'എന്റെ യഥാർഥ മുടി ഇങ്ങനെയാണ്'; റിപ്പോർട്ടറെ അഭിനന്ദിച്ച് വെർച്വൽ ലോകം

Photo Credit: Twitter.

സൗന്ദര്യത്തിനും ശരീരത്തിനുമുള്ള എല്ലാ അപാകതകളും മൂടിവച്ചുകൊണ്ടാണ് എല്ലാവരും ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളത്. തന്റെ കുറവുകളെ മറ്റുള്ളവർ പരിഹസിക്കുമോ എന്ന ഭയവും സമൂഹം നിശ്ചയിച്ച സൗന്ദര്യ സങ്കൽപ്പച്ചട്ടക്കൂടിന്റെ ഭാഗമാകാനുള്ള ത്വരയുമാണ് ആളുകളെ അതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ സമൂഹം നിശ്ചയിച്ച സൗന്ദര്യസങ്കൽപ്പങ്ങളിൽ നിന്ന് മാറിനടക്കാൻ ഒരു ടിവി റിപ്പോർട്ടർ ശ്രമിച്ചതു മുതലാണ് അവൾ സമൂഹമാധ്യമങ്ങളിലെ നായികയായത്.

യുഎസിലെ മിഷിഗണിൽ ജോലിചെയ്യുന്ന ഡാനവൈറ്റ് എന്ന യുവതിയുടെ ട്വീറ്റാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. നന്നേ ചുരുണ്ട മുടിയാണ് ഡാനയ്ക്ക്. എന്നാൽ ക്യാമറയ്ക്കു മുന്നിലെത്തുന്നതിനു മുമ്പു തന്നെ തന്റെ മുടി സ്ട്രെയിറ്റ് ചെയ്യാൻ ഡാന ശ്രദ്ധിക്കാറുണ്ട്. ദിവസവും മുടി സ്ട്രെയിറ്റ് ചെയ്ത് ഡാനയുടെ മുടിയുടെ ആരോഗ്യം നശിക്കുകയും മുടി വല്ലാതെ കൊഴിയുകയും ചെയ്തു.

അതോടെ ഡാന ഒരുകാര്യമുറപ്പിച്ചു. സമൂഹത്തിന്റെ സൗന്ദര്യസങ്കൽപ്പത്തിനനസുരിച്ച് മാറാൻ ഇനി തയാറല്ല. അതുകൊണ്ട് ഇനി ക്യാമറയ്ക്കു മുന്നിലെത്തുക തന്റെ യഥാർഥ മുടിയുമായിട്ടായിരിക്കും. ഒരുദിവസം തന്റെ തീരുമാനം ഡാന നടപ്പിലുമാക്കി. അതേക്കുറിച്ച് അവർ ട്വിറ്ററിൽ കുറിച്ചതിങ്ങനെ :-

റിപ്പോർട്ടർ ആകണമെന്ന് മനസ്സിലുറപ്പിച്ച കാലം മുതൽ മനസ്സിനുള്ളിലൊരു യുദ്ധം നടക്കുകയായിരുന്നു. അങ്ങനെ ജീവിതത്തിൽ ആദ്യമായി എന്റെ യഥാർഥ മുടിയിൽ ടെലിവിഷനിൽ പ്രത്യക്ഷപ്പെടാനെനിക്കായി. വളരെ വ്യക്തിപരമായ എന്നാൽ ഒരുപാടു പേർക്ക് പ്രചോദനപ്രദമായ ഒരുകാര്യം പങ്കുവച്ചു എന്നു പറഞ്ഞുകൊണ്ടാണ് ഡാനയെ ആളുകൾ അഭിനന്ദിക്കുന്നത്.