ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി ദീപിക

ദീപിക.

ബിടൗണിൽ പിടിച്ചു നിൽക്കണമെങ്കിൽ ഗംഭീരമായി അഭിനയിക്കാനുള്ള കഴിവുമാത്രം പോര. അഴകളവുകളും സൗന്ദര്യവും കഴിവും ബുദ്ധിയും എല്ലാം വേണം. സ‍ഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ദീപിക പദുക്കോൺ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുക യാണ്. ഒപ്പം ആരോഗ്യകരമായ ശരീരത്തിനും മനസ്സിനുംവേണ്ടി എന്തൊക്കെ ചെയ്യണമെന്നു ആരാധകരോടു പറയാനും താരം മറക്കുന്നില്ല.



കണ്ണുകൾകൊണ്ടു കഴിക്കരുത് പക്ഷേ വയറു നിറയുവോളം കഴിക്കണം. ഇതാണ് ഭക്ഷണകാര്യത്തെക്കുറിച്ച് ദീപികയ്ക്കു പറയാനുള്ളത്. മെലിയാൻ വേണ്ടി പട്ടിണി കിടക്കുന്നതിനോടോ ഇഷ്ടഭക്ഷണം ഉപേക്ഷിക്കുന്നതിനോടോ താരത്തിനു ലവലേശം താൽപര്യമില്ല. പോഷകസമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക ഇതാണ് തന്റെ നയമെന്ന് താരം വ്യക്തമാക്കുന്നു.

ദീപിക.



കണ്ണിൽ കാണുന്ന ഭക്ഷണമെല്ലാം വാരിവലിച്ചു കഴിക്കരുതെന്നും ആഹാരത്തിന്റെ പോഷകമൂല്യങ്ങൾ മനസ്സിലാക്കിവേണം അതു കഴിക്കാനെന്നും ദീപിക പറയുന്നു.യാതൊരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. വയറുവിശന്നിരിക്കാനും പാടില്ല. കൃത്യമായ ഇടവേളകളിൽ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മുടക്കം വരുത്താതെ കൃത്യമായി വ്യായാമവും ചെയ്താൽ ആർക്കും ഫിറ്റ് ആയ ശരീരം സ്വന്തമാക്കാമെന്നാണ് താരം പറയുന്നത്.

ആരാധകരുടെ ശരീരത്തിന്റെ ആരോഗ്യം മാത്രമല്ല മനസ്സിന്റെ ആരോഗ്യവും വലുതാണെന്നു താരം മുമ്പ് തെളിയിച്ചിട്ടുണ്ട്. താൻ വിഷാദരോഗിയായിരുന്നു എന്നു തുറന്നു പറഞ്ഞുകൊണ്ടാണ് മാനസീകാരോഗ്യം നന്നായി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു താരം ബോധവൽക്കരണം നടത്തിയത്. മെഡിറ്റേഷനിലൂടെ തന്റെ വിഷാദരോഗത്തെ അതിജീവിച്ച താരം മാനസീക ആരോഗ്യ വിഷയത്തിൽ ബോധവൽക്കരണം നടത്തുന്നതിനായി ലിവ് ലൗ ലാഫ് എന്ന ഫൗണ്ടേഷനും സ്ഥാപിച്ചു.