ഇപ്പോഴും മിസ്സ് ആണ്, പക്ഷേ ഉള്ളിലൊരു യൂണിവേഴ്സുണ്ട്; സുസ്മിത സെൻ

സൗന്ദര്യ മത്സരങ്ങൾ നിരവധി നടന്നിട്ടുണ്ടെങ്കിലും വിശ്വസുന്ദരി എന്നുകേട്ടാൽ സുസ്മിത സെന്നിന്റെ മുഖവും ലോകസുന്ദരിയെന്നു കേട്ടാൽ ഐശ്വര്യ റായിയുടെ മുഖവുമാണ് ആരാധകർ ആദ്യം ഓർത്തെടുക്കുന്നത്. സൗന്ദര്യം കൊണ്ടും വ്യക്തിത്വംകൊണ്ടും ആളുകളുടെയുള്ളിൽ പതിഞ്ഞു പോയ മുഖങ്ങളാണ് രണ്ടും. വിശ്വസുന്ദരിയായി വിജയിച്ച് 24 വർഷം പിന്നിടുമ്പോഴും ഇന്നലെയന്നപോലെ ആ അനുഭവത്തെ ഓർത്തെടുക്കുകയാണ് മുൻവിശ്വസുന്ദരി സുസ്മിത സെൻ.

1994 മെയ് 21നാണ് സുസ്മിത സെൻ മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയത്. 1994 ൽ ഇന്ത്യയിലേക്ക് ആദ്യമായി ആ പുരസ്കാരം കൊണ്ടു വന്നപ്പോൾ സുസ്മിതയ്ക്ക് 18 വയസ്സായിരുന്നു പ്രായം. ഇന്ത്യയുടെ അഭിമാനമായ നിമിഷത്തെക്കുറിച്ച് സുസ്മിതസെൻ ഓർത്തെടുക്കുന്നതിങ്ങനെ:-

''അന്ന് എനിക്ക് 18 വയസ്സായിരുന്നു. ഇന്ത്യ ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം നേടുന്ന 1944 മെയ് 21 ന്. വർഷങ്ങൾ ഏറെയായി എന്നല്ലാതെ ഇപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല. ഞാനിപ്പോഴും മിസ്സ് ആണ്. എന്റെയുള്ളിൽ ഒരു യൂണിവേഴ്സുണ്ട്. എല്ലാവരുടെയും അഭിനന്ദനങ്ങൾക്കും ആശംസകൾക്കും നന്ദി. സ്നേഹം, കരുണ, പോസിറ്റിവിറ്റി അങ്ങനെ നമ്മൾ നൽകുന്നതെന്തുതന്നെയായാലും അതിരട്ടിയായി തിരിച്ചു ലഭിക്കും. ഈ സന്തോഷം നിങ്ങൾക്കൊപ്പവും ഫിലിപ്പീൻസിനൊപ്പവും ഞാൻ ആഘോഷിക്കുന്നു. ഉമ്മ''.

വിശ്വസുന്ദരിപ്പട്ടം നേടിയ സുസ്മിതയെ പിന്നെ കാണുന്നത് ബി ടൗണിലാണ്. ഏകദേശം മുപ്പത്തഞ്ചോളം  ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ച സുസ്മിത അതിനൊപ്പം തന്നെ തമിഴ്, ബംഗാളി ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ചു. 42–ാം വയസ്സിലും അവിവാഹിതയായി തുടരുന്ന സുസ്മിത രണ്ടു പെൺകുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്തുന്നുണ്ട്. റെനി, അലീസ എന്നീ പെൺമക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സുസ്മിത ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്.

സൗന്ദര്യ മത്സരങ്ങളിൽ വിജയിയായതുകൊണ്ടു മാത്രമല്ല ലോകം സുസ്മിതയെ സ്നേഹിക്കുന്നത് അവരുടെ അഭിനയപാടവവും പെരുമാറ്റത്തിലെ സവിശേഷതകളും എന്നും സുസ്മിതയെ ആരാധകരുടെ പ്രിയങ്കരിയാക്കി നിർത്തുന്നുണ്ട്. മിസ് ഇന്ത്യയായി മാനുഷി ഛില്ലർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആദ്യം ആശംസയറിച്ച സെലിബ്രിറ്റികളുടെ കൂട്ടത്തിൽ സുസ്മിതയുണ്ടായിരുന്നു. ഒരു വിമാനയാത്രയ്ക്കിടയിൽ സുസ്മിതയും മാനുഷിയും തമ്മിൽ കണ്ടുമുട്ടിയപ്പോൾ സുസ്മിത മാനുഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ആയിടയ്ക്ക് പുറത്തു വന്നിരുന്നു.

പുറമെ മാത്രമല്ല ഉള്ളിലും സൗന്ദര്യമുള്ള വ്യക്തിയാണ് സുസ്മിത എന്ന് തെളിയിക്കുന്ന നിരവധി അവസരങ്ങളുണ്ടായിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടാണ് ആരാധകർ അവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും എന്നും നെഞ്ചോടു ചേർക്കുന്നത്.