Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗർഭം ഒരു ബലഹീനതയല്ല; എട്ടാം മാസവും ജോലിയിൽ ഉഷാറാണ് റേച്ചൽ മോറിസൺ

rachel-morrison

ആദ്യമായി ഓസ്‍കര്‍‌ നാമനിര്‍ദ്ദേശം നേടിയ വനിതാ ഛായാഗ്രാഹക റേച്ചൽ മോറിസൺ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു സുന്ദരൻ ചിത്രത്തിലൂടെയാണ്. മഡ്ബൗണ്ട് എന്ന ചിത്രത്തിന് ഓസ്കർ നാമനിർദേശം നേടിയ റേച്ചലായിരുന്നു 2018 ലെ ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിന്റെ ഛായാഗ്രഹണം നിർവഹിച്ചതും. ഇപ്പോൾ എട്ടുമാസം ഗർഭിണിയാണ് റേച്ചൽ. ഗർഭം ഒരു ബലഹീനതയാണെന്നും ഗർഭകാലത്ത് സാധാരണ ജീവിതം അസാധ്യമാണെന്നുമുള്ള സമൂഹത്തിന്റെ ചില തെറ്റിദ്ധാരണകളെ തിരുത്തിക്കുറിക്കാനായി റേച്ചൽ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിങ്ങനെ.

'ഗർഭിണിയായ സ്ത്രീകൾക്ക് ആക്റ്റീവായി ജോലിചെയ്യാനോ സാധാരണ ജീവിതം മുന്നോട്ടുകൊണ്ടുപോകാനോ കഴിയില്ല എന്നത് പൊതുവായ ഒരു തെറ്റിദ്ധാരണയാണ്. ഒരിക്കലും എല്ലാവരുടെയും ഗർഭകാലം ഒരുപോലെയല്ല. പക്ഷേ എന്റെ അഭിപ്രായത്തിൽ ഭൂരിപക്ഷം ഗർഭിണികൾക്കും ഇതൊരു പ്രശ്നമേയല്ല. എന്റെ ഗർഭകാലം എട്ടുമാസം പിന്നിടുന്നു. ജീവിതത്തിൽ ഏറെയിഷ്ടപ്പെടുന്ന ജോലിയാണിത്. ലേബർ റൂമിൽ കയറുന്നതുവരെ പറ്റുന്നിടത്തോളം ഈ ജോലി തുടരണമെന്നാണ് ആഗ്രഹം. ഞാൻ ഒരു സൂപ്പർ ഹീറോയൊന്നുമല്ല. പ്രസവത്തിന് മുൻപ് എത്രത്തോളം ജോലി ചെയ്യാമോ അതു ചെയ്തു തീർക്കാനാണ് എന്റെ ശ്രമം. അത് എന്റെ മാത്രം തീരുമാനമാണ്. മകൻ പിറന്ന ശേഷം അധികം വൈകാതെ ഞാൻ ജോലിയിലേക്ക് തിരിച്ചുവരും. അതേസമയം പ്രസവശേഷം വളരെവേഗം ജോലിയിലേക്ക് തിരിച്ചു വരുന്നതിനെ ചിലയാളുകൾ ഭയത്തോടെയാണ് കാണുന്നത്. അവസരങ്ങൾ നഷ്ടപ്പെടാൻ വരെ ഇത്തരം ചിന്തകൾ കാരണമാകും. അങ്ങനെയുള്ളവരോട് പറയാനുള്ളതിതാണ് അതെല്ലാം ഞങ്ങൾക്കു വിട്ടേക്കൂ. ഗർഭവും പ്രസവവുമൊക്കെ വളരെ സാധാരണയ സംഗതിയാണ് അതൊരുവിധത്തിലുള്ള അസൗകര്യങ്ങൾക്കും കാരണമാകുന്നില്ല. നല്ലൊരു ഛായാഗ്രാഹകയും ഫിലിംമേക്കറുമാകാൻ ഇത്തരം അനുഭവങ്ങളെന്നെ കൂടുതൽ സഹായിക്കുകയേയുള്ളൂ'

റേച്ചൽ ക്യാമറ കൈയിലേന്തി നിൽക്കുന്ന കിടിലനൊരു ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.