Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് മാറ്റത്തിന്റെ കാറ്റ്; ആഫ്രിക്കയില്‍ ആദ്യ വനിത പ്രസിഡന്റായി സഹില്‍ വര്‍ക് സൗദ്

Sahle Work Zewde

മാറ്റത്തിന്റെ വഴിയില്‍ മുന്നോട്ടു കുതിക്കുന്ന എത്യോപ്യയെ മുന്നില്‍നിന്നു നയിക്കാന്‍ ഇനി സഹില്‍ വര്‍ക് സൗദ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യത്തെ വനിതാ പ്രസിഡന്റ്. ആഫ്രിക്കയില്‍ വനിത പ്രസിഡന്റ് സ്ഥാനം വഹിക്കുന്ന ആദ്യത്തെ രാജ്യം കൂടിയായിരിക്കുകയാണ് എത്യോപ്യ. 

പുരുഷ കേന്ദ്രീകൃത സമൂഹം ഇപ്പോഴും നിലനില്‍ക്കുന്ന, സ്ത്രീകള്‍ക്കു തുല്യനീതിയും അവകാശങ്ങളും ലഭിക്കാത്ത രാജ്യത്തെ മന്ത്രിസഭയില്‍ കൂടുതല്‍ വനിതകള്‍ക്കു പ്രാതിനിധ്യവും ലഭിച്ചിട്ടുണ്ട്. പ്രതിരോധം, ആഭ്യന്തര ഇന്റലിജന്‍സ് ഏജന്‍സി, പൊലീസ് എന്നീ വകുപ്പുകളിലെല്ലാം മന്ത്രിമാരായി നിയോഗിക്കപ്പെട്ടിരിക്കുന്നതു വനിതകള്‍. പുതുതായി രൂപീകരിച്ച സമാധാനം എന്ന വകുപ്പിന്റെ തലപ്പത്തും വനിത. 

പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന വോട്ടെടുപ്പില്‍ സൗദിന് അനുകൂലമായ ഫലം ഉരുത്തിരിഞ്ഞതോടെയാണ് ചരിത്രം തിരുത്തിക്കുറിച്ച് എത്യോപ്യയില്‍ സൗദ് പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നത്. ആബി അഹ്മ്മദാണ് പ്രധാനമന്ത്രി. 

"സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി പോരാടിയ എത്യോപ്യയിലെ പുതിയ തലമുറയുടെ പ്രതിനിധിയാണ് ഞാന്‍. പ്രസിഡന്റ് എന്ന നിലയില്‍ സ്വാതന്ത്ര്യത്തിനും സമത്വത്തിനുവേണ്ടിയുമായിരിക്കും എന്റെ പോരാട്ടം"- പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തുകൊണ്ട് സൗദ് പ്രസ്താവിച്ചു. സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമില്ല. സ്ത്രീകളെക്കുറിച്ചും അവസര സമത്വത്തെക്കുറിച്ചുമാണ് ഞാന്‍ ഇത്രയും നാള്‍ സംസാരിച്ചത് എന്നാണു കരുതുന്നതെങ്കില്‍ നിങ്ങള്‍ ഒരുകാര്യം മനസ്സിലാക്കുക- എന്റെ സംസാരവും പ്രവൃത്തിയും തുടങ്ങിയിട്ടേയുള്ളൂ- സൗദ് അഭിമാനത്തോടെ പറഞ്ഞു. സൗദിന്റെ ഈ വാചകങ്ങള്‍ എത്യോപ്യയിലെ സമഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാണ്. രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന സ്ത്രീകള്‍ക്ക് പ്രതീക്ഷയുടെ വാഗ്ദാനവും. 

അറുപത്തിയെട്ടുവയസ്സുകാരിയായ സൗദ് യുഎന്‍ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധിയായും യുഎന്നിന്റെ ആഫ്രിക്കന്‍ യൂണിയന്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാന്‍സ്, ജിബൂത്തി, സെനഗല്‍ എന്നിവടങ്ങളിലെ എത്യോപ്യന്‍ അംബാസഡറായും പ്രവര്‍ത്തിച്ചതിനുശേഷമാണ് രാജ്യത്തെ ഉന്നതപദവിയില്‍ എത്തുന്നത്. 

നയരൂപീകരണത്തിലും മറ്റും സ്ത്രീകള്‍ക്ക് ഒരു പങ്കും ലഭിക്കാതിരുന്ന ഒരു രാജ്യത്ത് വനിതാ പ്രസിഡന്റ് എന്നതു വലിയൊരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിലേക്കുള്ള നീക്കം എന്നാണ് സൗദിന്റെ നിയമനത്തെ പ്രധാനമന്ത്രിയുടെ ചീഫ് ഓഫ് സ്റ്റാഫ് വിശേഷിപ്പിച്ചത്. പാര്‍ലമെന്റിന്റെ നേതൃത്വം പ്രസിഡന്റിനാണ്. അംബാസഡര്‍മാരെ നിയമിക്കാനുള്ള അധികാരവും പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. വേറെ വലിയ അധികാരങ്ങളൊന്നും ഇല്ലെങ്കിലും പ്രസിഡന്റ് എന്ന പദവി ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട് എത്യോപ്യയില്‍. അതുകൊണ്ടുതന്നെ സൗദിന്റെ നിയമനം ആലങ്കാരികം മാത്രമല്ല, യാഥാര്‍ഥ്യബോധത്തോടുകൂടിതന്നെയാണെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കഴിഞ്ഞ ഏപ്രിലില്‍ ആബി അഹമ്മദ് പ്രധാനമന്ത്രിയായതോടെയാണ് എത്യോപ്യയില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയത്. ചൈനയുടെ രാഷ്ട്രീയ മാതൃക പിന്തുടരുന്ന രാജ്യത്ത് പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതാണു പതിവ്. സാമ്പത്തികരംഗവും മറ്റും പൂര്‍ണമായും സ്റ്റേറ്റിന്റെ നിയന്ത്രണത്തിലുമാണ്. ആബി അഹമ്മദ് പ്രധാനമന്ത്രിയായതോടെ അയല്‍രാജ്യവും പാരമ്പര്യവൈരികളുമായ എറിത്രിയയുമായുള്ള ശത്രുത അവസാനിപ്പിക്കാനും നീക്കങ്ങളുണ്ടായി. സാമ്പത്തിക രംഗം വിദേശനിക്ഷേപകര്‍ക്കുമുന്നില്‍ തുറന്നിട്ടു. തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ക്കും അവസരം കൊടുക്കുമെന്നും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.