Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ചെരുപ്പൂരി മുഖത്തെറിഞ്ഞ് ആട്ടിയകറ്റി; പക്ഷേ

woman-78

ഇരുണ്ട നിറത്തിന്റെ പേരിൽ, ഫോറിൻ ലുക്കിന്റെ പേരിൽ ഒരുപാട് പരിഹാസങ്ങൾ ഏറ്റുവാങ്ങിയ ഒരു യുവതിയുടെ ജീവിതം മാറിമറിഞ്ഞത് ആ ഫൊട്ടോഷൂട്ടിലൂടെയാണ്. തന്റെ ജീവിതത്തിലെ കയ്പ്പേറിയ ഭൂതകാലത്തെക്കുറിച്ചും അതിനെയൊക്കെ അതിജീവിച്ച് സ്വപ്നങ്ങൾ സ്വന്തമാക്കിയതിനെക്കുറിച്ചും ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുകയാണ് ഒരു യുവതി.

''വളർച്ചയുടെ ഓരോ ഘട്ടത്തിലും ഇരുണ്ട നിറത്തിന്റെ പേരിലും ഫോറിൻ ലുക്കിന്റെ പേരിലും ഞാൻ പരിഹസിക്കപ്പെട്ടുകൊണ്ടേയിരുന്നു. ഫെയർ ആൻഡ് ലൗലിയുടെ പരസ്യത്തിൽ അഭിനയിക്കാൻ പൊയ്ക്കൂടേയെന്ന് ചില സഹപാഠികൾ പരിഹസിച്ചു. പക്ഷേ ഏറ്റവും അധികം സങ്കടവും ദേഷ്യവും വന്ന് ഞാൻ എന്നെത്തന്നെ വെറുത്തു പോയത് ആ സംഭവത്തോടെയായിരുന്നു. മൈതാനത്തുവെച്ച് ഒരു പെൺകുട്ടി എനിക്കു നേരെ അവളുടെ ഷൂസ് വലിച്ചെറിഞ്ഞ് ദൂരെപ്പോകൂവെന്നു പറഞ്ഞ് എന്നെ ആട്ടിയകറ്റി. അന്നുമുതൽ ദേഹംമുഴുവൻ മൂടുന്ന വസ്ത്രം ധരിച്ച് മറ്റുള്ളവരുടെ കണ്ണുകളിൽ നിന്ന് എന്റെ ശരീരത്തെ ഒളിപ്പിക്കാൻ ഞാൻ ശ്രമിച്ചു. സമൂഹത്തിന്റെ സൗന്ദര്യസങ്കൽപ്പങ്ങൾക്ക് ഞാനൊരിക്കലും യോജിക്കില്ല എന്ന അപമാനഭാരത്തിൽ നിന്ന് മോചിതയായത് ആ ഫൊട്ടോഷൂട്ട് കാരണമാണ്.

കോളജിലെ സീനിയേഴ്സ് ആണ് ആ ഫൺ ഫോട്ടോഷൂട്ടിനെക്കുറിച്ച് എന്നോടു പറയുന്നത്. അതൊരു റാഗിങ് ആണെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാൻ അതിനുവേണ്ടി തയാറെടുത്തതും. ടവൽ ഉടുത്തുകൊണ്ട് ഫോട്ടോയ്ക്കു പോസ് ചെയ്യാനാണ് അവർ എന്നോടു പറഞ്ഞത്. പക്ഷേ ആ ഫൊട്ടോഷൂട്ട് നടത്തിയതിൽ ഞാൻ എന്നും അവരോട് നന്ദിയുള്ളവളായിരിക്കും. കാരണം ഞാൻ എന്നെത്തന്നെ സ്നേഹിച്ചു തുടങ്ങിയത് ആ ഫൊട്ടോഷൂട്ടിലൂടെയായിരുന്നു. എന്റെ ഏറ്റവും നല്ല ചിത്രങ്ങളായാണ് ആ  ഫൊട്ടോഷൂട്ടിനെ ‍ഞാൻ വിലയിരുത്തുന്നത്.

പിന്നീട് മറ്റു യൂണിവേഴ്സിറ്റികളിൽ ചേർന്നപ്പോഴേക്കും ഫൊട്ടോഗ്രഫി എന്റെ പാഷനായിത്തീർന്നു. ഞാനെന്റെ മികച്ച ചിത്രങ്ങൾ പകർത്തി അങ്ങനെ ഞാനനുഭവിച്ചുകൊണ്ടിരുന്ന അരക്ഷിതാവസ്ഥയെ മറികടന്നു. എന്നെത്തന്നെ നന്നായിക്കൊണ്ടു നടക്കാൻ ഞാൻ പഠിച്ചു. 6 മാസം കൊണ്ട് 20 കിലോ കുറച്ചു. ശരീരം ഒളിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപേക്ഷിച്ചു. മനസ്സിൽ എന്തുകാര്യം ആഗ്രഹിച്ചാലും അതു നേടാനാകുന്ന ആത്മവിശ്വാസമുള്ള വ്യക്തിയായി ഞാൻ മാറി.

ജീവിതം അങ്ങനെ പോസിറ്റീവായി മുന്നോട്ടുപോകുമ്പോഴാണ് മറ്റു രണ്ടു ദുരന്തങ്ങൾ കൂടി സംഭവിച്ചത്. ഇങ്ങനെയുള്ള നിന്റെ രൂപം കണ്ട് നിന്നെ സ്നേഹിക്കാൻ എന്റെ മാതാപിതാക്കൾക്കാവില്ല എന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയ കാമുകനെ ഞാനുപേക്ഷിച്ചു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോയപ്പോഴായിരുന്നു രണ്ടാമത്തെ ദുരന്തം.

ഒരു ദിവസം രാത്രിയിൽ കോളജിൽവച്ച്  ഒരു മുറിയിൽ‍ പൂട്ടിയിട്ട് പ്രൊഫസർ എന്നെ മാനഭംഗപ്പെടുത്തി. ആ സംഭവത്തോടെ വീണ്ടും ഞാൻ എന്നെ വെറുത്തു. പക്ഷേ ഇങ്ങനെ സംഭവിച്ചത് എന്റെ തെറ്റുകൊണ്ടല്ലെന്ന് ഞാനെന്നെ ബോധ്യപ്പെടുത്തി. പണ്ടത്തേക്കാൾ ഇരട്ടിയിലധികം കഠിനപ്രയത്നം ചെയ്ത് ശ്രദ്ധമുഴുവൻ ഫൊട്ടോഗ്രഫിയിൽ കേന്ദ്രീകരിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഫൊട്ടോഗ്രാഫർ ആകുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഫൊട്ടോഗ്രഫിയെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനുമായി ഞാൻ സമയം ചിലവഴിച്ചു.

മൂന്നുവർഷങ്ങൾക്കു ശേഷം മുംബൈയിലേക്ക് തിരിച്ചെത്തിയ എനിക്കിപ്പോൾ നല്ലൊരു ബിസിനസ്സുണ്ട്, സ്വന്തമായി ഒരു വീടുണ്ട്, സ്നേഹിക്കാൻ മാത്രമറിയുന്ന ഒരു ആൺസുഹൃത്തുണ്ട്. ഈ നേട്ടങ്ങളൊക്കെ വളരെയെളുപ്പം ലഭിച്ചതൊന്നുമല്ല. ഒരുപാട് അപമാനങ്ങൾ സഹിച്ചിട്ടുണ്ട്. മുൻപു ജോലിചെയ്തിരുന്ന കമ്പനികളുടെ മേധാവികളിൽ നിന്നും അത്രയ്ക്കും സഹിച്ചിട്ടുണ്ട്. പക്ഷേ അതിൽ നിന്നെല്ലാം പുറത്തുകടക്കാനെനിക്കു സാധിച്ചു. അതായിരുന്നു ജീവിതത്തിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠവും. എന്റെ തൊലിയിൽ സൗന്ദര്യം കാണാൻ കഴിഞ്ഞതുകൊണ്ടാണ് ഇതൊക്കെ സാധിച്ചത് എന്നു ഞാൻ വിശ്വസിക്കുന്നു. ഈ ജീവിതം മുഴുവൻ ഞാൻ തിരഞ്ഞുകൊണ്ടിരുന്ന എന്റെ മാസ്റ്റർപീസാണ് ഞാൻ. അതു കാട്ടിത്തരുന്ന നിഴലിനെയും മുറിവുകളെയും  നിറത്തെയും ഞാൻ സ്നേഹിക്കുന്നു''.