Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിൽ വച്ചുണ്ടായ ആ സംഭവമാണ് എന്റെ ജീവിതം മാറ്റി മറിച്ചത്

kindness-01 ചിത്രത്തിന് കടപ്പാട്: ഇൻസ്റ്റഗ്രാം.

സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ കഥകളെക്കുറിച്ചു വായിച്ചിട്ടുണ്ട് എല്ലാവരും. അദ്ഭുതവും ആദരവും ഉണർത്തുന്ന കഥകളും അനുഭവങ്ങളും. തങ്ങൾക്കൊന്നും ഒരിക്കലും അങ്ങനെയാകാൻ കഴിയില്ലെന്നും എത്രയോ ചെറിയവരാണെന്നുമുള്ള വിചാരവും അപ്പോൾ തോന്നിയിരിക്കാം.

എന്നാൽ കൊച്ചു പ്രവൃത്തികളിലൂടെയും സ്നേഹം പ്രകടിപ്പിക്കാം. അടുപ്പക്കാരോടു മാത്രമല്ല അപരിചിതരോടും ദയ കാണിക്കാം. ജീവിതത്തിൽ ഏറ്റവും അവിസ്മരണീയമാകുക പലപ്പോഴും സ്നേഹത്തിന്റെയും ദയയുടെയും നിസ്സാരമെന്നു തോന്നുന്ന പ്രവൃത്തികളായിരിക്കും.

കഴിഞ്ഞദിവസം മുംബൈയിൽനിന്നുള്ള പേരു വെളിപ്പെടുത്താത്ത ഒരു സ്ത്രീ അവരുടെ ഒരു അനുഭവം ഫെയ്സ്ബുക്കിൽ വിവരിക്കുകയുണ്ടായി. നിമിഷങ്ങൾക്കകം ആയിരക്കണക്കിനുപേർ ഇഷ്ടപ്പെട്ട, ഷെയർ ചെയ്ത പോസ്റ്റ്. അദ്ഭുതകരമോ അസാധാരണമോ ആയി ഒന്നുമില്ലെങ്കിലും ജീവിതത്തെ പ്രതീക്ഷയാൽ നിറച്ച ഒരു പ്രവൃത്തി. ജീവിതം എപ്പോഴും അത്ഭുതങ്ങൾ കാത്തുവയ്ക്കുന്നെന്ന പാഠവും. 

മുംബൈയിലെ ലോക്കൽ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്നു ഫെയ്സ്ബുകിൽ കുറിപ്പ് എഴുതിയ സ്ത്രീ. അടുത്തുതന്നെ മറ്റൊരു സ്ത്രീയുണ്ട്. അവരൊരു പ്രതിസന്ധി ഘട്ടത്തിലാണ്. അവരുടെ ട്രെയിൻ ടിക്കറ്റ് കാണുന്നില്ല. പുതിയ ടിക്കറ്റ് വാങ്ങാനുള്ള പണവും ആവശ്യത്തിന് അവരുടെ കയ്യിലില്ല. അടുത്ത സ്റ്റേഷനിൽതന്നെ ട്രെയിനിൽനിന്ന് ഇറങ്ങണമെന്ന് ടിക്കറ്റ് എക്സാമിനർ അവരോടു പറഞ്ഞു.

അപമാനത്തിന്റെ വേദനയിലായിരുന്നു അവർ. മുഖം ഉയർത്താനാവാത്ത അവസ്ഥ. നാണക്കേട്. എന്തു ചെയ്യണമെന്നും അറിയില്ല. അവരെ ഇതിനുമുമ്പു കണ്ടിട്ടില്ലെങ്കിലും പേര് അറിയില്ലെങ്കിലും ഒരു പരിചയവുമില്ലെങ്കിലും സഹായിക്കാൻ തീരുമാനിച്ചു കുറിപ്പ് എഴുതിയ സ്ത്രീ.

അങ്ങനെയൊരു സാഹചര്യത്തിൽ താൻ പെട്ടുപോയിരുന്നെങ്കിൽ ആരെങ്കിലും സഹായിക്കണം എന്നാഗ്രഹിക്കുമായിരുന്നു. ഇപ്പോഴത് തന്റെ റോളാണ് എന്നുമാത്രമാണവർ ചിന്തിച്ചത്. ടിക്കറ്റിനു പണം വാങ്ങിയ സ്ത്രീ നന്ദി പറഞ്ഞു. എങ്ങനെ കടം വീട്ടണമെന്നു ചോദിച്ചെങ്കിലും സംഭവം ഇപ്പോൾ തന്നെ മറന്നേക്കൂ എന്നായിരുന്നു സ്ത്രീയുടെ ഉപദേശം. 

ഏതാനും ദിവസം കഴിഞ്ഞു. ട്രെയിനിൽവച്ചു നടന്ന സംഭവം ഓർമയിൽനിന്നു മാഞ്ഞിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി ഷോപ്പിങ്ങിനിടെ ഈ രണ്ടു സ്ത്രീകളും ഒരിക്കൽക്കൂടി കണ്ടുമുട്ടി. ആദ്യകാഴ്ചയിൽതന്നെ അവർ തിരിച്ചറിഞ്ഞു. ടിക്കറ്റിനുവേണ്ടി അന്നുവാങ്ങിയ പണം തിരിച്ചുവാങ്ങണമെന്ന് അവർ അപേക്ഷിച്ചു. പക്ഷേ സ്ത്രീ വഴങ്ങിയില്ല. നിർബന്ധം സഹിക്കാതെവന്നപ്പോൾ അവരിരുവരും ഒരു കോഫിഷോപ്പിൽ കയറി ഒരുമിച്ച് കാപ്പി പങ്കുവച്ചു. അവിടെവച്ച് അവർ സുഹൃത്തുക്കളായി. ഇന്നവർ ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. വേർപിരിയാനാവാത്തവർ. 

സംഭവം ഫെയ്സ്ബുകിൽ ചർച്ചയായതോടെ സമാന അനുഭവങ്ങൾ പങ്കുവയ്ക്കാൻ മുന്നോട്ടുവന്നു മറ്റു പലരും. ബെംഗലൂരുവിൽ വച്ച് ഒരിക്കൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ടിക്കറ്റിനു ചില്ലറയില്ലാതെ വന്ന അനുഭവം ഒരാൾ പങ്കുവച്ചു. ബസിൽനിന്ന് ഇറങ്ങിപ്പോകണമെന്ന ആവശ്യം ഉണ്ടായി. അന്നൊരു സ്ത്രീയാണ് സഹായിച്ചത്. എങ്ങനെ പണം തിരിച്ചുകൊടുക്കണം എന്നു ചോദിച്ചപ്പോൾ ‘എനിക്കുവേണ്ടി പ്രാർഥിക്കൂ’ എന്നായിരുന്നു അവരുടെ മറുപടി.....ഒരു യുവതി തന്റെ അനുഭവം പങ്കുവച്ചു. 

മറ്റുള്ളവർ എങ്ങനെ പെരുമാറണം എന്നാണോ നാം ആഗ്രഹിക്കുന്നത് അതേപോലെ നമ്മളും പെരുമാറിയാൽ ലോകം ഇപ്പോഴത്തേതിലും നല്ല സ്ഥലമായി മാറും. മഹത്തായ ഈ വാചകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.