Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശന്നു കരഞ്ഞ അനാഥക്കുഞ്ഞിന് പാലൂട്ടി പൊലീസ് ഉദ്യോഗസ്ഥ

police-officer-breast-feed-01

പൊലീസ് യൂണിഫോമിനുള്ളിലെ അമ്മ മനസ്സിനെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ വാഴ്ത്തുന്നത്. പൊലീസ് യൂണിഫോമിൽ അനാഥക്കുഞ്ഞിന് പാലൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥയുടെ ചിത്രമാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. അർജന്റീനയിലെ പൊലീസ് ഓഫീസറായ സെലസ്റ്റ് ജാക്വിലിൻ അയാലയാണ് അനാഥക്കുഞ്ഞിന് പാലൂട്ടിയത്.

ആർജന്റീനയിലെ കുട്ടികളുടെ ആശുപത്രിയായ സോർ മരിയാ ലുഡോവികോയിൽ സെക്യൂരിറ്റി വിഭാഗത്തിൽ ജോലിചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആശുപത്രിയിലേക്കു കൊണ്ടു വന്ന അനാഥക്കുഞ്ഞിനെ അവർ ശ്രദ്ധിക്കുന്നത്. വിശന്നു തളർന്ന കുഞ്ഞ് നിർത്താതെ കരയുന്നതുകണ്ടപ്പോൾ ജാക്വിലിന്റെ അമ്മ മനസ്സിന് അത് താങ്ങാനായില്ല. ഉടൻ തന്നെ ആ കുഞ്ഞിനെ പാലൂട്ടിക്കോട്ടേയെന്ന് അവർ ആശുപത്രി അധികൃതരോട് അനുവാദം ചോദിച്ചു. ജാക്വിലിന്റെ അമ്മ മനസ്സിന്റെ വെപ്രാളം കണ്ട അധികൃതർ അനുവാദം കൊടുത്തതോടെ ജാക്വിലിൻ കുഞ്ഞിന് മുലയൂട്ടി.

മുലപ്പാൽ കിട്ടിയതോടെ കുഞ്ഞ് പൊടുന്നനെ കരച്ചിൽ നിർത്തി. അനാഥക്കുഞ്ഞിനോടുള്ള ജാക്വിലിന്റെ കരുതലും ആർദ്രതയും കണ്ട് മനസ്സു നിറഞ്ഞ മേലുദ്യോഗസ്ഥർ ജാക്വിലിന് സ്ഥാനക്കയറ്റം നൽകി. പൊലീസ് ഓഫീസർ എന്ന പദവിയിൽ നിന്ന് സർജന്റ് പദവിയിലേക്കാണ് സ്ഥാനക്കയറ്റം നൽകിയത്.

സംഭവത്തെക്കുറിച്ച് ജാക്വിലിൻ പറഞ്ഞതിങ്ങനെ :- 

'കുഞ്ഞിനെ അങ്ങനെയൊരവസ്ഥയിൽ കണ്ടപ്പോൾ ഞാൻ വല്ലാതെ തകർന്നുപോയി. കുഞ്ഞുങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളുടെ കാര്യത്തിൽ സമൂഹം കുറച്ചുകൂടി കരുതൽ നൽകണം'.

അനാഥക്കുഞ്ഞിന് പൊലീസ് ഉദ്യോഗസ്ഥ പാലൂട്ടുന്നതുകണ്ട് കൗതുകം തോന്നിയവരിൽ ആരോയെടുത്ത ചിത്രമാണ് സമൂഹാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത നിമിഷം മുതൽ ലക്ഷക്കണക്കിന് പ്രാവശ്യമാണ് അത് പങ്കുവയ്ക്കുന്നത്.