പൂക്കളുടെ വിരുന്നൊരുക്കി മൂന്നാർ

ഈ അവധിക്കാലം ഉല്ലസിക്കാൻ മൂന്നാറിലേക്ക് വരൂ. അതിമനോഹരമായ ഫ്ലവർഷോ ആസ്വദിക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി മൂന്നൂറിൽപ്പരം പൂക്കളും, എല്ലാത്തരം പഴവർഗ്ഗങ്ങളും അതിന്റെ തൈകളും വാങ്ങാം.

മൂന്നാറിലെ ഏറ്റവും പുതിയ പാർക്കായ റിവർ വ്യൂ പാർക്കിലാണ് ഇൗ ദൃശ്യ വിരുന്നൊരിക്കിയിരിക്കുന്നത്.  മൂന്നാറിൽ പൂക്കളുടെയും പഴങ്ങളുടെയും  ഉൽസവകാലമാണ്. 

സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ്, കാനഡ എന്നീ രാജ്യങ്ങളിലെ വിവിധ തരം പൂക്കളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മുപ്പതു തരം വ്യത്യസ്തമാർന്ന പനിനീർ പൂക്കളും കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്നു. 

മഞ്ഞയും വെള്ളയും ചുവപ്പും പിങ്കും,  ലിവർ റെഡ്, മഞ്ഞ കലർന്ന വെള്ള നിറമോടു കൂടിയതും, വെള്ളയും ചുവപ്പും കറുപ്പും നിറമാർന്നതും, വൈലറ്റും കൂടാതെ മിനിയേച്ചർ വിഭാഗത്തിലുള്ള റോസാപൂക്കളും ഇവിടെ കാണാം.

കൂടാതെ പൂക്കൾ വിഭാഗത്തില്‍ ഉൾപ്പെട്ട ജെറിബ്രാ, ജെറാലിയം, ജെറാ‍ഞ്ചി, ഹൈഡ്രാലിയം, ടോറിനോ, ഡയാന്റസ്, ലില്ലിയം കൂടാതെ പലതരത്തിലുള്ള മണിപ്ലാന്റുകളും ഇവിടെയുണ്ട്.  വിദേശത്തു നിന്നും എത്തിയിട്ടുള്ള  വിവിധ തരം ഓർക്കിഡുകളും മിനിയേച്ചർ ആന്തൂറിയവുംമാണ് മറ്റു താരങ്ങൾ.

പന്ത്രണ്ടു തരം പുഷ്പ ശിൽപങ്ങൾ നമുക്കിവിടെ കാണാൻ സാധിക്കും. കൂടാതെ ഒാറഞ്ച്, സ്ട്രോബെറി, ജാക്ക്ഫ്രൂട്ട്, അമ്പഴങ്ങ അങ്ങനെ നിരവധി പഴങ്ങള്‍ വിളഞ്ഞ് നിൽക്കുന്ന തൈകള്‍ വാങ്ങാനും സാധിക്കും. 

ഈ പാർക്കിനുള്ളിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. ബോട്ടിങ്ങും റിവർ ക്രോസിങ്ങുമൊക്കെയായി അടിച്ചുപൊളിക്കാം.

പെഡൽ ബോട്ടാണെങ്കിൽ ഒരാൾക്ക് 25 രൂപ മാത്രമാണ് ചാർജ് ഇൗടാക്കുന്നത്. ഒരു ബോട്ടിൽ നാലുപേർക്ക് യാത്ര ചെയ്യാൻ സാധിക്കും. അതേപോലെ സപീഡ് ബോട്ടാണ് ഉപയോഗിക്കുന്നതെങ്കിൽ മൂന്നു പേർക്ക് 200 രൂപയാണ് ചാർജ്. അതേപോലെ കുട്ടികൾക്കും മുതിർന്നവർക്കുമായിട്ട് റിവർക്രോസിങ്ങ് സംവിധാനമുണ്ട്. അതിനായി ചാർജ് ചെയ്യുന്നത് 100 രൂപയാണ്.

റിവർ വ്യൂ പാർക്കിലെ രാത്രി കാഴ്ചകളാണ് ഏറ്റവും മനോഹരം.  ഈ പാർക്കിലേക്ക് കടന്നു വരുമ്പോൾ ഒരു ഉത്സവത്തിന്റെ പ്രതീതിയാണ്. 

പാര്‍ക്ക് മുഴുവനും വർണ ബൾബുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന അതിമനോഹരമായ കാഴ്ച ആരെയും ആകർഷിക്കും. പാർക്കിൽ എത്തിച്ചേരാൻ ഏറ്റവും അനുയോജ്യമായ സമയം ഉച്ചയ്ക്കു ശേഷം മുതൽ രാത്രി ഒൻപതു മണിവരെയാണ്.

നിലവിൽ ഇപ്പോൾ ഒട്ടുമിക്ക ദിവസങ്ങളിലും ഉച്ചയ്ക്കു ശേഷം ചെറിയ മഴയും നല്ല മനോഹരമായ കാലാവസ്ഥയും യാത്രയിൽ ആസ്വദിക്കാം.

പാർക്കിന്റെ പ്രവർത്തന സമയം രാവിലെ ഒൻപതു മണി മുതൽ വൈകുന്നേരം ഒൻപതു മണി വരെയാണ്. ഫ്ലവർ ഷോയ്ക്ക് പ്രവേശിക്കാൻ മുതിർന്നവർക്ക്  40 രൂപയും കുട്ടികൾക്ക് 20 രൂപയും അതേപോലെ സ്കൂൾ കോളജ് ഗ്രൂപ്പുകൾക്കാണെങ്കിൽ 15 രൂപയുമാണ് ഇവിടുത്തെ ഫീസ്.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ വ്യത്യസ്തമായ കലാപരിപാടികളും ഇവിടെ നടക്കുന്നുണ്ട്. ഈ അവധിക്കാലം തീരുന്നതു വരെ ഫ്ലവർഷോ ഉണ്ടായിരിക്കും. 

ഇവിടെ എത്തിച്ചേരേണ്ട മാർഗ്ഗം എറണാകുളത്തു നിന്നാണ് വരുന്നതെങ്കിൽ  എറണാകുളം – ആലുവ – പെരുമ്പാവൂർ – കോതമംഗലം – അടിമാലി – മൂന്നാർ. ഒാൾഡ് മൂന്നാറിലാണ് റിവർ വ്യൂ പാർക്ക് സ്ഥിതി ചെയ്യുന്നത്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പോപ്പി ഗാർഡൻസും സംയുക്തമായി ചേർന്നാണ് ഫ്ലവർ ഷോ ഓൾഡ് മൂന്നാറിൽ സംഘടിപ്പിച്ചിരിക്കുന്നത്.