ഇന്ത്യൻ മാതാപിതാക്കൾ കുട്ടികളോട് ചെയ്യുന്നത്?; ട്രോളുകൾ സത്യമോ?

പ്രതീകാത്മക ചിത്രം.

എത്ര വലുതായാലും അവനെനിക്കു കുഞ്ഞല്ലേ? ഈ ഡയലോഗ് കേൾക്കാതെ ഒരു ഇന്ത്യൻ കുട്ടിപോലും വളർന്നു വലുതാവില്ലെന്നു പറഞ്ഞുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ രസകരമായ ചില ട്രോളുകൾ പ്രചരിക്കുന്നത്. ഇന്ത്യക്കാരായ മാതാപിതാക്കളെ കണക്കിന് പരിഹസിക്കുന്ന ട്രോളുകൾ മിക്കതും സത്യമാണെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. പല കുട്ടികളും സമൂഹമാധ്യമങ്ങളിൽ അത്തരം ട്രോളുകൾ പങ്കുവയ്ക്കുന്നുണ്ട്.

മക്കൾ എത്ര മുതിർന്നാലും അവരെ സ്വതന്ത്ര വ്യക്തികളായി അംഗീകരിക്കാൻ ഇന്ത്യക്കാരായ മാതാപിതാക്കൾക്ക് അൽപ്പം ബുദ്ധിമുട്ടുണ്ടെന്നാണ് ഈ ട്രോളുകൾ പറയുന്നത്. എത്ര പ്രായമായാലും അമ്മ ചോറുവാരിത്തരണമെന്നു ശഠിക്കുന്ന, അച്ഛനോടു പോക്കറ്റ് മണിക്കുവേണ്ടി വാദിക്കുന്ന കുട്ടികളെ ഇന്ത്യയിൽ മാത്രമേ കാണാനാകൂവെന്നും ചില ട്രോളുകൾ പറഞ്ഞു വയ്ക്കുന്നു.

കുട്ടികൾ ടിവി കാണാനിരുന്നാൽ... ഇത്രയടുത്തിരുന്നു ടിവി കാണുന്നത് കണ്ണിനു കേടാണെന്നു പറഞ്ഞു തുടങ്ങുന്ന ഉപദേശം തങ്ങളുടെ ജീവിതാവസാനം വരെ തുടരുമെന്നാണ് ചില മക്കൾ പറയുന്നത്. കുട്ടിക്കാലത്ത് ടിവി കാഴ്ച, പഠനം ഇവയിലൊക്കെ അനാവശ്യമായ അഭിപ്രായപ്രകടനം നടത്തുന്ന മാതാപിതാക്കൾ തങ്ങൾ മുതിരുമ്പോൾ ആദ്യം പ്രണയത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കും പിന്നീട് ഏതു കോഴ്സ് പഠിക്കണമെന്നും എന്തുജോലിക്കു പോകണമെന്നും തീരുമാനിച്ച ശേഷം നിറയെ സ്ത്രീധനം കിട്ടുന്ന അറേഞ്ച്ഡ് മാര്യേജിന് നിർബന്ധിക്കുമെന്നുമൊക്കെയാണ് ചിലരുടെ പരാതി.

കുട്ടിക്കാലത്ത് മുതിർന്നവരെപ്പോലെ വിവേചന ബുദ്ധിയോടെ പെരുമാറാത്തതിന്റെ പേരിൽ ശകാരം കേൾക്കേണ്ടി വരുന്ന തങ്ങൾ മുതിരുമ്പോൾ സ്വന്തം ഇഷ്ടത്തിനു തീരുമാനമെടുത്തതിന്റെ പേരിലാണ് ശകാരം കേട്ടിട്ടുള്ളതെന്നും ചിലർ പറയുന്നു. 

ഇന്ത്യൻ മാതാപിതാക്കളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില രസികൾ ട്രോളുകൾ ഇതാ

വിദേശികൾ മക്കളോട് ഭക്ഷണം കഴിക്കാൻ പറയുന്നത്: ഭക്ഷണം കഴിച്ചിട്ട് മിടുക്കനായിട്ടിരിക്കണം കേട്ടോ

ഇന്ത്യൻ പേരന്റ്സ്: പെട്ടന്നു കഴിച്ചോ ഇല്ലെങ്കിൽ ഇപ്പോൾ ബാബ വരും.

പരീക്ഷാഫലം വരുമ്പോൾ ഇന്ത്യൻ മാതാപിതാക്കളുടെ പ്രതികരണം

തോറ്റാൽ: നിന്റെ പോക്കു കണ്ടപ്പഴേ എനിക്ക് സംശയമുണ്ടായിരുന്നു നീ തോൽക്കുമെന്ന്

ജയിച്ചാൽ : എന്തെങ്കിലും തട്ടിപ്പ് കാണിച്ചിട്ടാവും ജയിച്ചത്.

പ്രതീകാത്മക ചിത്രം.

ഇന്ത്യക്കാരായ മാതാപിതാക്കൾ ഒന്നിനും നേരിട്ടു മറുപടി തരില്ല

കുട്ടി:  കൂട്ടുകാരൊക്കെ അവിടെ പോകുന്നുണ്ട് ഞാനും പൊയ്ക്കോട്ടെ?

അമ്മ: കൂട്ടുകാർ കറങ്ങി നടക്കുന്നിടത്തൊക്കെ നിനക്കും പോകണമെന്ന് എന്താ നിർബന്ധം

അമ്മ നോ ആണു പറഞ്ഞതെന്നു മനസ്സിലാക്കാൻ കുറേ നേരമെടുത്തെന്നു കുട്ടി.

ഇഷ്ടപ്പെടാത്ത കാര്യത്തിന് അനുവാദം ചോദിച്ചാൽ

നിനക്കിഷ്ടമുള്ളത് ചെയ്തോ പക്ഷേ തിരിച്ചു വരുമ്പോൾ കാണുന്നത് എന്റെ ശവമായിരിക്കും.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജനനം മുതൽ മരണം വരെ ഇമചിമ്മാതെ മക്കൾക്കു കാവൽമാലാഖമാരായി നിൽക്കുന്ന ഇന്ത്യൻ മാതാപിതാക്കളെക്കുറിച്ച് അസൂയയോടെ പറയുന്ന വിദേശികളുമുണ്ടെന്ന് പറയാതെ പറയുന്നുണ്ട് ചില ട്രോളുകൾ.മരിക്കും വരെ മാതാപിതാക്കൾ തങ്ങളെ ചെറിയ കുട്ടികളായാണ് കാണുന്നതെന്നു പറഞ്ഞുകൊണ്ടാണ് കുട്ടികൾ ഈ ട്രോളുകൾ പങ്കുവെയ്ക്കുന്നത്.