Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവയവഭംഗികൊണ്ടുമാത്രം ആരെങ്കിലും സ്ത്രീയാകുമോ?

real-woman

തന്നെ നോക്കുന്ന മുഖങ്ങളിലെ സംശയം റീസ് ബറോ ല്യോൺസ് കാണുന്നുണ്ട്. ആശങ്കയും വെറുപ്പും അറിയുന്നുണ്ട്. പക്ഷേ, ല്യോൺസിന്റെ മുഖത്തു ഭാവവ്യത്യാസമില്ല. ചലനങ്ങളിൽ അസ്വസ്ഥതയില്ല . ഉറച്ച ശബ്ദത്തിൽ ല്യോൺസ് ചോദിക്കുന്നു: നിങ്ങളുടെ അഭിപ്രായത്തിൽ ആരാണ് യഥാർഥത്തിൽ സ്ത്രീ ? 

ചോദ്യത്തിന്റെ ഉത്തരം കേൾക്കാൻ കാത്തിരിക്കുന്നതിനുപകരം സ്ത്രീയെക്കുറിച്ചുള്ള പതിവു സങ്കൽപങ്ങളെ തച്ചുടയ്ക്കുകയാണു ല്യോൺസ് എന്ന ട്രാൻസ്ജെൻഡർ. വെള്ളനിറത്തിലുള്ള ടോപും സ്കർട്ടും അണിഞ്ഞ് മൈക്കിനു മുന്നിൽനിന്ന് ല്യോൺസ് ചൊല്ലുന്ന കവിതകളിൽ സമൂഹം തങ്ങളെ എങ്ങനെയാണു നോക്കുന്നതെന്ന അറിവുണ്ട്. 

ആവളാരാണ് എന്ന് ആരെങ്കിലും ല്യോൺസിനെ ചൂണ്ടി ചോദിച്ചാൽ ഏതോ ട്രാൻസ്ജെൻഡർ എന്നായിരിക്കും അലസമായി, പരിഹാസം നിറഞ്ഞ മറുപടി. പക്ഷേ, താനൊരു സ്ത്രീയാണ് എന്നവർ ഉറപ്പിച്ചു പറയുന്നു. സ്ത്രീകളെക്കുറിച്ചുള്ള സാധാരണ സങ്കൽപത്തിൽ ഒതുങ്ങുന്നവളല്ല. മനസ്സുകൊണ്ട്, ആത്മാവുകൊണ്ട്, ആഗ്രഹങ്ങൾ കൊണ്ടു സ്ത്രീയായവൾ. സുന്ദരിയായ ഒരു സ്ത്രീക്ക് വേണ്ട ആകാരമോ അവയവഭംഗിയോ തനിക്കില്ലായിരിക്കാം. പക്ഷേ, അവയവഭംഗികൊണ്ടുമാത്രം  ആരെങ്കിലും സ്ത്രീയാകുമോ എന്നു ചോദിക്കുന്നു ല്യോൺസ്. ഉറച്ച ശബ്ദത്തിലുള്ള ല്യോൺസിന്റെ ചോദ്യങ്ങളടങ്ങിയ കവിതയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

പതിവില്ലാത്തതും പരിചയമില്ലാത്തതുമായ എല്ലാറ്റിനെയും അസഹിഷ്ണുതയോടെ കാണുന്നവർക്കുള്ള ചൂടൻ മറുപടികളാണ് ല്യോൺസിന്റേത്. ഒപ്പം കണ്ണു തുറന്ന്, മനസ്സു തുറന്നു യാഥാർഥ്യങ്ങൾ കാണാനും സാധാരണക്കാരല്ലാത്തവരെയും അംഗീകരിക്കാനുമുള്ള അപേക്ഷയും. 

എനിക്ക് ഉയരമില്ലെന്നു നിങ്ങൾ പറഞ്ഞേക്കാം. 

എന്റെ മേക്കപ്പ് നിങ്ങളെ തെറ്റിധരിപ്പിച്ചേക്കാം. 

പക്ഷേ, ഞാനും സ്ത്രീയാണ്. 

എനിക്ക് ഉയരമില്ലെന്നു നിങ്ങൾ പരിഹസിച്ചേക്കാം. 

ഉയരം കുറഞ്ഞവളായിരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. 

ഞാൻ ഒരു ചീവിടിനെപ്പോലെ ചിലയ്ക്കുന്നില്ലായിരിക്കാം. 

അതെനിക്കു മൗനം ഇഷ്ടമായതുകൊണ്ടാണ്. 

നിങ്ങളുടെ മര്യാദയില്ലാത്ത നോട്ടങ്ങൾക്കും പരിഹാസങ്ങൾക്കുമിടെ ലഭിക്കുന്ന 

ചെറിയ സ്ഥലത്തിൽ ഞാൻ സംതൃപ്തയാണ്. 

ഇന്നു കാര്യങ്ങൾ എങ്ങനെയുമായിക്കോട്ടെ. 

നാളെ ഞങ്ങളുടേതുകൂടിയായിരിക്കും. 

എല്ലാവിധത്തിലുമുള്ള വ്യത്യസ്തരുടെയും സവിശേഷതയുള്ളവരുടെയും. 

ല്യോൺസ് കവിത ഉപസംഹരിക്കുന്നു: 

അതേ ഞാനൊരു സ്ത്രീയാണ്. എനിക്കു പുരുഷന്റെ ജനനേന്ദ്രിയവുമുണ്ട്.