നാഹിദിനെ ആസ്വാദ്യമാക്കി മലയാളത്തിന്റെ ശ്രീക്കുട്ടന്‍

പേര്‍ഷ്യന്‍ സിനിമ നാഹിദ് സില്‍വര്‍ സ്‌ക്രീനില്‍ എത്തിയപ്പോള്‍ മലയാള സിനിമയെന്നോണം ആസ്വാദകര്‍ ദൃശ്യത്തിനും ശബ്ദത്തിനുമൊപ്പം അലിഞ്ഞുചേര്‍ന്നു. ചലച്ചിത്ര മേളയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക പ്രദര്‍ശനത്തിലാണ് അന്യഭാഷാചിത്രമെന്ന ധാരണകൂടാതെ മലയാളി പ്രേക്ഷകര്‍ നാഹിദിനൊപ്പം സഞ്ചരിച്ചത്. പട്ടം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ടെക് ജെമിനി ഇന്‍ഫോ സര്‍വ്വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ സംവിധായകന്‍ കെ ശ്രീക്കുട്ടനായിരുന്നു ഇതിന്റെ മലയാള പരിഭാഷയൊരുക്കിയത്.

മേളയുടെ ഉപദേശക സമിതി അംഗം ഷാജി എന്‍ കരുണിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഡിസംബര്‍ ഒന്നിന് നാഹിദിന്റെ സബ്‌ടൈറ്റിലിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതെന്ന് പാവക്കൂത്ത്, ഓ ഫാബി, തക്ഷശില, കനല്‍കിരീടം ചിത്രങ്ങളുടെ സംവിധാനത്തിലൂടെ ചലച്ചിത്രമാധ്യത്തില്‍ നൂതനത്വം കാട്ടിത്തന്ന മലയാളികളുടെ ശ്രീക്കുട്ടന്‍ പറഞ്ഞു. തുടര്‍ന്ന് സമയബന്ധിതമായി ദൗത്യം പൂര്‍ത്തികരിക്കുകയായിരുന്നു. ഭാഷാ വിദഗ്ധനും കൃത്യമായ ടൈം കോഡും ലഭ്യമായാല്‍ കമ്പനി വികസിപ്പിച്ചെടുത്ത ടെക് ഇന്‍ ഫ്രെയിം സോഫ്റ്റ് വെയറിലൂടെ ഏതു ഭാഷയിലെ ചിത്രങ്ങളെയും മറ്റേതു ഭാഷയിലേക്കും വിവര്‍ത്തനം ചെയ്യാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വരും വര്‍ഷങ്ങളിലും മേളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യം ഉണ്ടെന്ന് കമ്പനിയുടെ സിഎംഡി സുചിത്ര രാമന്‍ പറഞ്ഞു. നമ്മുടെ മലയാള ചലച്ചിത്രങ്ങള്‍ നിരവധി അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ടെക് ഫ്രയിം സോഫ്റ്റ് വെയറിലൂടെ സാംസ്‌കാരത്തിന്റേയും ഭാഷയുടേയും അതിര്‍വരമ്പുകള്‍ കൂടാതെ മറ്റുള്ളവര്‍ക്കു മുന്നില്‍ നമ്മുടെ ചിത്രങ്ങളെ തന്‍മയത്വത്തോടെ അവതരിപ്പിക്കുവാന്‍ കഴിയും. പരീക്ഷണാടിസ്ഥാനത്തില്‍ ഏറ്റെടുത്ത ഈ പ്രോജക്ടിനായി അരുണ്‍ ബല്‍രാജും മഞ്ചു നാഥും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ വിശദമാക്കി.

ഇരുപതാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന ചലച്ചിത്ര മേളയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി ചരിത്രത്തില്‍ ആദ്യമായാണ് പൊതുജനത്തിനായി പ്രദര്‍ശനം സംഘടിപ്പിച്ച് അന്യഭാഷ ചിത്രത്തെ മലയാള സബ്‌ടൈറ്റിലോടെ സ്‌ക്രീനിലെത്തിച്ചത്. നൂറ്റിയഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിനായി തനിമ ചോര്‍ന്നുപോകാത്തതരത്തിലുള്ള കുറിക്കുകൊള്ളുന്ന വാക്കുകള്‍ തിരഞ്ഞെടുക്കുന്നതും കൃത്യമായ ഫ്രെയിമിനുള്ളില്‍ സംഭാഷണം അവതരിപ്പിക്കുകയും വെല്ലുവിളിയായിരുന്നതായി കമ്പനിയുടെ സ്ട്രാറ്റജി വിഭാഗം ഡയറക്ടറുമായ ശ്രീക്കുട്ടന്‍ വ്യക്തമാക്കി.