Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആയുസെത്താതെ കുഞ്ഞുങ്ങൾ മരിക്കുന്ന ഒരു ഗ്രാമം

Baby Representative Image

തമിഴ്നാട്ടിലെ കൃഷ്ണഗിരി ഗ്രാമം കുഞ്ഞുങ്ങളുടെ ശാപഭൂമിയാണ്. ഒരു കുഞ്ഞു പിറന്നാൽ അധികനാളൊന്നും ആ മാതാപിതാക്കൾക്ക് സന്തോഷിക്കാൻ വകയുണ്ടാകില്ല. കാരണം ജീവനോടെ ജനിക്കുന്ന ഈ കുഞ്ഞുങ്ങളുട ആയുസിന് യാതൊരു ഗ്യാരണ്ടിയുമില്ല. കഴിഞ്ഞ ഒരുമാസത്തിൽ ആയുസെത്താതെ മരിച്ച കുഞ്ഞുങ്ങൾ ആറു പേരാണ്.

എല്ലാ ശിശുമരണങ്ങൾക്കും കാരണം ഒന്നേയുള്ളൂ, തൂക്കക്കുറവ്. കൗമാരക്കാരികൾ ജന്മം നൽകുന്ന കുഞ്ഞുങ്ങൾ എങ്ങനെ പൂർണ ആരോഗ്യമുള്ളവരായി പിറക്കും? ബാലവിവാഹം എന്ന സാമൂഹിക വിപത്ത് ഈ ഗ്രാമത്തിന് സമ്മാനിക്കുന്നത് പിഞ്ചു കുഞ്ഞുങ്ങളുടെ ശവശരീരങ്ങളാണ്. ഇത് കൃഷ്ണഗിരിയുടെ മാത്രം ശാപമല്ല. തമിഴ്നാട്ടിലെ പിന്നോക്കാവസ്ഥയിലുള്ള ഗ്രാമങ്ങളിലെയെല്ലാം സ്ഥിതി ഇതു തന്നെയാണ്. ഗ്രാമത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രിയിലെ ശിശുമരണങ്ങളുടെ റിപ്പോർട്ടുകളാണ് ഈ മരണങ്ങളെല്ലാം സംഭവിച്ചത് തൂക്കക്കുറവുകൊണ്ടാണെന്ന് സ്ഥിരീകരിച്ചത്.

ഗ്രാമത്തിലെ അവസ്ഥയെക്കുറിച്ച് സാമൂഹിക പ്രവർത്തകർ പരിതപിക്കുന്നതിങ്ങനെ: ബാലവിവാഹങ്ങൾ കാരണം പതിനഞ്ചു വയസിനു മുൻപ് തന്നെ അമ്മമാരാവേണ്ടി വരുന്ന പെൺകുട്ടികൾക്ക് ഗർഭസമയത്ത് വേണ്ട പരിചരണം കിട്ടുന്നില്ല. അമ്മമാരുടെ പോഷകാഹാരക്കുറവും പട്ടിണിയും സ്വാഭാവികമായും വയറ്റിൽ വളരുന്ന കുഞ്ഞുങ്ങളെയും ബാധിക്കും. പതിനെട്ടു വയസിനു താഴെപ്രായമുള്ള അമ്മമാരായതിനാൽ നിയമപരമായി കിട്ടേണ്ട പരിഗണനപോലും ഇവർക്കില്ലാതാകുന്നു.

ബാലവിവാഹം എന്ന ദുരാചാരത്തെ സമൂഹത്തിൽ നിന്ന് തുടച്ചു നീക്കിയില്ലെങ്കിൽ ഗ്രാമം ഇനിയുമേറെ പിഞ്ചുമരണങ്ങൾക്ക് സാക്ഷിയാകേണ്ടിവരുമെന്നും സാമൂഹിക പ്രവർത്തകർ വ്യക്തമാക്കുന്നു. പിറന്ന് ദിവസങ്ങൾക്കം മരണം കൊണ്ടുപോവുന്ന കുഞ്ഞുങ്ങളുടെ ആത്മാക്കൾ അലയുന്ന ഗ്രാമത്തിൽ ഇനിയും ബാലവിവാഹങ്ങൾ അനുവദിച്ചു കൂടായെന്ന് പറഞ്ഞുകൊണ്ട് സമൂഹത്തെ ബോധവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഇവർ തുടരുകയാണ്.