Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാണിമാര്‍ തമ്മിലുള്ള മൽസരം; നാലാംവട്ടവും വിജയം ഷെയ്ഖ് ഹസീനയ്ക്ക് സ്വന്തം

Sheikh Hasina, Khaleda Zia ഷെയ്ഖ് ഹസീന, ഖാലിദ സിയ

രണ്ടു റാണിമാര്‍ തമ്മിലുള്ള പരസ്പര മല്‍സരം എന്ന് ബംഗ്ലാദേശിന്റെ സമകാലികരാഷ്ട്രീയ ചരിത്രത്തെ വിശേഷിപ്പിക്കാം- ഷെയ്ഖ് ഹസീനയും ഖാലിദ സിയയും തമ്മിലുള്ള പോരാട്ടം. എണ്‍പതുകളില്‍ തുടങ്ങിയ പോരാട്ടത്തില്‍ സമീപകാലവിജയങ്ങള്‍ മൂന്നുവട്ടം സ്വന്തമാക്കിയ ഷെയ്ഖ് ഹസീന നാലാം വട്ടവും വിജയം സ്വന്തം പേരില്‍ എഴുതിയിരിക്കുന്നു. സംഘര്‍ഷഭരിതമായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും ക്രമക്കേട് ആരോപണങ്ങള്‍ക്കുമിടെയാണെങ്കിലും വിജയം രാജ്യത്തിന്റെ സ്ഥാപക നേതാവ് ഷെയ്ഖ് മുജിബൂര്‍ റഹ്മാന്റെ മകളും അവാമി ലീഗ് നേതാവുമായ എഴുപത്തൊന്നുകാരി ഷെയ്ഖ് ഹസീനയ്ക്കുതന്നെ സ്വന്തം.

മുന്‍ സൈനിക ഏകാധിപതി സിയാവുര്‍ റഹ്മാന്റെ ഭാര്യയും ബിഎന്‍പി നേതാവുമായ എഴുപത്തിമൂന്നുകാരി ഖാലിദ സിയ ധാക്കയിലെ തടവറയിലാണ് ഇപ്പോള്‍. അഴിമതിക്കേസില്‍  ശിക്ഷിക്കപ്പെട്ടതോടെയാണ് അവരുടെ ജയില്‍ജീവിതം കഴിഞ്ഞ നവംബറില്‍ തുടങ്ങിയത്. പലവട്ടം ഷെയ്ഖ് ഹസീനയെ വെല്ലുവിളിക്കുകയും ശക്തമായ മല്‍സരം കാഴ്ചവയ്ക്കുകയും പ്രധാനമന്ത്രിയാകുകയും ചെയ്ത ഖാലിദ സിയ ഇത്തവണ ദുര്‍ബലയായതോടെ നാലു തവണ അധികാരത്തില്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ഷെയ്ഖ്  ഹസീന.

നാലു പതിറ്റാണ്ടായി രാഷ്ട്രീയരംഗത്തുള്ള ഹസീന 2009 മുതല്‍ തുടര്‍ച്ചയായി അധികാരത്തിലുണ്ട്. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തിയെന്ന റെക്കോര്‍ഡും 1947 സെപ്റ്റംബറില്‍ ജനിച്ച ഹസീനയ്ക്ക് സ്വന്തം. 1986 മുതല്‍ 90 വരെയും 91 മുതല്‍ 95 വരെ പ്രതിപക്ഷനേതാവായിരുന്നെങ്കില്‍ 96 മുതല്‍ 2001 വരെ പ്രധാനമന്ത്രിയായിരുന്നു ഹസീന. 1981 മുതല്‍ അവാമി ലീഗിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവും ഹസീന തന്നെ. ഈ വര്‍ഷം പുറത്തിറക്കിയ ഫോബ്സിന്റെ ലോകത്തെ ഏറ്റവും സ്വാധീനശേഷിയുള്ള ലോകനേതാക്കളില്‍ ഹസീനയുടെ പേരുമുണ്ട്. കഴിഞ്ഞവര്‍ഷം മുപ്പതാം സ്ഥാനത്തായിരുന്നെങ്കില്‍ നാലു സ്ഥാനം മുന്നോട്ടുകയറി ഇത്തവണ ലോകനേതാക്കളില്‍ 26-ാം സ്ഥാനത്ത് എത്താനും അവര്‍ക്കു കഴിഞ്ഞു.

Sheikh-Hasina-2.jpg.image.784.410 ഷെയ്ഖ് ഹസീന

ബംഗ്ലാദേശ് എന്ന രാജ്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ് ഷെയ്ഖ് ഹസീനയുടെ ജീവിതം. പല അഭിമുഖങ്ങളിലും കുട്ടിക്കാലത്ത് താന്‍ അനുഭവിച്ച ഭീതിയെക്കുറിച്ച് അവര്‍ വിവരിച്ചിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ മകള്‍ എന്ന നിലയില്‍ പല പ്രതിസന്ധിഘട്ടങ്ങളിലൂടെയും കടന്നുപോയതിനുശേഷമാണ് രാജ്യത്തിന്റെ ഉന്നത അധികാര പദവിയില്‍ അവര്‍ എത്തുന്നതും. രാഷ്ട്രീയ സംഘര്‍ഷം രൂക്ഷമായിരുന്ന 1970 -കാലത്ത് സ്കൂളില്‍ പോലും പോകാന്‍ കഴിയാതെ മുത്തശ്ശിക്കൊപ്പം വീട്ടിലെ മുറിയില്‍ ദിവസങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവന്നു ഹസീനയ്ക്ക്. പക്ഷേ, കോളജിലെത്തിയതോടെ അവര്‍ രാഷ്ട്രീയത്തില്‍ വ്യാപൃതയായി.

1975 ഓഗസ്റ്റ് 15 ന് മുജിബുര്‍ റഹ്മാന്‍ കൊല്ലപ്പെടുമ്പോള്‍ ഹസീന ബംഗ്ലാദേശില്‍ ഇല്ലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യത്തേക്കു വരാനുള്ള അനുമതിയും അവര്‍ക്കു നിഷേധിക്കപ്പെട്ടിരുന്നു. പക്ഷേ, 1981 ഫെബ്രുവരിയില്‍ അവാമി ലീഗിന്റെ നേതാവായി തിര‍ഞ്ഞെടുക്കപ്പെട്ടതോടെ അവര്‍ ബംഗ്ലദേശില്‍ എത്തി. പിന്നീട് പ്രതിപക്ഷത്തും ഭരണപക്ഷത്തുമായി മാറി മാറി വന്നെങ്കിലും 2009- മുതല്‍ പ്രധാനമന്ത്രിക്കസേര അവര്‍ സുരക്ഷിതമായി സൂക്ഷിക്കുന്നു. ഇടക്കാലത്ത് പ്രധാനമന്ത്രിയായിരിക്കെ വിവാദങ്ങളും അഴിമതികളും ആരോപിക്കപ്പെട്ടെങ്കിലും ഉരുക്കുമുഷ്ടിയോടെ എതിര്‍പ്പിനെ അടിച്ചമര്‍ത്താനും വിജയം സ്വന്തമാക്കാനും ഹസീനയ്ക്കു കഴിഞ്ഞു. 

sheikh-hasina.jpg.image.785.410 ഷെയ്ഖ് ഹസീന

ഗോപാല്‍ഗഞ്ജ്-3 മണ്ഡലത്തില്‍നിന്നുമാണ് ഇത്തവണ ഹസീന തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളി ബിഎന്‍പി സ്ഥാനാര്‍ഥിക്ക് വെറും 123 വോട്ടുകള്‍ മാത്രം നേടാനായപ്പോള്‍ ഹസീന നേടിയത് മൃഗീയഭൂരിപക്ഷം എന്നു പറയാവുന്ന 229,539 വോട്ടുകള്‍. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തിയതാണ് ഇത്തവണ ഹസീനയ്ക്ക് തുണയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. മ്യാന്‍മറില്‍നിന്നുള്ള രോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വീകരിച്ചതും ഹസീനയുടെ ജനപ്രീതി വര്‍ധിപ്പിച്ചതായി വിലയിരുത്തപ്പെടുന്നു. പക്ഷേ, സ്വേഛാധിപത്യവും പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുന്ന നയങ്ങളും ഹസീനയുടെ വിജയത്തില്‍ നിഴല്‍ പരത്തുന്നുണ്ട്. 

എന്തായാലും  തുടര്‍ച്ചയായ വിജയത്തോടെ ലോകരാഷ്ട്രീയത്തിലെ ഏറ്റവും ശക്തരായ വനിതാ നേതാക്കളുടെ മുന്‍പന്തിയിലേക്ക് എത്തിയിരിക്കുകയാണ് ഷെയ്ഖ് ഹസീന.