Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂർവ സൗഹൃദത്തിന്റെ കഥ; കാൻസർ വേട്ടയാടിയ കൂട്ടുകാരിയ്ക്കായി..

Paramita Suja

അപൂർവമായ ഒരു സൗഹൃദം. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നിറവുണ്ടെങ്കിലും കണ്ണീരിന്റെയും നഷ്ടപ്പെടലിന്റെയും കഥ കൂടിയാണിത്. മുംബൈയിൽനിന്നുള്ള പരമിത സുജ എന്ന പെൺകുട്ടിയാണ് അപൂർവ സൗഹൃദത്തിന്റെ കഥ പറയുന്നത്. സ്കൂളിൽ വച്ചു തുടങ്ങിയ അന്യരാജ്യക്കാരിയായ ഒരു പെൺകുട്ടിയുമായുണ്ടായ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സാക്ഷ്യം. അപ്രതീക്ഷിതമായി ജീവിതത്തെ കണ്ണീർക്കടലിലാക്കിയ ദുഃഖത്തെ മറികടക്കാൻ അനുകരണീയമായ ഒരു മാതൃക കാണിക്കുന്നു ഈ പെൺകുട്ടി. ദുഃഖം മറക്കുന്നതിനൊപ്പം ജീവിതത്തെ സ്നേഹിക്കാനും ശുഭപ്രതീക്ഷ പുലർത്താനും പ്രേരിപ്പിക്കുന്ന ത്യാഗം. ഫെയ്സ്ബുകിൽ തന്റെ അനുഭവം ആ പെൺകുട്ടി പങ്കുവച്ചു. പരമിത സുജയുടെ വാക്കുകളിൽനിന്നു വായിക്കാം ആ കഥ:

ഞങ്ങൾ ആദ്യം കാണുന്നത് ഗ്രാഡ് സ്കൂളിൽവച്ച്. ഹോങ്കോങ്ങിൽ നിന്നായിരുന്നു അവൾ. എത്രയോ വ്യത്യസ്തമായിരുന്നു ഞങ്ങളിരുവരുടെയും ലോകം. എന്നിട്ടും എങ്ങനെയോ പരസ്പരം അടുത്തു. ഒരിക്കലും പിരിയാനാവാത്ത ബന്ധം. അവളെനിക്ക് ഒരു കൂട്ടുകാരി മാത്രമായിരുന്നില്ല. സഹോദരി. എന്റെ കുടുംബാംഗം തന്നെ. ഒരു ഒഴിവുകാലത്തു ഞാൻ ഇന്ത്യയിലായിരിക്കുമ്പോഴാണ് അവൾ ആ വാർത്ത എന്നോടു പറയുന്നത്. അവൾക്കു കാൻസർ. ഞാൻ പെട്ടെന്നുതന്നെ അവളുടെ അടുത്തേക്കു പറന്നു. ഒരുമിച്ച് ദുരന്തത്തെ മറികടക്കുമെന്ന വാശിയിൽ. 

വിശ്രമത്തിലായിരുന്നു അവൾ. പല റൗണ്ട് കീമോ കഴിഞ്ഞിരുന്നു. തീരെ ദുർബലയായിരുന്നു. മുടിയും നഷ്ടപ്പെട്ടു. അതുകണ്ട് ആകെ തകർന്നുപോയി ഞാൻ. കുറച്ചുനാളുകൾക്കുമുമ്പാണ് ഞങ്ങൾ രണ്ടുപേരും കൂടി പുതിയൊരു ഹെയർ സ്റ്റൈൽ പരീക്ഷിച്ച് പുറത്തുപോയത്. ഇപ്പോഴിതാ മുടി നഷ്ടപ്പെട്ട് അവളുടെ രൂപം തന്നെ മാറിയിരിക്കുന്നു. സഹിക്കാനായില്ല ആ കാഴ്ച എനിക്ക്. മുടി നഷ്ടപ്പെട്ട കാൻസർ രോഗികൾക്കു വിഗ് നിർമിച്ചുനിൽകുന്ന ഒരു ഫൗണ്ടേഷന് ഞാൻ  മുടി മുറിച്ചുനൽ‌കി. അതിനുശേഷം എന്നെ കണ്ടപ്പോൾ അവൾ ചിരിച്ചു – നിനക്കു കുറച്ചു മുടി കൂടി നൽകാമായിരുന്നു എന്നു തമാശ പറഞ്ഞു. കൂട്ടൂകാരി ഒറ്റയ്ക്കല്ല എന്നു ബോധ്യപ്പെടുത്തുകയായിരുന്നു എന്റെ ലക്ഷ്യം. 

അസുഖത്തിന് അവൾ വഴങ്ങിക്കൊടുത്തില്ല. ശരിക്കും പോരാടി. 13 മാസം. പക്ഷേ ഒരു ഫലവുമുണ്ടായില്ല. ഒരു രാത്രി. ഞാനവളുടെ അടുത്തുതന്നെ ഇരുന്നു. അവളുടെ കൈകൾ എന്റെ കൈകളിലായിരുന്നു. എനിക്കറിയാമായിരുന്നു. അവസാനം അടുത്തെത്തി. നാലു ദിവസം കഴിഞ്ഞ് ഞാനുണർന്നത് ആ സന്ദേശത്തിലേക്ക് – അവൾ പോയി.

ഹൃദയം തകർന്നെങ്കിലും ആശ്വാസവും തോന്നി. അവളുടെ കഷ്ടപ്പാട് അവസാനിച്ചല്ലോ. ഒത്തിരി വേദന സഹിച്ചിരുന്നു അവൾ. സത്യത്തിൽ സ്നേഹം എന്നു പറഞ്ഞാൽ വേദനയാണ്. മുറിവേൽപ്പിക്കുന്ന വേദന. അവൾ യാത്ര പറഞ്ഞ ദിവസം ഞാനവൾക്കുവേണ്ടി ജീവിച്ചു. ഞാൻ എങ്ങനെ ജീവിക്കണമെന്ന് അവൾ ആഗ്രഹിക്കുന്നുവോ അതേ രീതിയിൽ. അന്നു ഞാൻ പതിവു പോലെ ജോലി ചെയ്തു. ജിമ്മിൽ പോയി. കുടുംബത്തോടൊപ്പം കുറേ മണിക്കൂറുകൾ ചെലവഴിച്ചു. ഒടുവിൽ രാത്രിയായപ്പോഴേക്കും ഞാൻ കരഞ്ഞുപോയി. ഇനി തുള്ളി കണ്ണീരു പോലും അവശേഷിക്കുന്നില്ല എന്നുതോന്നുംവരെ കരഞ്ഞു. അന്നൊരു കാര്യം കൂടി തീരുമാനിച്ചു. ഇനിയുള്ള ജീവിതത്തിൽ അവൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണം. 

ചിരിക്കുകയും ജോലി ചെയ്യുകയുമൊക്കെ ചെയ്യുമ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു അവൾ. അതിനുശേഷം എല്ലാ വർഷവും ഞാൻ മുടി അവളുടെ പേരിൽ ദാനം ചെയ്യാൻ തുടങ്ങി. ഒരോ തവണ മുടി മുറിച്ചുനൽകിയിട്ടു വരുമ്പോഴും എന്റെ വിചിത്രമായ ഹെയർ സ്റ്റൈൽ കണ്ട് അവൾ ചിരിക്കുന്നതു ഞാൻ സങ്കൽപിച്ചു’. 

പരമിത സുജയുടെ അനുഭവം വായിച്ചുപോകാൻ മാത്രമുള്ളതല്ല. കാൻസർ എന്ന മാരക രോഗം സന്തോഷം കെടുത്തിയ അനേകം പേരുണ്ട് നമുക്കു ചുറ്റിനും. പലരും സഹായം ആവശ്യമുള്ളവർ. രോഗത്തിന്റെയും ചികിൽസയുടെയും കാഠിന്യത്തിൽ മുടി നഷ്ടപ്പെട്ടവരെ സഹായിക്കാൻ അനേകം സന്നദ്ധസംഘടനകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. സഹായിക്കാനുള്ള മനസ്സുണ്ടെങ്കിൽ തീർച്ചയായും ഈ വലിയ യജ്ഞത്തിൽ എല്ലാവർക്കും പങ്കുചേരാം. 

താൽപര്യമുള്ള സന്നദ്ധസംഘടനയുടെ വെബ്സൈറ്റിൽ നോക്കിയാൽ അവർ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങൾ മനസ്സിലാക്കാം. ഓരോ സംഘടനയും ആവശ്യപ്പെടുന്ന മുടിയുടെ നീളത്തിലും മറ്റും വ്യത്യാസമുണ്ട്. ഏഴു മുതൽ 12 ഇഞ്ചു വരെ നീളമുള്ള മുടിയാണ് പലരും ആവശ്യപ്പെടുന്നത്. മുടി മുറിച്ച് നനച്ചു വൃത്തിയാക്കി പാക്ക് ചെയ്ത് മൊബൈൽ നമ്പരും ഇ മെയ്‍ലും സഹിതം താൽപര്യമുള്ള സന്നദ്ധസംഘടനയ്ക്ക് അയച്ചുകൊടുക്കാം. 

കാൻസർ രോഗികൾക്കു മുടി മുറിച്ചുനൽകുന്നത് വലിയ സംതൃപ്തി നൽകുന്ന അനുഭവമാണെന്നു പറയുന്നു കോപ് വിത്ത് കാൻസർ എന്ന സംഘടനയുടെ ഭാരവാഹികൾ. മാറുന്ന ഫാഷൻ സങ്കൽപങ്ങൾക്കനുസരിച്ചും മറ്റും പലരും പലരും മുടി മുറിക്കുകയും സ്റ്റൈൽ മാറ്റുകയും ഒക്കെ ചെയ്യാറുണ്ട്. മഹത്തായ ഒരു ത്യാഗത്തിന്റെ ഭാഗമായി അതു ചെയ്യുമ്പോൾ വലിയൊരു പോരാട്ടത്തിൽ അണി ചേരുകയാണ് ഓരോരുത്തരും. 

രോഗത്തെത്തുടർന്നു മുടി നഷ്ടപ്പെട്ട കുട്ടികളുടെ പുഞ്ചിരി തിരിച്ചുനൽകുക എന്ന യത്നത്തിൽ പങ്കു ചേരുന്ന സംഘടനയാണ് ഹെയർ ഫോർ ഹാപ്പിനെസ്സ്. നിഹാരിക ജഡേജയും അമതുള്ള വഹൻവലയും ചേർന്നാണ് ഈ സംഘടന സജീവമായി മുന്നോട്ടുകൊണ്ടുപോകുന്നത്. 

വിഗ് നിർമിക്കാൻ മുടി സംഭാവന ചെയ്യുന്നതിനെക്കുറിച്ചു ബോധവത്കരണം നടത്താൻ 2013– ൽ രൂപീകരിച്ച സംഘടനയാണ് ഹെയർ ഫോർ ഹോപ്. പ്രേമി മാത്യു ആണ് സ്ഥാപക. യഥാർഥ മുടിയിൽ നിർമിക്കുന്ന വിഗുകൾക്ക് ചെലവേറെയാണ്. കാൻസർ ചികിൽസയ്ക്കു തന്നെ പണമേറെ വേണ്ടിവരുമെന്നതിനാൽ വിഗും ചേലവേറിയതാണ്. ലോകത്തെവിടുമുള്ള ആർക്കും എപ്പോൾ വേണമെങ്കിലും മുടി മുറിച്ചു സംഭാവന നൽകാം ഹെയർ ഫോർ ഹോപിന്. 

രോഗത്തിന്റെ തളർച്ചയ്ക്കൊപ്പം മുടി നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദനയ്ക്കും ഒരു പരിഹാരമാണ് വിഗുകൾ. രോഗം മാറിയാലും രൂപത്തിൽ വന്ന മാറ്റവുമായി പൊരുത്തപ്പെടാനാകാതെ പുറത്തിറങ്ങാൻപോലും മടിക്കുന്നവരുണ്ട്. പ്രത്യേകിച്ചും കുട്ടികൾ. മറ്റുള്ളവർ കണ്ടാൽ എന്തു പറയും എന്നാണവരുടെ ഭീതി. കണ്ണാടിയിൽ നോക്കാൻ പോലും മടിക്കുന്ന അനേകം പേരുണ്ട്. അവർക്കെല്ലാം ആശ്വാസമാണ് വിഗുകൾ. ജീവിതം സന്തോഷിക്കാനും ദുഃഖിക്കാനും മാത്രമുള്ളതുമല്ല. സ്നേഹിക്കുന്നവർക്കുവേണ്ടി ത്യാഗം ചെയ്യാനുമാകണം ജീവിതത്തിൽ.