ADVERTISEMENT

34 വർഷം ഞാൻ ബാങ്കിനെ സേവിച്ചത് പരിപൂർണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്താണ്. സ്ഥാപനത്തിനുവേണ്ടി കടുത്ത തീരുമാനങ്ങളെടുക്കേണ്ടിവന്നപ്പോൾ ഒരിക്കലും മടിച്ചുനിന്നിട്ടുമില്ല. പക്ഷേ, ഇപ്പോൾ ജോലി ചെയ്ത സ്ഥാപനം എന്നെ പുറത്താക്കിയ തീരുമാനം കഠിനമാണ്. അതെന്നെ മുറിവേൽപിച്ചിരിക്കുന്നു. അഗാധമായ വേദനയിലൂടെ കടന്നുപോകുകയാണു ഞാൻ. എന്റെ സ്വഭാവത്തിലും,സത്യസന്ധതയിലും അന്തസ്സിലും ധാർമികതയിലും എനിക്ക് വിശ്വാസമുണ്ട്. ഒരുകാര്യം ഉറപ്പാണ് ഇന്നല്ലെങ്കിൽ നാളെ, ആത്യന്തികമായി സത്യം വിജയിക്കുകതന്നെ ചെയ്യും. 

1984–ൽ മാനേജ്മെന്റ് ട്രെയിനിയായി ജോലിയിൽ പ്രവേശിക്കുകയും രാജ്യത്തെ മുൻനിര സ്ഥാപനമായി ഐസിഐസിയെ വളർത്തുകയും ചെയ്തെങ്കിലും സ്വജനപക്ഷപാത ആരോപണത്തിൽ മാതൃസ്ഥാപനത്തിൽനിന്ന് പുറത്താക്കപ്പെട്ടതറിഞ്ഞപ്പോൾ ചന്ദ കൊച്ചാറിന്റെ വാക്കുകളിൽ നിറയുന്നത് മുറിവേൽപിക്കപ്പെട്ടതിന്റെ വേദനയും രോഷവും. സത്യം പുറത്തുവരുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നുമാണ് അവർ ആവർത്തിച്ചുപറയുന്നത്. രാജ്യത്തെ ബിസിനസ് സമൂഹം മാത്രമല്ല പൊതുജനങ്ങളും കാത്തിരിക്കുകയാണ്; നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുന്ന നിമിഷത്തിനുവേണ്ടി. ലോകത്തെ ഏറ്റവും പ്രബലരായ സ്ത്രീകളിൽ ഇന്ത്യയിൽനിന്നു പലതവണ തിരഞ്ഞെടുക്കപ്പെട്ട ചന്ദ കൊച്ചാർ അഗ്നിശുദ്ധി തെളിയിച്ച് പുറത്തുവരുമെന്ന പ്രതീക്ഷയോടെ.

അപൂർവതകൾ ഏറെയുണ്ട് ചന്ദ കൊച്ചാറിന്റെ ഉയരങ്ങളിലേക്കുള്ള കഥയിൽ  അർപ്പണവും അധ്വാനവും സ്ത്രീശക്തിയുടെ തിരിച്ചറിവും. രാജ്യത്തെ പുതുതലമുറ സ്ത്രീകൾ ഹൃദയത്തിൽ അവരെ പ്രതിഷ്ഠിച്ചത് ഒരു വിഗ്രഹത്തിനു സമാനമായി. കരുത്തിന്റെയും കഴിവിന്റെയും പ്രതീകമായി. ആരുടെയെങ്കിലും നിഴലായി, എന്നും പിന്നിൽ നിൽക്കാൻ വിധിക്കപ്പെട്ടവരല്ല സ്ത്രീകൾ എന്നതിന്റെ പ്രഖ്യാപനം. പക്ഷേ, ആരോപണങ്ങൾ ഒന്നൊന്നായി പുറത്തുവരികയും നടപടിയെടുക്കാതിരിക്കാനാവാത്ത അവസ്ഥയിൽ ബാങ്ക് എത്തിച്ചേരുകയും ചെയ്തപ്പോഴാണ് പുറത്താക്കൽ തീരുമാനമെത്തിയത്. 

chanda-kochhar-03

പക്ഷേ, അവിടെയുമുണ്ടായി ചന്ദ കൊച്ചാറിന് അനുകൂലമായി ഒരു ആന്റി ക്ലൈമാക്സ്. ചന്ദയ്ക്കെതിരെ കേസെടുത്ത സിബിഐ ഉദ്യോഗസ്ഥനു സ്ഥലംമാറ്റം ലഭിച്ചതാണ് ഏവരെയും അമ്പരിപ്പിച്ച ആന്റിക്ലൈമാക്സ്. ജനുവരി 22ന് എഫ്ഐആറിൽ ഒപ്പുവച്ചതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ്പി സുധാൻഷു ധർ മിശ്രയെ 23നു റാഞ്ചിയിലേക്കു സ്ഥലംമാറ്റുകയാണുണ്ടായത്. സിബിഐ നീക്കങ്ങൾ ചോർത്തിയതിന്റെ പേരിലാണു സ്ഥലംമാറ്റം എന്നാണ് അനൗദ്യോഗിക വിശദീകരണം. ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത നടപടിയെ ചോദ്യം ചെയ്തു കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.അതോടെ, ചന്ദ പൂർണമായും അപമാനത്തിന്റെ പടുകുഴിയിലാണെന്ന വിചാരത്തിനും ഇളക്കം തട്ടിയിരിക്കുന്നു. വരാനിരിക്കുന്ന ദിവസങ്ങളിൽ ഒരുപക്ഷേ ഞെട്ടിക്കുന്ന നീക്കങ്ങൾ വീണ്ടുമുണ്ടായേക്കാം. 

3,250 കോടി രൂപയുടെ വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ ഡയറക്ടർ വേണുഗോപാൽ ധൂത് എന്നിവർക്കെതിരെയാണു സിബിഐ കേസെടുത്തത്. ഇതിനെ  വിമർശിച്ച് 25നാണ് കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലി ട്വിറ്ററിലൂടെ പരാമർശം നടത്തിയത്. അനുമാനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ആരെയും പ്രതി ചേർക്കരുതെന്നും, ടന്ദ കൊച്ചാറിനെതിരായ കേസന്വേഷണം സാഹസമാണെന്നുമാണ് യുഎസിൽ ചികിൽസയിൽ കഴിയുന്ന ജയ്റ്റ്‌ലി വിമർശിച്ചത്. കേന്ദ്രമന്ത്രിയുടെ പരാമർശങ്ങൾ ആശ്വാസത്തോടെ കേട്ടത് ചന്ദ കൊച്ചാർ മാത്രമല്ല, ഇപ്പോഴും മനസ്സിന്റെ കോണിൽ അവരെക്കുറിച്ച് സ്നേഹ–ബഹുമാനങ്ങൾ കാത്തുസൂക്ഷിക്കുന്നവരുമാണ്. 

1984–ലാണ് ചന്ദ കൊച്ചാറും ഐസിഐസിഐയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. വളർന്നുവരുന്ന ബാങ്കിങ് സ്ഥാപനത്തിൽ ചന്ദ ചേർന്നത് മാനേജ്മെന്റ് ട്രെയിനിയായി.  പെട്ടെന്നായിരുന്നു വളർച്ച. ബാങ്കിങ് സ്ഥാപനങ്ങൾക്ക് പുതിയകാലത്ത് മേധാവിത്വം കൈവരുകയും പുതുതലമുറ ബാങ്കുകൾ വലിയതോതിൽ ബിസിനസ് പിടിക്കുകയും ചെയ്തപ്പോൾ കുതിപ്പിൽ മുന്നിൽനിന്നു ഐസിഐസിഐ. കാൽനൂറ്റാണ്ടിലെ സർവീസിനൊടുവിൽ‌ 2009 ൽ രാജ്യത്തെ ബിസിനസ് സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് ചന്ദ കൊച്ചാർ എന്ന വനിത ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി നിയമിക്കപ്പെട്ടു. 

അന്നവർക്കു പ്രായം 48 വയസ്സ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ബാങ്ക് മേധാവി. സീനിയോറിറ്റി മാനിക്കാതെ നടത്തിയ നിയമനം അന്നു വലിയ ചർച്ചയായി. ശിഖ ശർമ ഐസിഐസിഐ ബാങ്ക് വിട്ട് ആക്സിസ് ബാങ്കിൽ എത്തുകയും ചെയ്തു. എന്നാൽ തന്നെ ഉന്നതസ്ഥാനത്ത് നിയമിക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കുന്ന പ്രകടനമാണ് തൊട്ടടുത്ത വർഷങ്ങളിൽ ചന്ദയിൽനിന്നുണ്ടായത്. പ്രതിസന്ധികളിൽ ബാങ്കിനെ കൈപിടിച്ചു നടത്തുകയും ലോകത്തെ ഏറ്റവും ശക്തരായ സ്ത്രീകളുടെ പട്ടികയിൽ പേര് ചേർക്കുകയും ചെയ്തു ചന്ദ. രാജ്യത്തിന്റെ ആദരം പിന്നാലെയെത്തി. എട്ടുവർഷം മുമ്പ് പത്മഭൂഷൺ. വാർഷിക ശമ്പളം ആറുകോടിയിലധികം. 

chanda-kochchar-02

ചന്ദ കൊച്ചാറിന്റെ കുടുംബവും വേണുഗോപാൽ ധൂത് നയിക്കുന്ന വിഡിയോകോൺ ഗ്രൂപ്പുമായുള്ള ഇടപാടുകളാണ് രാജ്യത്തെ ഏറ്റവും ശക്തരായ സ്ത്രീകളിൽ ഒരാളുടെ പടിയിറക്കത്തിനു വഴിയൊരുക്കിയത്. ഭർത്താവ് ദീപക് കൊച്ചാറും വേണുഗോപാൽ ധൂതുമായുള്ള ബിസിനസ് ബന്ധങ്ങൾ ചന്ദ മറച്ചുവച്ചെന്നുമാത്രമല്ല, വിഡിയോകോണിന് 3250 കോടി രൂപ വായ്പ കൊടുക്കാനുള്ള തീരുമാനമെടുക്കാനുള്ള സമിതിയിൽനിന്നു മാറിനിന്നുമില്ല. സ്വകാര്യ താൽപര്യങ്ങൾ ബാങ്കിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്ന പരാതിക്ക് ഇതാണ് അടിസ്ഥാനം. ആ വായ്പ കിട്ടാക്കടമായി മാറിയതോടെ സംശയത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടി. ആരോപണത്തിനു ബലംവച്ചു. 

സിബിഐക്ക് ഒപ്പം  ഓഹരി വിപണി നിയന്ത്രണ ഏജൻസി(സെബി)യും എൻഫോഴ്സ്മെന്റ് വിഭാഗവും ബാങ്കിന്റെ അന്വേഷണ സമിതിയും ചന്ദയുടെ ഇടപാടുകളെപ്പറ്റി അന്വേഷിക്കുന്നുണ്ട്. ദീപക് കൊച്ചാറിന്റെ സഹോദരൻ രാജീവ് കൊച്ചാറിനെ സിബിഐ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പിന്നാലെ ഓഹരിയുടമകളുടെ ശക്തമായ പ്രതിഷേധവും ഉയർന്നു. ചന്ദയ്ക്ക് അതുവരെ പിന്തുണ നൽകിയിരുന്ന ബാങ്കും ആതോടെ പിൻവലിഞ്ഞു. ഇന്ന് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ബാങ്ക് എന്ന സ്ഥാനം ഐസിഐസിക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. 

നടപടികളിൽ നിയമക്രമം പാലിച്ചില്ല എന്ന ആരോപണം നിലനിൽക്കുന്നുണ്ടെങ്കിലും കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും  പരാജയം സമ്മതിച്ച നായികയുടെ വിഷാദമല്ല ചന്ദകൊച്ചാറിനുള്ളത്. പകരം ഇനിയുമൊരു പോരാട്ടത്തിനുള്ള ആത്മവിശ്വാസമുണ്ടെന്ന രീതിയിലാണ് അവർ പ്രതികരിക്കുന്നത്. നിരാശയും ഞെട്ടലും മറച്ചുവയ്ക്കാതെതന്നെ സത്യത്തിന്റെ വിജയത്തിനായി കാത്തിരിക്കുകയാണവർ. ഒപ്പം ഐസിഐസിഐ ബാങ്കും ധാർമികതയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത പൊതുസമൂഹവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com