മീഡിയ ഹാക്കത്തോൺ ആരംഭിച്ചു

മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന മീഡിയ ഹാക്കത്തോണിന് കൊച്ചിയിൽ തുടക്കം. മനോരമ ഓൺലൈനിലൂടെ റജിസ്റ്റർ ചെയ്ത ഇരുന്നൂറിൽ പരം പേരിൽ നിന്നും തിരഞ്ഞെടുത്ത 28 പേരാണ് ഹാക്കത്തോണിൽ മത്സരിക്കുക. കേരളത്തിലെ ആദ്യത്തെ ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ ഭാഗമായാണ് മീഡിയ ഹാക്കത്തോൺ നടത്തുന്നത്.

'ടെക്സ്പെക്റ്റേഷന്‍സിന്റെ ഭാഗമായി പനമ്പിള്ളി നഗറിലെ ഹോട്ടല്‍ അവന്യൂ സെന്ററില്‍ നടക്കുന്ന മീഡിയ ഹാക്കത്തോൺ മത്സരത്തില്‍ ഫൈനലിലെത്തുന്ന മൂന്നുപേര്‍ക്ക് ക്ഷണിക്കപ്പെട്ട സദസിന് മുന്നില്‍ തങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ഹാക്കിങ് മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 2 ലക്ഷം, 1.5 ലക്ഷം ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

എ.ഡബ്ല്യൂ.എസ് ആക്ടിവേറ്റ്, മൊബൈല്‍ 10, യൂട്യൂബ് എന്നിവരാണ്‌ 'ടെക്സ്പെക്റ്റേഷന്‍സി'ന്റെ പാര്‍ട്ണര്‍മാര്‍. ഹൈ.എഫ് എക്സ് ഐ.ടി ആന്‍ഡ്‌ മീഡിയ സര്‍വീസസാണ് പരിപാടിയുടെ സാങ്കേതിക പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷന്‍സിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും റജിസ്ട്രേഷനും www.techspectations.com സന്ദര്‍ശിക്കുക.

എന്താണ് ഹാക്കത്തോൺ

ടെക് ലോകത്തെ പുതിയ കണ്ടെത്തലുകളും ആശയങ്ങളും സൂത്രവിദ്യകളും വിവരങ്ങളും പങ്കുവയ്ക്കാനുള്ള ഒരു വേദിയാണ് ഹാക്കത്തോൺ. സോഫ്റ്റ്‌വെയർ, മൊബൈൽ ആപ്ലിക്കേഷൻ, കോഡിങ്, ഫൊട്ടോഗ്രഫി, ഇന്റർനെറ്റ്, സോഷ്യൽമീഡിയ, ഗ്രാഫിക് ഡിസൈനിങ് തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ ഹാക്കത്തോണുകൾ നടത്തുന്നു.

മണിക്കൂറുകൾ മുതൽ മാസങ്ങളോളം നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ സംഗമങ്ങൾ വരെയുണ്ട്. എന്നാൽ മിക്ക ഹാക്കത്തോണുകളും ഒന്നോ രണ്ടോ ദിവസമായാണ് സംഘടിപ്പിക്കുന്നത്. അതാത് വിഷയങ്ങളിൽ പ്രാവീണ്യം നേടിയവരാണ് ഹാക്കത്തോണുകളിൽ ക്ലാസെടുക്കുക. ഹാക്ക് പ്ലസ് മാരത്തോൺ ആണ് ഹാക്കത്തോൺ ആയത്. 1999 ലാണ് ഹാക്കത്തോൺ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. സൺ മൈക്രോസിസ്റ്റമാണ് ഈ വാക്ക് ആദ്യം ഉപയോഗിക്കുന്നത്. അന്ന് 10 സാങ്കേതിക വിദഗ്ധർ ചേർന്നാണ് ആദ്യ ഹാക്കത്തോൺ സംഗമം നടത്തിയത്.

ഡിജിറ്റൽ സംഗമത്തിലെ പ്രമുഖർ

ഗൂഗിള്‍ ആൻഡ് യൂട്യൂബ് വിഡിയോ ഏഷ്യാ-പസിഫിക് മേഖല ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍, ആമസോണ്‍ ഇന്റര്‍നെറ്റ്‌ സര്‍വീസസ് ഇന്ത്യ മേധാവി ബിക്രം ബേദി, ബിസിനസ് ബ്ലോഗിങ് സി.ഇ.ഒ കിരുബ ശങ്കര്‍, വാസുദ അഗർവാൾ (ഇന്‍മൊബി), ഒറിയോസ് വെഞ്ച്വര്‍ പാര്‍ട്ട്ണേഴ്സ് ജനറല്‍ പാര്‍ട്ണര്‍ രെഹാന്‍ യാര്‍ ഖാന്‍, ഫ്രഷ്‌ ടോ ഹോം സി.ഇ.ഒയും സഹസ്ഥാപകനുമായ ഷാന്‍ കടവില്‍, ഫെയ്സ്ബുക്ക്‌ ഇന്ത്യ-ദക്ഷിണേഷ്യ മാനേജിങ് ഡയറക്ടര്‍ ഉമംഗ് വബേദി തുടങ്ങി ലോകമെമ്പാടുള്ള ടെക്നോളജി സ്ഥാപനങ്ങളുടെ സിഇഒ, സിഎക്സ്ഓമാരും, ഡിജിറ്റല്‍ ഗുരുക്കന്‍മാരും, ടെക് രംഗത്തെ സംരംഭകരുമാണ് ഡിജിറ്റൽ സംഗമത്തിൽ അണിനിരക്കുക.

പുതുചലനങ്ങളുടെയും മാറ്റങ്ങളുടെയും പരീക്ഷണശാലയായ ഡിജിറ്റല്‍ മേഖലയും ഡിജിറ്റല്‍, സോഷ്യല്‍, മൊബൈല്‍, വിഡിയോ, സ്റ്റാര്‍ട്ടപ്പുകളും ഇന്നത്തെ മാധ്യമങ്ങളില്‍ ചെലുത്തുന്ന സ്വാധീനവുമാണ് 'ടെക്സ്പെക്റ്റേഷന്‍സിന്റെ പ്രധാന ആശയ, സംവാദ ചേരുവകൾ. സ്കൈലൈൻ ആണ് മുഖ്യപ്രായോജകര്‍.