Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'അവരോടുള്ള ആരാധനകൊണ്ടാണ് ഞാൻ നടിയായത്': റാണിമുഖർജി

rani-sreedevi-77 റാണി മുഖർജി, ശ്രീദേവി

അഭിനയജീവിതം തിരഞ്ഞെടുക്കാനുണ്ടായ കാരണത്തെക്കുറിച്ച് വ്യക്തമാക്കുന്നതിനിടെയാണ് ബോളിവുഡ് താരം റാണിമുഖർജി ആ രഹസ്യം തുറന്നു പറഞ്ഞത്. കുട്ടിക്കാലം മുതലേ അതിതീവ്രമായി താനൊരാളെ ആരാധിച്ചിരുന്നുവെന്നും ആ ആരാധനയാണ് തന്നെ നടിയാക്കിയതെന്നുമാണ് റാണി പറഞ്ഞത്. അവരുടെ സിനിമകളുടെ ഷൂട്ടിങ് നടക്കുന്ന സ്ഥലങ്ങളിൽ പോകണമെന്നും അവരെ നേരിട്ടു കാണണമെന്നുമൊക്കെപ്പറഞ്ഞ് താൻ നിരന്തരം തന്റെ അമ്മയെ ശല്യം ചെയ്യുമായിരുന്നുവെന്നും റാണി പറയുന്നു.

സ്കൂൾ യൂണിഫോമുമിട്ട് സ്കൂൾബാഗും പുറത്തുതൂക്കി നടന്നിരുന്ന സ്കൂൾ ദിവസങ്ങളിലൊന്നിലാണ് താൻ അവരെ ആദ്യമായി കാണുന്നതെന്നും. മേക്കപ്പ് വാനിൽ നിന്നും ഒരു രാജ്ഞിയെപ്പോലെയിറങ്ങി വന്ന ആ നടിയുടെ പേര് ശ്രീദേവിയെന്നായിരുന്നുവെന്നും റാണി പറയുന്നു. അനായാസമായ അവരുടെ  അഭിനയ ശൈലിയും കണ്ണുകളിലെ തീപ്പൊരിയും വ്യക്തിപ്രഭാവവും വീണ്ടും വീണ്ടും കാണാനായി അവരുടെ ചിത്രങ്ങൾ താൻ തുടർച്ചയായി കണ്ടിരുന്നുവെന്നും റാണി വെളിപ്പെടുത്തുന്നു.

തൊണ്ണൂറുകളിൽ ബിടൗൺ അടക്കിവാഴുന്ന താരറാണികളായിരുന്നു ശ്രീദേവിയും റാണിയുമെങ്കിലും 2013 ൽ പുറത്തിറങ്ങിയ ബോംബെ ടാക്കീസ് എന്ന ചിത്രത്തിലെ പാട്ട്ചിത്രീകരണ രംഗങ്ങളിൽ മാത്രമേ ഇരുവർക്കും ഒരുമിച്ചഭിനയിക്കാനായിട്ടുള്ളൂ. എങ്കിലും വ്യക്തിപരമായി ശ്രീദേവിയുമായി നല്ലയടുപ്പം റാണി സൂക്ഷിച്ചിരുന്നു. കണ്ണിൽ കൗതുകം നിറച്ച് ആരാധനയോടെ അവരെ നോക്കിക്കൊണ്ടിരുന്ന കൊച്ചുകുട്ടിയോടുള്ള വാത്സല്യമായിരുന്നു എന്നും ശ്രീദേവിക്ക് തന്നോടെന്നുമുണ്ടായിരുന്നതെന്നും റാണി മുഖർജി ഓർക്കുന്നു.

ഫെബ്രുവരിയിലാണ് ആരാധകരെയാകെ ദുഖത്തിലാഴ്ത്തി 54–ാം വയസ്സിൽ ശ്രീദേവി മരണമടഞ്ഞത്. ബന്ധുവിന്റെ വിവാഹത്തിനായി ദുബായിയിൽ പോയ ശ്രീദേവിയെ അവിടുത്തെ ഹോട്ടൽ മുറിയിലെ ബാത്ത്ടബ്ബിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അന്ത്യയാത്രക്കായി ശ്രീദേവിയെ അണിയിച്ചൊരുക്കിയത് റാണിമുഖർജിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.