രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമമുഖ്യ; ഇത് ജബ്നയുടെ കഥ

ഹിമാചല്‍ പ്രദേശില്‍ മണ്ഡി ജില്ലയിലെ തജുണ്‍ ഗ്രാമം. വിദൂരവും വിജനവുമായ ഈ ഗ്രാമം ഇന്നറിയപ്പെടുന്നത് ഒരു യുവതിയുടെ പേരില്‍. ഈ ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത് മേധാവിയുടെ പേരില്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വില്ലേജ് സര്‍പഞ്ച്-ജബ്ന ചൗഹാന്‍ തജുണിന്റെ ഗ്രാമമുഖ്യ പദവിയിലാണ്. ദാരിദ്ര്യത്തോടും പുരുഷമേല്‍ക്കോയ്മയോടും പടവെട്ടി നേടിയ വിജയം. ഗ്രാമങ്ങളില്‍ ആരാലും അറിയപ്പെടാതെ, വേദനകള്‍ ഉള്ളിലൊതുക്കി ജീവിക്കുന്ന ലക്ഷക്കണക്കിനു പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കും പ്രചോദനത്തിന്റെ പര്യായം. 

ജബന ജനിക്കുന്നത് ഒരു കര്‍ഷക കുടുംബത്തില്‍. കുട്ടിക്കാലം മുതലേ പഠനത്തില്‍ മിടുക്കി.  എന്നിട്ടും 12-ാം ക്ലാസിനുശേഷം ബിരുദത്തിനുപോകാന്‍ വീട്ടിലെ കഷ്ടപ്പാടുകള്‍ അനുവദിച്ചില്ല. വീട്ടില്‍  ഇളയസഹോദരിയുണ്ട്. കാഴ്ചയ്ക്കു തകരാറുള്ള സഹോദരനുണ്ട്. അവരുടെ കൂടി ചുമതലയുള്ളനിതാല്‍ ദുരെയുള്ള കോളജില്‍ അയച്ചു മകളെ പഠിപ്പിക്കാനുള്ള സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ല ജബനയുടെ പിതാവിന്. ഒടുവില്‍ അമ്മാവന്‍ സഹായത്തിനെത്തി. മണ്ഡയിലെ കോളജില്‍ ചേര്‍ന്നു . പഠനത്തിനൊപ്പം ജോലി ചെയ്തു സമ്പാദിക്കുന്നുമുണ്ടായിരുന്നു ആ പെണ്‍കുട്ടി. ഒരു പ്രാദേശിക വര്‍ത്തമാനപത്രത്തിനുവേണ്ടി ലേഖികയായി. മണ്ഡി ജില്ലയിലെ വാര്‍ത്തകള്‍ ശേഖരിച്ച് അയക്കുക. ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍തന്നെ പത്രപ്രവര്‍ത്തകയായ ജബന ശ്രദ്ധിച്ചത് സാധാരണക്കാരുടെ ജീവിതവും പ്രശ്നങ്ങളും. ഗ്രാമത്തിന്റെ വികസനം. 

2016- പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സ്ഥാനാര്‍ഥിയാകാന്‍ ഗ്രാമവാസികള്‍ ജബനയോട് ആവശ്യപ്പെട്ടു. ആദ്യമൊന്നു മടിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഒരു അവസരമായി എടുക്കണമെന്നു തീരുമാനിച്ചു ആ യുവതി.  22 വയസ്സേയുണ്ടായിരുന്നുള്ളൂ. പരിചയവും ഇല്ല. തിര‍ഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍  ആശങ്കകളെ അസ്ഥാനത്താക്കി ജബന തന്നെ വിജയിച്ചു. തജുണ്‍ ഗ്രാമത്തിന്റെ പ്രധാന്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സര്‍പഞ്ച്.  ഗ്രാമമുഖ്യ എന്ന നിലയില്‍ ജബ്ന ഏറ്റെടുത്ത പോരാട്ടങ്ങളിലൊന്ന് മദ്യത്തിനെതിരെ. ഗ്രാമത്തിലെ സ്ത്രീകളും ലഹരിയുടെ അടിമകളായിരുന്നു. പൊതുജനപിന്തുണയോടു കൂടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സമീപിച്ചും അധികൃതരെ സ്ഥിതിഗതികള്‍ ബോധ്യപ്പെടുത്തിയും പ്രദേശത്തെ മദ്യശാലകള്‍ അടപ്പിച്ചു. 

മദ്യം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ചും പുകയില ഉല്‍പനങ്ങളുടെ വില്‍പന നിരോധിച്ചുമുള്ള നിയമം ജബന ഗ്രാമസഭയില്‍ അവതരിപ്പിച്ചു വിജയിപ്പിച്ചെടുത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിനായിരുന്നു ചരിത്ര തീരുമാനം ഗ്രാമസഭ കൈക്കൊണ്ടതും പുതുയുഗത്തിലേക്കു തജുണ്‍ ഗ്രാമം പ്രവേശിച്ചതും. മദ്യത്തിന് അടിമകളായ പുരുഷന്‍മാര്‍ വെറുതെയിരുന്നില്ല. ഭീഷണികളുമായി അവര്‍ രംഗത്തെത്തി. പക്ഷേ, താന്‍ പിന്‍മാറാന്‍ പോകുന്നില്ലെന്നു ജബന വ്യക്തമാക്കി. ഒടുവില്‍ എതിരാളികള്‍ക്കു പിന്‍മാറേണ്ടിവന്നു. വിജയിച്ചത് ജബനയുടെ നിശ്ചയദാർഢ്യം. വികസനത്തിന്റെയും സാമൂഹിക പുരോഗതിയുടെയും പാതയില്‍ മുന്നോട്ടാണ് ഇപ്പോള്‍ തജുണ്‍ ഗ്രാമം- ജബനയുടെ നേതൃത്വത്തില്‍.