Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗന്ദര്യത്തെ പുകഴ്ത്തുന്നവർ അറിയണം കോളിൻഡയുടെ യഥാര്‍ഥ വ്യക്തിത്വം

kolinda-01

ഫുട്ബോളിൽ ലോകചാംപ്യൻമാർ ഫ്രാൻസ് തന്നെ; കേളീമികവു ലോകത്തിനുമുന്നിൽ അവർ ബോധ്യപ്പെടുത്തിയെങ്കിലും ലോകകപ്പിലൂടെ ഹൃദയം കീഴടക്കിയ പ്രസിഡന്റ് ഇമ്മാനുവൽ മക്രോയോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനോ അല്ല, ഫൈനൽ വരെ തോൽവി അറിയാതെ എത്തി അവസാന മൽസരത്തിൽ പരാജയം സമ്മതിച്ച ക്രൊയേഷ്യയുടെ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്റാറോവിച്ച് തന്നെ.

റഷ്യയുമായുള്ള ക്വാർട്ടർ ഫൈനൽ മൽസരത്തിൽ വിഐപി ബോക്സിൽ എത്തി ക്രൊയേഷ്യൻ ടീമിനെ പിന്തുണച്ച, മൽസരത്തിനുശേഷം ടീമംഗങ്ങളെ ഓരോരുത്തരെയായി കെട്ടിപ്പുണർന്ന, അവസാന നിമിഷത്തിലും പ്രതീക്ഷ വിടാതെ ടീമിനെ പ്രചോദിപ്പിച്ച അതേ കോളിൻഡ. ക്രൊയേഷ്യ ഫൈനലിൽ എത്തുന്നതിനുമുമ്പുതന്നെ താരമായിക്കഴിഞ്ഞിരുന്നു കോളിൻഡ. ചുവപ്പും വെള്ളയും ജേഴ്സിയിൽ ടീമംഗത്തിന്റെ അതേ ആവേശവും ഉത്സാഹവും പ്രകടമാക്കിയ രാഷ്ട്രനേതാവ്. ഫൈനലിൽ കളി കാണാൻ എത്തി ടീമിന് ഊർജം പകർന്ന ഫ്രഞ്ച് പ്രസിഡന്റ് മക്രോയെക്കാൾ ഒരുപടി മുന്നിൽതന്നെ നിന്നു കോളിൻഡ. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് ഇങ്ങനെയൊക്കെ പെരുമാറുമോ എന്ന അദ്ഭുതം ഉണർത്തിയ അപൂർവ വ്യക്തിത്വം. അഥവാ ഭാവി നേതൃത്വങ്ങൾക്ക് ഒരു മാതൃക. 

ബെൽജിയവും ക്രോയേഷ്യയും– റഷ്യൻ ലോകകപ് ഫുട്ബോൾ ടൂർണമെന്റിലെ അദ്ഭുത ടീമുകൾ. ബെൽജിയം മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടുവെങ്കിൽ ഫൈനലിൽ പൊരുതിത്തോറ്റു ക്രൊയേഷ്യ. അതും ഫ്രാൻസ് എന്ന വമ്പൻ ടീമിന്റെ അനുഭവസമ്പത്തിനുമുന്നിൽ. പക്ഷേ, രാജ്യം ഒറ്റക്കെട്ടായി ടീമിന്റെ കൂടെയുണ്ടെന്ന വികാരം സൃഷ്ടിക്കാൻ ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡയ്ക്കായി; ഒപ്പം ഔദ്യോഗിക പിന്തുണ ഉറപ്പാക്കി ടീമിനു പ്രചോദനവുമായി. തന്റെ രാജ്യം വിജയിച്ചാൽ ടീമിന്റെ ജേഴ്സി ഫ്രഞ്ച് പ്രസിഡന്റ് മക്രോയ്ക്കു സമ്മാനിക്കുമെന്നു പറഞ്ഞു ടീമിന്റെ ആത്മവിശ്വാസം ഉയർത്തി.

koolinda-55

ആവേശകരമായ ഫൈനലിൽ‌ തോൽവിയാണു ക്രൊയേഷ്യയെ കാത്തിരുന്നത്; എങ്കിലും തലയുയർത്തിപ്പിടിച്ചുതന്നെ നിന്നു കോളിൻഡ. വിജയികളെ അഭിന്ദിച്ചും സ്വന്തം രാജ്യത്തിന്റെ ടീം അംഗങ്ങളെ ആശ്വസിപ്പിച്ചും സ്പോർട്സ്മാൻ സ്പിരിറ്റ് കാത്തുസൂക്ഷിക്കാനും വനിതാ പ്രസിഡന്റിനായി. ക്വാർട്ടറിനു ശേഷം കോളിൻഡ ടീമംഗങ്ങളെ ആശ്വസിപ്പിക്കുന്ന വിഡിയോ വൈറലായതിനെത്തുടർന്ന് പ്രസിഡന്റ് ബിക്കിനി വേഷമണിഞ്ഞു നിൽക്കുന്നുവെന്ന പ്രചാരണത്തോടെ ചില ചിത്രങ്ങൾ പ്രചരിച്ചിരുന്നു. പക്ഷേ, അർധനഗ്നചിത്രങ്ങൾ മറ്റൊരു മോഡലിന്റേതാണെന്നും കോളിൻഡയുടേതല്ലെന്നും പിന്നീടു വെളിപ്പെട്ടു. അപവാദ പ്രചാരണങ്ങളുടെ മുനയൊടിഞ്ഞതോടെ സുന്ദരിയായ വനിതാ പ്രസിഡന്റിന്റെ യഥാർഥ വ്യക്തിത്വവും വെളിപ്പെട്ടു. 

കോളിൻഡ ജനിക്കുന്നത് 1968 ഏപ്രിൽ 29ന്. ഇംഗ്ലിഷ്–സ്പാനിഷ് സാഹിത്യത്തിൽ ബിരുദധാരി. ബിരുദാനന്തദ ബിരുദം ഇന്റർനാഷണൽ സ്റ്റഡീസിൽ. ജോർജ് വാഷിങ്ടൺ സർവകലാശാലയിലും ജോൺ ഹോപ്കിൻസ് സർവകലാശാലയിലും പഠനത്തിനുശേഷം ഫുൾബ്രൈറ്റ് സ്കോളർ. ഇന്റർനാഷണൽ സ്റ്റഡീസിൽ ഗവേഷണവും പൂർത്തിയാക്കിയിട്ടുണ്ട്.  2007 മുതൽ 11 വരെ അമേരിക്കയിലെ ക്രൊയേഷ്യൻ അംബാസഡറായിരുന്നു കോളിൻഡ. 2015 ഫെബ്രുവരിയിൽ  പ്രസിഡന്റായി ചുമതല ഏറ്റെടുത്തു. ഇവോ ജോസിപോവികിനെ തോൽപിച്ചാണ് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പിൽ അവർ വിജയിച്ചത്. 

സുന്ദരിയെന്ന പ്രശംസ നേടിയെടുത്ത ഈ പ്രസിഡന്റ് സൈന്യത്തിൽ കമാൻഡോ കൂടിയായിരുന്നു. നാറ്റോ സഖ്യസേനയുടെ ആദ്യത്തെ വനിതാ അസിസ്റ്റന്റ് സെക്രട്ടറി ജനറലായും ജോലി ചെയ്ത കോളിൻഡ ഒന്നിലധികം പ്രാവശ്യം അഫ്ഗാനിസ്ഥാൻ സന്ദർശിച്ചു സേനയുടെ ആത്മവീര്യം നിലനിർത്തി.  സൈന്യത്തിനു പിന്തുണ കൊടുത്ത് പ്രചോദനമായതിന്റെ പേരിൽ ജോർജ് ബുഷും ബറാക് ഒബാമയും കോളിൻഡയെ പ്രശംസിച്ചിട്ടുമുണ്ട്. 

kolinda-85

പ്രസിഡന്റിന്റെ പദവിയിലാണെങ്കിലും റഷ്യയിൽ ക്രൊയേഷ്യ കളിക്കുന്നതു കാണാൻ കോളിൻഡ എത്തിയത് സ്വന്തം ഇഷ്ടപ്രകാരം; അതും സ്വന്തം ചെലവിൽ വിമാനത്തിൽ ഇക്കോണമി ക്ലാസ് ടിക്കറ്റിൽ. വിമാനത്തിൽ സഹയാത്രക്കാർക്കൊപ്പം യാത്ര ചെയ്യുന്ന ചിത്രവും അവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. വിഐപി ബോക്സിൽ ടീമിന്റെ ജേഴ്സി അണിഞ്ഞ് കോളിൻഡ ഇരുന്നതും വലിയ പദവിയുടെ ഭാരമൊന്നുമില്ലാതെ. കളിക്കുശേഷം ഡ്രസിങ് റൂമിൽ വിയർത്തിരിക്കുന്ന കളിക്കാരുടെ അടുത്തുചെന്ന് അവിരെ ആലിംഗനം ചെയ്യാനും മടിച്ചില്ല കോളിൻഡ. 

കോളിൻഡയുടെ വിവാഹം നടന്നത് 1996 ൽ. ജാക്കോവ് കിറ്റാറോവിച് എന്നാണു ഭർത്താവിന്റെ പേര്. 17 വയസ്സുകാരി കാറ്ററീനയും 15 വയസ്സുകാരൻ ലൂക്കയും മക്കൾ. 

ക്രൊയേഷ്യൻ, ഇംഗ്ലിഷ്, സ്പാനിഷ്, ഡാനിഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവുണ്ട് കോളിൻഡയ്ക്ക്. ജർമൻ, ഫ്രഞ്ച്, റഷ്യൻ, ഇറ്റാലിയൻ ഭാഷകൾ സംസാരിക്കാനുള്ള കഴിവുമുണ്ട്. പുടിനോടു റഷ്യൻ ഭാഷയിൽ സംസാരിക്കുന്ന അതേ ലാഘവത്തോടെ ഫ്രഞ്ച് പ്രസിഡന്റ് മക്രോയോടു ഫ്രഞ്ച് ഭാഷയിൽ സംസാരിക്കാനും കോളിൻഡയ്ക്കു കഴിഞ്ഞു. 

kolinda-78

റഷ്യയിൽ നടന്ന ലോക കപ് ഫുട്ബോൾ ഫ്രാൻസിന്റെ ഉയിർത്തെഴുന്നേൽപിനു മാത്രമല്ല സാക്ഷ്യം വഹിച്ചത്, ക്രൊയേഷ്യയുടെ പ്രസിഡന്റ് എന്ന നിലയിൽനിന്ന് ലോകം ശ്രദ്ധിക്കുന്ന വ്യക്തിത്വങ്ങളിലേക്ക് കോളിൻഡയുടെ ആരോഹണത്തിനുകൂടി. കായികപ്രേമികൾ മനസ്സിൽ സൂക്ഷിക്കുന്ന അവിസ്മരണീയ കളി നിമിഷങ്ങൾക്കൊപ്പം കോളിൻഡയുടെ ചിത്രങ്ങളുമുണ്ട്; സുന്ദരിയുടെ വശ്യതയേക്കാളധികം പ്രചോദനത്തിന്റെ ആൾരൂപമായി.