടക്കുന്നത്. അമേരിക്കയിൽ ഇത് 30,000 കോടി ഡോളർ മാത്രമാണ്. ചൈനീസ് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളാണ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടത്.