Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുഞ്ഞുങ്ങളെ രാത്രി വഴക്കില്ലാതെ ഉറങ്ങാൻ പഠിപ്പിക്കാം, ചില വിദ്യകൾ

x-default പ്രതീകാത്മക ചിത്രം

കുഞ്ഞ് ജനിച്ച ശേഷം മിക്ക അമ്മമാർക്കും ശരിയായ ഉറക്കം എന്നത് കിട്ടാക്കനിയാണ്. ചില കുഞ്ഞുങ്ങൾ ജനിച്ച് ഒന്നു രണ്ടു മാസങ്ങൾക്കു ശേഷം  രാത്രി ഉറക്കം ശീലിച്ച് തുടങ്ങും. എന്നാൽ ചില വിരുതന്മാരാകട്ടെ ഒരു വയസ്സ് തികയുമ്പോൾ പോലും ഇങ്ങനെ ഉറങ്ങാൻ കൂട്ടാക്കാറില്ല. ഇത്തരക്കാരെ രാത്രി ഉറക്കം പരിശീലിപ്പിക്കാൻ ഉള്ള ചില മാർഗങ്ങൾ ഇതാണ്.

ഉറങ്ങാനുള്ള സമയത്തിൽ കൃത്യത പാലിക്കുകയാണ് ഒന്നാമത്തെ മാർഗ്ഗം. പതിവായി ഒരു നിശ്ചിത സമയത്തു തന്നെ കുഞ്ഞിനെ ഉറക്കാൻ ശ്രമിക്കുക. ഏതാനും ദിവസങ്ങൾ കൊണ്ട് കുഞ്ഞ് ഈ സമയ രീതിയുമായി പൊരുത്തപ്പെട്ട് ഉറക്കം ശീലിക്കും.

ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ്  ഭക്ഷണം നൽകുക. ഇത് ദഹനപ്രക്രിയ കുഞ്ഞിന്റെ ഉറക്കത്തെ ബാധിക്കാതെ ശരിയായി നടക്കാൻ സഹായിക്കും.  കിടക്കുന്നതിന് തൊട്ടു മുൻപായി ഭക്ഷണം നൽകുന്നത് നല്ല പ്രവണതയല്ല.

മുറിയിലെ വെളിച്ചത്തിനും കുഞ്ഞിന്റെ ഉറക്കത്തിൽ പങ്കുണ്ട്. ഉറക്ക സമയത്ത് അധികം പ്രകാശം ആവശ്യമില്ല. ഉറങ്ങുന്നതിന് മുൻപായി അരണ്ട വെളിച്ചം ലഭിക്കുന്ന രീതിയിൽ മുറി ക്രമീകരിക്കുക. ക്രമേണ ഈ വെളിച്ചം ഇടുന്നത് ഉറങ്ങാനുള്ള സമയമായെന്നതിന്റെ സൂചനയാണെന്ന് കുഞ്ഞ് മനസ്സിലാക്കി തുടങ്ങും.

ഉറക്കത്തിന് കുറച്ചു മുൻപായി ചെറുചൂടു വെള്ളത്തിൽ കുളിപ്പിക്കുന്നത് ഗുണം ചെയ്യും. ശരീര പേശികൾക്ക് അയവു വരുന്നതിനും ഉറക്കം വരാനും ഇത് സഹായിക്കും. കുഞ്ഞിന്റെ ശരീരം മൃദുവായി മസാജ് ചെയ്യുന്നതും ഉറക്കത്തെ വളരെ അധികം സഹായിക്കും.

പതിവായി ഒരേ സ്ഥലത്ത് തന്നെ ഉറക്കാൻ ശ്രദ്ധിക്കുക . കിടക്കയിലും മുറിയിലും ഉണ്ടാകുന്ന മാറ്റം കുഞ്ഞിന്റെ ഉറക്കത്തെയും സാരമായി ബാധിച്ചേക്കാം. കുഞ്ഞിന്റെ സുഖമായ ഉറക്കത്തിന്   മൃദുവായ കിടക്കയും തലയിണയും മറ്റും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

രാത്രി കാലങ്ങളിൽ കുഞ്ഞ് ഉണർന്നാൽ ഉടനെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ എടുക്കുന്നത് കുഞ്ഞിന്റെ ഉറക്കം മുറിയാനും അധികസമയം ഉണർന്നിരിക്കാനും കാരണമാകും. കുഞ്ഞ് ഉണർന്നാൽ താരാട്ടു പാടിയോ ശരീരം മൃദുവായി തലോടിയോ ഉറക്കാൻ ശ്രമിക്കുക. കൈയിലെടുത്ത് ഉറക്കാതെ ഇത്തരത്തിൽ തനിയെ ഉറങ്ങാൻ കുഞ്ഞ് ശീലിക്കുന്നത് ദീർഘനേരം ഉറങ്ങാൻ സഹായിക്കും.

കുഞ്ഞ് കട്ടിയുള്ള ആഹാരം കഴിച്ചു തുടങ്ങിയാൽ രാത്രി ഉറക്കത്തിനിടെയുള്ള മുലപ്പാൽ നൽകലും ഫോർമുല ഫീഡിങ്ങും ക്രമേണ കുറച്ചു തുടങ്ങാം.  ആദ്യ ദിവസങ്ങളിൽ ഇത് അൽപ്പം ബുദ്ധിമുട്ടായി തോന്നുമെങ്കിലും പതിയെ കുഞ്ഞ് രാത്രിയിലുടനീളം ഉറങ്ങാൻ ശീലിക്കും.

പകൽ സമയത്തെ കുഞ്ഞിന്റെ ഉറക്കം ക്രമീകരിക്കുക എന്നതാണ് മറ്റൊരു മാർഗ്ഗം. കളികളും കാഴ്ചകളുമായി കുഞ്ഞിനെ ഊർജസ്വലനാക്കി ഇരുത്തുന്നത് രാത്രി ഉറക്കത്തിന് സഹായിക്കും.