Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവഗണിക്കപ്പെട്ടിട്ടും ഉപേക്ഷിക്കപ്പെട്ടിട്ടും അവൾ പറന്നു; ആദ്യത്തെ നാഗാവനിതാപൈലറ്റിന്റെ കഥ

roveinai-poumai റൊവിനേ പൗമയ്.

കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര പ്രസാദിന്റെ കഴിഞ്ഞ ദിവസത്തെ ട്വിറ്റർ സന്ദേശം ഒരു യുവതിയെ പരിചയപ്പെടുത്താനായിരുന്നു. സ്ത്രീശക്തി എന്നു വിശേഷിപ്പിച്ചുകൊണ്ട് കേന്ദ്രമന്ത്രി പരിചയപ്പെടുത്തിയത് ഒരു മണിപ്പൂരുകാരിയെ.

റോവെനായ് പൗമയ്. നാഗാ വിഭാഗത്തിൽനിന്നുള്ള ആദ്യത്തെ വനിതാ പൈലറ്റാണു റൊവിനേ പൗമയ്. പൗമയെ അഭിനന്ദിക്കാൻ ട്വിറ്റർ ഉപയോഗപ്പെടുത്തിയ പലരിൽ ഒരാൾ മാത്രമാണു കേന്ദ്രമന്ത്രി. മറ്റനേകം പേരും പൗമയുടെ സമാനതകളില്ലാത്ത നേട്ടത്തിൽ അഭിനന്ദനം അർപ്പിച്ചു. നേട്ടത്തെ വാഴ്ത്തി. പുരുഷൻമാർ കുത്തകയാക്കിയ മേഖലകൾ ഒന്നൊന്നായി തകരുന്നതിൽ ആഹ്ലാദം പങ്കുവച്ചു. 

ചാരത്തിൽ നിന്നു പറന്നുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെയാണു പൗമയ് എന്ന യുവതി. അവഗണിക്കപ്പെട്ടും ഉപേക്ഷിക്കപ്പെട്ടും സ്ഥിതി ചെയ്യുന്ന അവികസിത പ്രദേശത്തിനു കീർത്തിയുടെ പ്രഭ ചാർത്തിയ മിടുക്കി. നാഗാ വിഭാഗത്തിൽനിന്ന് ആദ്യമായാണ് ഒരു യുവതി പൈലറ്റ് ആകുന്നത്. തലമുറകളായി തുടരുന്ന പുരുഷമേധാവിത്വത്തെ തകർക്കുന്നതാണു പൗമയ്യുടെ നേട്ടം. 

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് ബസിയർ ഏവിയേഷൻ കോളജിൽനിന്ന് കൊമേഴ്സ്യൽ പൈലറ്റ് കോഴ്സ് പൂർത്തിയാക്കി ബിരുദം നേടിയ പൗമയ് ജെറ്റ് എയർവെയ്സിൽ ജോലി നേടിയിരിക്കുന്നു. മണിപ്പൂരിനും നാഗാ വിഭാഗത്തിനും ഇനി അഭിമാനിക്കാം. തങ്ങൾക്കിടയിലും പ്രതിഭകളുണ്ടെന്നും ഉയരാൻ അവസരങ്ങൾ കിട്ടിയാൽ നേട്ടങ്ങളുടെ ആകാശത്തേക്ക് കുതിച്ചുയരാൻ ആവുന്നവർ ഏറെയുണ്ടെന്നും  അവകാശപ്പെടാം. 

അഭിനന്ദനങ്ങൾ പൗമയ്. ദൈവം അനുഗ്രഹിക്കട്ടെ. ഉയരങ്ങൾ സ്വപ്നം കാണുന്ന ആയിരങ്ങൾക്കു നീ പ്രചോദനമാകട്ടെ. ട്വിറ്ററിൽ പൗമയ്യെ അഭിനന്ദിച്ചുകൊണ്ടു സന്ദേശങ്ങൾ പ്രവഹിക്കുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും മനോഹരമായ ഭൂപ്രകൃതിയാണു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ. സുന്ദരമായ സ്ഥലം. സുന്ദരികളും സുന്ദരൻമാരുമായ ജനങ്ങൾ. പൗമയ്...അഭിനനന്ദനങ്ങൾ. മറ്റൊരു ട്വിറ്റർ സന്ദേശം. 

നേട്ടങ്ങളുടെ പാതയിലാണ് ഇന്ത്യയിലെ സ്ത്രീകൾ. ഇക്കഴിഞ്ഞ ദിവസമാണ് അയേഷ അസീസ് പൈലറ്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കശ്മീരി യുവതിയായത്.  അയേഷ അപൂർവ നേട്ടത്തിന് ഉടമയാകുന്നത് 21–ാം വയസ്സിൽ. 16–ാം വയസ്സിൽത്തന്നെ അയേഷയ്ക്ക് സ്റ്റുഡന്റ് പൈലറ്റ് ലൈസൻസും ലഭിച്ചിരുന്നു; ബോംബെ  ഫ്ലൈയിങ് ക്ലബിൽനിന്ന്. ആന്ധ്രാപ്രദേശിൽനിന്നുള്ള ആനി ദിവ്യ ബോയിങ് 777 നിയന്ത്രിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിത എന്ന റെക്കോർഡും നേടിയിരുന്നു. കുതിക്കട്ടെ സ്ത്രീശക്തി; സമത്വസുന്ദര പാതയിലൂടെ.