Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെൺകുട്ടികൾക്കായി കേരള പൊലീസിന്റെ ‘വൈറൽ’

kerala-police Screengrab

ഇരകൾ പ്രതീക്ഷിക്കാത്തയിടത്തായിരിക്കും ചിലന്തി വല നെയ്തു മുന്നേറുക. അപകടമില്ലെന്ന് ഉറപ്പുവരുത്തിയ വഴികളിൽപ്പോലും അപ്രതീക്ഷിതമായി വലക്കണ്ണികൾ മുറുകാം. കണ്ണൊന്നു തെറ്റിയാൽ, കാലൊന്ന് ഇടറിയാൽ പിന്നെ ജീവിതം ഇല്ല. ചിലന്തികൾ വല നെയ്യുന്നതുപോലെയാണു സൈബർ ലോകത്തെ ഇരപിടുത്തവും. ‘വൈറൽ’ എന്നു പേരിട്ട പുതിയ ഹ്രസ്വചിത്രത്തിലൂടെ സൈബർ ലോകത്തു കാത്തിരിക്കുന്ന ഇരപിടുത്തക്കാരെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണു കേരള പൊലീസ്. വിശ്വസനീയമായും, മനസ്സിൽതട്ടുന്ന ശക്തിയോടെയും. 

VIRAL- Short film Malayalam - Kerala Police Social media Awareness

വിശ്വാസത്തിന്റെ ഉറപ്പാണു പലപ്പോഴും ചതിയിലേക്കു നയിക്കുക.സ്നേഹത്തിന്റെ ശക്തി വഞ്ചനയായി നിറം മാറും. സുന്ദര വാഗ്ദാനങ്ങൾ വീഴ്ത്തുന്നതു നിലയില്ലാക്കയത്തിലേക്കും. ഓരോ ദിവസവും പുറത്തുവരുന്ന ചതിയുടെയും വഞ്ചനയുടെയും അവസാനമില്ലാത്ത വാർത്തകൾ ഓർമപ്പെടുത്തലാണെങ്കിലും പുതിയ തലമുറയെന്നോ പഴയതലമുറയെന്നോ വ്യത്യാസമില്ലാതെ ചതിക്കുഴികളിൽ വീഴുന്നു. ദുരന്തവ്യാപ്തിയെക്കുറിച്ചു തിരിച്ചറിയുന്ന, ഇരകൾക്കു പുതുജീവിതവും വേട്ടക്കാർക്കു കാരാഗൃഹവും സമ്മാനിക്കുന്ന പൊലീസ് തന്നെ രംഗത്തുവന്നിരിക്കുകയാണ്. രക്ഷകന്റെ വേഷത്തിൽ– ജനങ്ങളോട് ഏറ്റവും നന്നായി സംവദിക്കാവുന്ന ഹ്രസ്വചിത്രത്തിലൂടെ; ഇനിയൊരു ദുരന്തവും ഉണ്ടാകില്ലെന്ന് ഉറപ്പിക്കാൻ.

ഒരു പെൺകുട്ടിയുടെ സ്വകാര്യമുറി. കയ്യിൽ മൊബൈൽ ഫോണുണ്ട്. പക്ഷേ, മുഖത്തു കാണുന്നത് ആശങ്ക. പ്രിയപ്പെട്ടയാളോടു സംസാരിക്കുമ്പോഴും ആശങ്ക നിറയാൻ കാരണമുണ്ട്. ഫോണിലൂടെ ഉന്നയിക്കുന്ന ആവശ്യം. ഓരോ വാക്കും മൂളലും നിശ്വാസവും പോലും പ്രലോഭനമാണ്. ഒരിക്കലെങ്കിലും അനാവൃതയാകാനാണ് ആവശ്യം. പെൺകുട്ടിക്കു സംശയങ്ങളുണ്ട്. ആരെങ്കിലും കാണില്ലേ. അറിയില്ലേ. ഫോൺ ഹാക്കിങ് സാധാരണമായതിനാൽ താൻ അയയ്ക്കുന്ന ദൃശ്യമോ ലൈവ് വീഡിയോയോ മറ്റാരുടെയെങ്കിലും കയ്യിൽകിട്ടില്ലേ....ഇല്ല, ആരും കാണില്ലെന്ന് ഉറപ്പ്. ആരും അറിയാനും പോകുന്നില്ല. രണ്ടുപേർ തമ്മിലുള്ള രഹസ്യവിനിമയം മാത്രമാണിത്. സ്നേഹത്തിന്റെ ഉറപ്പിൽ, പ്രേമത്തിന്റെ വാഗ്ദാനത്തിൽ എന്തുകൊണ്ടു പാടില്ല എന്നാണു ചോദ്യം. അവരുടെ സംസാരം നീളുമ്പോൾ ആ മുറിയുടെ ഒരു കോണിൽ വല നെയ്യുന്ന ചിലന്തിയുണ്ട്. അടുത്തുവരുന്ന ഇരയ്ക്കുവേണ്ടി ആവേശത്തോടെ വയ്ക്കുന്ന കെണി. വല പൂർത്തിയാക്കി ഇരുട്ടിൽ പതുങ്ങിയിരിക്കണം. കാത്തിരിപ്പ് അധികമൊന്നും നീളില്ല. ഇര ഉറപ്പ്. 

പ്രിയപ്പെട്ട ശബ്ദത്തിലെ അപേക്ഷയും സ്നേഹവും പരിഭവവും കുടുമ്പോൾ പെൺകുട്ടിയുടെ മനസ്സ് ഇളകുന്നു. ഒരിക്കൽ, ഒരൊറ്റത്തവണ മാത്രം ഞാൻ അനാവൃതയാകാം എന്നാണ് നിലപാടു മാറ്റം. പെൺകുട്ടി ഫോൺ കയ്യിൽ ഉയർത്തിപ്പിടിക്കുന്നു. ഒരു സിനിയിലെന്നപോലെ തന്നെ സ്ക്രീനിൽ നന്നായി കാണാവുന്നവിധത്തിൽ. ആവേശത്തോടെ കിതയ്ക്കുന്ന പ്രിയപ്പെട്ട ശബ്ദത്തിനൊത്ത് അവൾ തന്റെ വസ്ത്രത്തിന്റെ കൈവയ്ക്കുന്നു. ആദ്യത്തെ ചരട് അയയുന്നു. പെട്ടെന്ന്, ഒരു നിമിഷത്തിന്റെ പുനർചിന്തയിൽ പെൺകുട്ടി ഞെട്ടുന്നു. താൻ എന്താണു ചെയ്യുന്നതെന്ന ബോധം അവളെ കീഴടക്കുന്നു. കയ്യിൽനിന്നു ഫോൺ താഴേക്ക്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ആ കുട്ടിയുടെ നഗ്നദൃശ്യങ്ങൾ വാട്സാപിലൂടെ, ട്വിറ്ററിലൂടെ, ഫെയ്സ്ബുക്കിലൂടെ എവിടെയൊക്കെ സഞ്ചരിച്ചേനേ...

ദൃശ്യം സമ്മാനിക്കുന്ന സന്ദേശം വ്യക്തമായി പറയുന്നുമുണ്ട് അവസാനരംഗത്തിൽ മലയാളികളുടെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജ്. ഫോണിൽ ഒരിക്കലും സ്വകാര്യദൃശ്യങ്ങൾ സൂക്ഷിക്കാതിരിക്കുക. ഫോണിന്റെയോ കംപ്യൂട്ടറിന്റെയോ മുന്നിൽ സ്വകാര്യത പ്രദർശിപ്പിക്കാതിരിക്കുക. ഒരുനിമിഷം തന്നെത്തന്നെ മറന്നു ചെയ്യുന്ന പ്രവൃത്തിയിലൂടെ ഒരാൾക്കു വൈറലാകാം. പക്ഷേ, തലയുയർത്തി നടക്കാൻകഴിയാത്ത നാണക്കേടിലേക്കായിരിക്കും അവസാനിക്കുക. തീരുമാനം ഓരോരുത്തരുടെയുമാണ്. വ്യക്തിപരമാണ്. വൈറലാകണോ വേണ്ടയോ...? 

ബി.ടി. അരുണിന്റെതാണു തിരക്കഥ. സുഭദ്ര ബാബുവാണു പ്രധാനവേഷത്തിൽ. കേരളാപൊലീസിനു തീർച്ചയായും അഭിമാനിക്കാം ഈ ബോധവത്കരണ ഹ്രസ്വചിത്രത്തിന്റെ പേരിൽ.